”നഗ്നയായ ഒരു സ്ത്രീ നിനക്കു മുൻപിലെത്തിയാൽ നീ എന്ത് ചെയ്യും??”

0
942

”നഗ്നയായ ഒരു സ്ത്രീ നിനക്കു മുൻപിലെത്തിയാൽ നീ എന്ത് ചെയ്യും??”
നാട്ടിലെ അറിയപ്പെടുന്ന ചേട്ടന്മാരുടെ സൗഹൃദകൂട്ടായ്മയിൽ അംഗമാകണമെന്ന മോഹവുമായി എത്തിയ ഞാൻ എന്ന എട്ടാം ക്ലാസ്സുകാരനോട് കൂട്ടത്തിലെ നേതാവ് ചോദിച്ച ചോദ്യമായിരുന്നു അത്…പത്താംക്ലാസുകാരും പന്ത്രണ്ടാംക്ലാസുകാരും മാത്രമുള്ള ആ പൊടിമീശ കൂട്ടായ്മയിൽ അംഗമാകാനുള്ള ഏറെ നാളത്തെ മോഹമാണ് ആ ചോദ്യത്തിന് മുൻപിൽ കുടുങ്ങി നിൽക്കുന്നത്…

സത്യത്തിൽ ആ ചോദ്യത്തിന്റെ പ്രസക്തിയെന്താണ്.. ഞാൻ ആഗ്രഹിച്ചത് അവരുടെ സൗഹൃദമായിരുന്നു… അവിടെ ഒരു സ്ത്രീയുടെ നഗ്നതക്കെന്ത് പ്രാധാന്യം???ഇതുവരെയുള്ള ജീവിതത്തിൽ നിന്നും, പെണ്ണിന്റെ മാനം കാക്കേണ്ടത് ഒരു പുരുഷന്റെ കടമയാണെന്ന പാഠം ഉൾക്കൊണ്ടുതന്നെ ഞാൻ തലയുയർത്തി അവരെ നോക്കി…
”ഞാൻ എന്റെ വസ്‌ത്രമഴിച്ചു അവർക്ക് നൽകും…”

എന്റെ മറുപടിയിൽ അവർ പരസ്പരം മുഖത്തോടു മുഖം നോക്കി… ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം ഒരുമിച്ചവർ ആർത്തു ചിരിക്കുമ്പോൾ കാര്യമെന്തന്നറിയാതെ ഞാൻ മിഴിച്ചു നിന്നു…നിന്റെ മനസ്സിപ്പോഴും നിഷ്കളങ്കമാണ്… നിനക്ക് കൂട്ടുകൂടാൻ ദാ ആ കാണുന്നവർ തന്നെയാണ് നല്ലത്…”അകലെ പറമ്പിൽ കണ്ണുപൊത്തിക്കളിച്ചുകൊണ്ടിരിക്കുന്ന പൈതങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ആ നേതാവ് പറയുമ്പോൾ കൂടെ നിന്നവരുടെ അട്ടഹാസം ഉയർന്നുകൊണ്ടേയിരുന്നു…ഞാൻ പറഞ്ഞതിലെന്താണ് തെറ്റ്???”
കാര്യമെന്തന്നറിയാനുള്ള ആവേശത്തോടെ ഞാൻ ചോദിച്ചു…

സ്ത്രീയുടെ നഗ്നത ആസ്വദിക്കാനുള്ളതാണ്… അത് തിരിച്ചറിയുന്ന പ്രായമാകുമ്പോൾ നിനക്ക് വരാം ഞങ്ങളോടൊപ്പം….”അവൻ അത് പറയുമ്പോൾ പുറകിലിരുന്നവരുടെ കണ്ണുകൾ വഴിയേ പോകുന്ന സ്ത്രീകളിലേക്കായിരുന്നു… ഒളിച്ചും പതുങ്ങിയും അവരുടെ കണ്ണുകൾ ആ ശരീരങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു….തിരിച്ചു നടക്കുമ്പോൾ മനസ്സുമുഴുവൻ നൂറുനൂറു സംശയങ്ങളായിരുന്നു… സ്ത്രീയുടെ ശരീരത്തിൽ ആസ്വദിക്കാൻ മാത്രം എന്തിരിക്കുന്നു…ഞാൻ കണ്ടിട്ടുണ്ട്,, കുഞ്ഞിപ്പെങ്ങളെ പാലൂട്ടുന്ന അമ്മയെ… മകനെപ്പോലെ ചേർത്തുപിടിക്കുന്ന അയലത്തെ ചേച്ചിയമ്മയെ… കുളക്കടവിൽ കുളിക്കാൻ കൂട്ടുവരുന്ന കളികൂട്ടുകാരിയെ…

പക്ഷേ ഒരിക്കൽ പോലും അവരുടെ ശരീര സൗന്ദ്യര്യത്തിലേക്ക് എന്റെ കണ്ണുകൾ ശ്രദ്ധ ചെലുത്തിയിരുന്നില്ല… ഞാൻ പഠിച്ച പാഠങ്ങളിലോ,, എന്നെ പഠിപ്പിച്ച പാഠങ്ങളിലോ സ്ത്രീ ശരീരത്തിന്റെ വർണ്ണനകൾ ഒന്നും തന്നെയില്ലായിരുന്നു…പിന്നീടും കൂട്ടുകൂടാൻ ശ്രമിച്ചപ്പോൾ പല ആവർത്തി അവൻ ഇതേ ചോദ്യമാവർത്തിച്ചു..
അന്നും എന്റെ മറുപടി അതുമാത്രമായിരുന്നു…ഞാൻ എന്റെ വസ്‌ത്രമഴിച്ചു അവർക്ക് നൽകും…”

പക്ഷേ, വർഷങ്ങൾക്കിപ്പുറം ഇന്ന്, എന്റെ മുൻപിൽ നിറ കണ്ണുകളോടെ കൈകൂപ്പി നിൽക്കുന്ന അവന്റെ കണ്ണുകളിൽ ആ ചോദ്യമില്ല…. പകരം ഒരുവാക്കിൽ ഒതുങ്ങാത്ത നന്ദിയും കടപ്പാടും മാത്രം…
അല്ലെങ്കിലും സ്വന്തം പെങ്ങളെ പിച്ചിച്ചീന്താൻ ശ്രമിച്ച കഴുകന്മാരിൽ നിന്നും രക്ഷപ്പെടുത്തുന്നവനോട് ഒരാങ്ങളക്കെന്നും നന്ദിയും കടപ്പാടും മാത്രമല്ലേ തോന്നുകയുള്ളൂ….ആ ആശുപത്രി വരാന്തയിൽ കൂടിനിന്നവരെല്ലാം അർദ്ധനഗ്നനായി നിന്നിരുന്ന എന്നെനോക്കി അടക്കം പറയുന്നുണ്ടായിരുന്നു… ..

ദേ ഇയാളാണ്… വഴിയിൽ വെച്ചു ആരോ പിച്ചിച്ചീന്താൻ ശ്രമിച്ച ആ കുട്ടിയെ രക്ഷപ്പെടുത്തിയത്…”
അതെ… പെണ്ണിന്റെ മേനിയിൽ കാമം മൂത്ത കണ്ണുകൾ വഴിയേ പോയിരുന്നവളെ കയറിപ്പിടിച്ചപ്പോൾ,, അവളെ അർദ്ധ നഗ്നയാക്കിയപ്പോൾ, നോക്കി നിന്നവർക്കും ക്യാമറയിൽ പകർത്തിയവർക്കും ഞാനിന്നൊരു അത്ഭുതജീവിയാണ്… കാരണം എന്റെ നഗ്നത മറന്നുകൊണ്ട് ഞാനവൾക്കെന്റെ വസ്ത്രമഴിച്ചു കൊടുത്തിരിക്കുന്നു….

പക്ഷേ നഗ്നനായ എന്റെ ശരീരം പകർത്താൻ ക്യാമറകളുണ്ടായിരുന്നില്ല… ആസ്വദിക്കാൻ കണ്ണുകളുമുണ്ടായിരുന്നില്ല… പകരം രൂക്ഷമായി എന്നെ നോക്കി ആരൊക്കെയോ പിറുപിറുത്തു…
ഒന്നും ശരിക്കും കാണാൻ കഴിഞ്ഞില്ല പോലും…’ശരിയാണ്… പെണ്ണിന്റെ നഗ്നത ആസ്വദിക്കാൻ കൊതിക്കുന്നവർക്കിടയിൽ ഞാൻ ചെയ്തത് വലിയൊരു തെറ്റ് തന്നെയായിരുന്നു…

ആശുപത്രിയിലേക്ക് ഓടികൂടുന്നവരുടെ കണ്ണുകളും അകത്തെ മുറിയിലേക്കായിരുന്നു… ആ കണ്ണുകളിലൊന്നും കരുണയോ സഹതാപമോ ആയിരുന്നില്ല… പകരം എന്തിനൊക്കെയോ വേണ്ടിയുള്ള ആകാംക്ഷ മാത്രം…
കൂടി നിന്നവരെ തള്ളി നീക്കികൊണ്ട് പുറത്തേക്ക് നടന്നകലുമ്പോൾ അവൻ ഒരിക്കൽ കൂടി എന്റെ അരികിലെത്തി..
പറയാതെ തന്നെ അവന്റെ പെങ്ങളെ രക്ഷിച്ചതിനുള്ള നന്ദി ആ കണ്ണുകളിൽ ഞാൻ കാണുന്നുണ്ടായിരുന്നു….
നഗ്നയായ ഒരു സ്ത്രീ നിനക്കു മുൻപിലെത്തിയാൽ എന്തു ചെയ്യുമെന്നു ഓരോ വട്ടവും നീ ചോദിക്കുമ്പോൾ എന്റെ മനസ്സിൽ തെളിയുന്നതെന്റെ അമ്മയുടെ മുഖമായിരുന്നു… നീയും ഈ സമൂഹവും ഓർക്കാതെ പോകുന്നതും അതുമാത്രമായിരുന്നു…”

പുച്ഛത്തോടെ അവനേയും ചുറ്റുമുള്ളവരേയും നോക്കിക്കൊണ്ടു പുറത്തേക്ക് നടന്നകലുമ്പോൾ, വളർന്നുവരുന്ന പുതുതലമുറക്കാർക്കിടയിലും ആ ചോദ്യം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു…
”നഗ്നയായ ഒരു സ്ത്രീ നിനക്കു മുൻപിലെത്തിയാൽ നീ എന്ത് ചെയ്യും??”