ഞാനും പുഴുത്ത് നാറാനുള്ളതാണ്‌.

0
465

ഒടിയുന്ന അസ്ഥിയും മുറിയുന്ന ഞരമ്പും അഴുകുന്ന തലച്ചോറും.. ഇത്‌ തന്നെയാണ് ഞാനും. പൊതിഞ്ഞു പിടിച്ചതും പിടിച്ചു വാങ്ങിയതും ഒരിക്കൽ എന്റേതല്ലാതാകും. മണൽതരികൾ പോലും എന്റെ തൊലി ചീയുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കും. അഹങ്കരിച്ചതും അടക്കി ഭരിച്ചതും ആർക്ക് വേണ്ടിയെന്ന് ചിന്തിക്കുമ്പോഴേക്കും എന്റെ ചില്ലകൾ ഒടിഞ്ഞിരിക്കും.

കാലം തെറ്റി പെയ്തൊരു മഴയത്ത് ഞാനും കടപുഴകി വീണിരിക്കും. കണ്ണുണ്ടായിട്ടും കാണാതെ പോയതൊക്കെ എന്റെ കണക്കു പുസ്തകത്തിൽ തെളിയും. അപ്പോഴേക്കും എന്റെ കണ്ണുകളിൽ ആണി തറച്ചിരിക്കും. എന്റെ മാംസം വെന്തു തുടങ്ങിയിരിക്കും. ആർത്തിയോടെ കണ്ണും കാതും കൊത്തി വലിക്കുന്ന കഴുകന്മാരെ നോക്കി ഞാൻ കെഞ്ചും. ഇല്ല… സഹതാപം അർഹിക്കുന്ന സമയം പണ്ടേ കഴിഞ്ഞു. അറച്ചു മാറി നിന്ന മണ്ണിരകൾ പോലുമെന്റെ ചലം ഊറ്റി കുടിക്കും. ഞാൻ ഇന്നൊരു മനുഷ്യനല്ല… പിണ്ഡമല്ല… ജഡം പോലുമല്ല… വെറും അഴുകി ദ്രവിച്ച ഒരു ദ്രാവകം മാത്രം .

4 2