ഐ ലവ് യൂ എന്നല്ല, നമുക്ക് കല്യാണം കഴിച്ചാലോ എന്ന് നേരെയങ്ങ് ചോദിച്ചു’; തന്റെ പ്രണയകാലത്തെ കുറിച്ച്‌ വിജയ് സേതുപതി

0
108

അഭിനയ മികവു കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ അനിഷേധ്യമായ സ്ഥാനം നേടിയെടുത്ത നടനാണ് വിജയ് സേതുപതി. സിനിമയില്‍ തിളങ്ങിയ നായകന്മാരുടെ സൗന്ദര്യമൊന്നും തനിക്കില്ലായിരുന്നതിനാല്‍ സിനിമാജീവിതം എങ്ങിനെയാകുമെന്ന് ഓര്‍ത്ത് വിഷമിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളോളം ജുനിയര്‍ ആര്‍ട്ടിസ്റ്റായി കഷ്ടപ്പെട്ട അദ്ദേഹം ഒരിക്കല്‍ പോലും മികച്ച നടനാവുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയില്ല. ആ ആത്മാര്‍ത്ഥത കൊണ്ട് തന്നെയാണ് മക്കള്‍ സെല്‍വന്‍ എന്ന സ്‌നേഹത്തോടെ തമിഴ് പ്രേക്ഷകര്‍ അദ്ദേഹത്തെ വിളിക്കുന്നത്.

പണം സമ്ബാദിക്കാനുള്ള വഴിയായാണ് സിനിമയില്‍ അവസരം തേടിയെത്തിയതെന്ന്് വിജയ് സേതുപതി പറയുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് സേതുപതി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘സിനിമയില്‍ അഭിനയിക്കുന്നതിനോട് ഭാര്യ ജെസിക്ക് താത്പര്യമില്ലായിരുന്നു. കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുമ്ബോള്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഗള്‍ഫില്‍ ജോലി ചെയ്തിട്ട് അച്ഛന്റെ കടം കുറച്ചൊക്കെയേ വീട്ടിയിരുന്നുള്ളൂ’ സേതുപതി പറയുന്നു.

തന്റെ പ്രണയകാല സംഭവങ്ങളും സേതുപതി തുറന്നു പറഞ്ഞു. ‘എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്ബനിയിലായിരുന്നു ജോലി. അവനാണ് ജെസിയെക്കുറിച്ച്‌ പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞത്. യാഹൂ ചാറ്റ് വഴി ഞാനാണ് പ്രപ്പോസ് ചെയ്തത്. ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള്‍ ഓകെ പറഞ്ഞു. നിശ്ചയത്തിന്റെ അന്നാണ് നേരില്‍ക്കാണുന്നത്’ സേതുപതി പറഞ്ഞു.