പ്രളയ ദുരന്തം 3048 കോടിയുടെ കേന്ദ്ര സഹായം

    0
    54

    പ്രളയദുരിതാശ്വാ‍സത്തിനായി കേരളത്തിന് 3048 കോടിയുടേ കേന്ദ്ര സഹായം നല്‍കാന്‍ തീരുമാനമായി. കേന്ദ്ര അധ്യന്തര മന്ത്രി രാജ്നാ‌ഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിലാണ് നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. കേന്ദ്ര ദുരിതാശ്വാസ നിധിയില്‍നിന്നുമാണ് തുക നല്‍കുക.

    പ്രളയാനന്തരം കേരളത്തിലെ പ്രളയബധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറി തല സമിതി കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്നാഥ് സിംഗിനെ കൂടാതെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി, കൃഷിമന്ത്രി രാധാമോഹന്‍സിംഗ് എന്നിവര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം എടുക്കുകയായിരുന്നു.

    രണ്ട് ഘട്ടമായി 5700 കോടിയുടെ ധനസഹായമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രം നേരത്തെ അനുവദിച്ച 600 കോടി ഇപ്പോള്‍ പ്രഖ്യാപിച്ച തുകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രളയം നാശംവിതച്ച ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.