കൂകി വിളിച്ച്‌ നാട്ടുകാര്‍, അവര്‍ കുരയ്ക്കട്ടെയെന്ന് രഹ്ന !

0
494

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്‍ടിവിസ്‌റ്റും നടിയുമായ രഹ്ന ഫാത്തിമയെ പത്തനം‌തിട്ട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ കൂകിവിളിയോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.

കന്നി മാളികപ്പുറമേ, ശരണമയ്യപ്പാ എന്ന് തുടങ്ങി നാണമുണ്ടോടി നിനക്ക് എന്ന് വരെ കൂവല്‍ ഉയര്‍ന്നു. എന്നാല്‍, തന്നെ കൂകിവിളിച്ചവരെ വിമര്‍ശിക്കാന്‍ രഹ്ന മറന്നില്ല. സ്റ്റേഷനില്‍ എത്തിച്ച രഹ്നയുടെ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ‘അവര്‍ കിടന്ന് കുരയ്ക്കട്ടെ’ എന്നായിരുന്നു രഹ്ന നല്‍കിയ മറുപടി.

ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ തീരുന്ന മതവികാരമേ അവര്‍കുള്ളു. അവര്‍ കുരയ്ക്കട്ടെ, അത് അവരുടെ സംസ്കാരം എന്നും രഹ്ന പ്രതികരിച്ചു. ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ എത്തിയാണ് രഹ്നയെ അറസ്റ്റ് ചെയ്തത്.

ശബരിമല വിഷയത്തില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്‍ കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പരാതി.

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്താന്‍ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു. കനത്ത സുരക്ഷയൊരുക്കിയെങ്കിലും പ്രറ്റിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.