ഒരേ സമയം രണ്ട് പ്രസവം, ഇന്ത്യാ മഹാരാജ്യത്തു നിന്നും ഒരു നാണം കെട്ട കഥ

0
887

ഒരേ സമയം രണ്ട് പ്രസവം; ആൺകുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് അമ്മമാർക്കും ഒരേ പിടിവാശി; പിറന്ന് നാല് ദിവസമായിട്ടും രണ്ട് കുഞ്ഞുങ്ങൾക്കും പാലുപോലും കൊടുക്കാതെ അമ്മമാർ! ഇന്ത്യാ മഹാരാജ്യത്തു നിന്നും ഒരു നാണം കെട്ട കഥ.
ഹൈദരാബാദ്: പിറന്നിട്ട് നാലുദിവസമായെങ്കിലും അമ്മയുടെ ചൂടേറ്റുകിടക്കാനോ അമ്മിഞ്ഞപ്പാൽ നുണയാനോ കഴിയാതെ പ്രത്യേക പരിചരണമുറിയിൽ രണ്ട് കുരുന്നുകൾ. പ്രസവവിവരം ബന്ധുക്കളെ അറിയിച്ച നഴ്‌സുമാരുടെ പിഴവാണ് പ്രശ്‌നങ്ങൾക്ക് കാരണം. സിനിമാക്കഥയെ തോൽപ്പിക്കുന്ന സംഭവങ്ങളാണ് ഹൈദരാബാദിലെ സുൽത്താൻ ബസാറിലുള്ള കോട്ടി സർക്കാർ ആശുപത്രിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

രമാദേവി(20), രജിത(22) എന്നിവർക്ക് മിനുട്ടുകളുടെ വ്യത്യാസത്തിലായിരുന്നു പ്രസവം. ഇരുവർക്കും സിസേറിയൻ. ആദ്യ നടന്നത് രമയുടേതായിരുന്നു. പിറന്നത് ആൺകുട്ടി. നഴ്‌സുമാർ വിവരമറിയിക്കാൻ ലേബർറൂമിന് പുറത്തെത്തി. രമയുടെ ബന്ധുക്കളെ അന്വേഷിച്ചപ്പോൾ എത്തിയത് രജിതയുടെ അമ്മയും ആന്റിയുമായിരുന്നു. ആൺകുഞ്ഞെന്നറിയിച്ചു. ബന്ധുക്കൾ മാറിയ വിവരം നഴ്‌സുമാർ അറിഞ്ഞില്ല. രജിതയ്ക്ക് പെൺകുഞ്ഞു പിറന്നത് അറിയിക്കാനെത്തിയപ്പോൾ പ്രശ്‌നമായി. രജിതയുടെ ബന്ധുക്കളും ഇത് സമ്മതിച്ചില്ല.
ആൺകുട്ടിയെ വേണമെന്ന് രണ്ടമ്മമാരും ആവശ്യപ്പെട്ടതോടെ ഡി.എൻ.എ. ടെസ്റ്റ് നടത്തി യഥാർഥ അമ്മയെ കണ്ടെത്തി നൽകേണ്ട ഗതികേടിലായി അധികൃതർ. പെൺകുഞ്ഞിന് പാൽ നൽകാൻ അമ്മയായ രജിത തയ്യാറല്ല. നാലുദിവസമായി പാലൂട്ടാത്തതിൽ ഇവർക്ക് ബുദ്ധിമുട്ടുകളുണ്ട്. ആൺകുട്ടിയാണെന്നാണ് ആദ്യമറിയിച്ചത്. പിന്നെങ്ങനെ പെൺകുട്ടിക്കു പാലുകൊടുക്കുമെന്നാണ് ഇവരുടെ ചോദ്യം.

രമാദേവിക്ക് സ്വന്തം കുഞ്ഞിനെ കിട്ടണമെന്നേയുള്ളൂ. അവനെ ഒന്ന് അടുത്തു കിടത്താൻപോലും ഇതുവരെ ആയിട്ടില്ലെന്ന് അവർ പരാതിപ്പെടുന്നു. താൻ ജന്മംനൽകിയത് ആൺകുട്ടിക്കാണ്. അത് പെൺകുട്ടിയായിരുന്നെങ്കിലും സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നുവെന്ന് രമാദേവി പറഞ്ഞു. ഡിഎൻഎ പരിശോധനാ ഫലം കിട്ടിയാൽ മാത്രമേ ഈ തർക്കത്തിന് ഇനി അവസാനമുണ്ടാകൂ.