’96’ ഇന്ന് ടെലിവിഷനില്‍

0
78

ഇന്ന് ദീപാവലി ദിനത്തില്‍ വൈകിട്ട് 6:30 യ്ക്ക് ’96’ സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യപ്പെടുമ്ബോള്‍ നായിക തൃഷയടക്കം നിരവധി സിനിമാപ്രേമികളുടെ അപേക്ഷകള്‍ കൂടിയാണ് കേള്‍ക്കപ്പെടാതെ പോവുന്നത്. ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി ഓടികൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ദീപാവലി ദിനത്തില്‍ നടത്തരുതെന്നും ചിത്രത്തിന് കുറച്ചു കൂടി തിയേറ്റര്‍ ‘ലൈഫ്’ കൊടുക്കണമെന്നും നിരവധിയേറെ പേര്‍ ചാനലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ആവശ്യങ്ങളോ അപേക്ഷകളോ ഒന്നും ഗൗനിക്കാതെ ചാനല്‍, ’96’ ഇന്ന് വൈകിട്ട് ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.

ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ’96’ തെന്നിന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരുടേയും സിനിമാ നിരൂപകരുടേയും പ്രശംസ നേടിയ, നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കഥാപാത്രങ്ങളായ ജാനുവും റാമും ഉണ്ടാക്കിയ ഓളം ഒട്ടും ചെറുതല്ല. അതിനിടയിലാണ് ദീപാവലി ദിനത്തില്‍ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ സംഘടിപ്പിക്കാന്‍ സണ്‍ ടിവി ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. റിലീസ് ചെയ്ത് ഒരു മാസം മാത്രം പൂര്‍ത്തിയായ വേളയിലാണ് ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിക്കപ്പെടുന്നത്. വിജയകരമായി ഓടി കൊണ്ടിരിക്കുന്ന ഒരു ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുന്ന അത്തരമൊരു തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന അപേക്ഷയുമായി ചാനലിന്റെ തീരുമാനത്തിനെതിരെ ഏറേപ്പേര്‍ രംഗത്തുവന്നിരുന്നു.

ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ചിത്രത്തിലെ നായിക തൃഷയും ആവശ്യപ്പെട്ടിരുന്നു. ചിത്രം റീലീസ് ചെയ്ത് വെറും അഞ്ചാഴ്ച മാത്രം ആയിരിക്കുമ്ബോള്‍ തിയേറ്ററുകളില്‍ 80 ശതമാനത്തോളം പ്രേക്ഷകരുമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്ന് തൃഷ പറഞ്ഞു. ഇത് ന്യായമല്ലെന്നും ചിത്രം പൊങ്കലിന് പ്രദര്‍ശിപ്പിക്കണമെന്നാണ് അപേക്ഷിക്കുന്നതെന്നും തൃഷ ട്വീറ്റ് ചെയ്തിരുന്നു. തൃഷയുടെ അപേക്ഷയോട് സണ്‍ ടിവി പ്രതികരിച്ചില്ലെന്നു മാത്രമല്ല, ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു. ദീപാവലി ദിന പ്രത്യേക സിനിമയായാണ് ’96’ പ്രദര്‍ശിപ്പിക്കുന്നത്.