നടൻ

0
368

പച്ചയിൽ രാജനായാടിത്തിമിർത്തു
കത്തിയിലന്നങ്ങു ദൈത്യനായാടി
താടിയിലുഗ്രനാം രാക്ഷസനായി
കരിയിൽ മാമുനി രൂപവും പൂണ്ടു

ആട്ടവുംപാട്ടുമായേറെ നടന്നു
ശൃംഗാരം ഹാസ്യം രൗദ്രം കരുണം
വീരം ഭയാനകം ഭീഭത്സമത്ഭുതം ശാന്തം
നവരസമെത്രയോ വേദിയിലാടി.

പച്ച മനയോല ചാന്തുതേച്ചുപിടിപ്പിച്ച്
കൃഷ്ണനായ് ,നളനായന്നങ്ങുരാമനുമായി
വെള്ളമനയോലയിൽ മുക്കണ്ണനായി
ബലരാമനായന്നു ബ്രഹ്മാവുമായി

കത്തിവേഷത്തിലസുരനായ് മാറി
അലറി വിളിച്ചന്നു വേദി കുലുക്കി
കുറുംകത്തിയിൽ കീചക വേഷമാടി
നെടുംകത്തിയിലന്നങ്ങു ദ്വാപരനായി

കരിയിലന്നങ്ങു ക്രൂരത പൂണ്ടു
ആടകളൊക്കെ കറുപ്പാക്കി മാറ്റി
പൂതന പെൺകരിവേഷത്തിലാടി
ആൺ കരിവേഷത്തിൽ കാട്ടാളനായി

വീതിയിലൊട്ടിച്ചു ചേർത്തൊരു താടി
ദുശ്ശാസനനായ് ചുവന്നൊരു താടിയിൽ
രാമനുഭക്തനാം ബാലി സുഗ്രീവനായി
വെള്ളത്താടിയിൽ വാനര വീരനായി

മഞ്ഞ ചുവപ്പിന്റെ മനയോല കൂട്ടിൽ
മിനുക്കിൽ മാമുനിയായി മാറി
തലയിലൊരുനല്ലകൊണ്ടയും കെട്ടി
നാരീ വേഷങ്ങളെമ്പാടുമാടി .

കണ്ണ് പുരികം കവിൾത്തടം ചുണ്ട്
കണ്ണിണയിൽ ഭാവമെത്രയുന്നർന്നു
കൈത്തലമേറെ മുദ്രകൾ കാട്ടി
കാണികളെയേറെ കോരിത്തരിപ്പിച്ചു.

പേശികളൊക്കെ തളർന്നിതാ പോകുന്നു
വേഷമഴിച്ചൊരുപച്ച മനുഷ്യനായ് മാറേണം
രാസപദാർത്ഥത്തിൻ ശേഷിപ്പായ് കാണാം
അഴിയാത്ത കരിവേഷം വദനത്തിൽ
ചിന്തകൾക്കൊക്കെ ജരാനര വീണെല്ലോ
കരചരണാദികൾ വാർദ്ധക്യ പീഡയിൽ
കർണ്ണങ്ങൾ കൊട്ടിയടയ്ക്കട്ടേ ഞാനും
ചെണ്ടതൻ ശബ്ദം കേൾക്കേണ്ടിനിയും .

#‎ലിജീഷ്‬ പള്ളിക്കര.

Lijeesh Pallikkara
Lijeesh Pallikkara