വിജയ് ബാബുവിന് എതിരായ അറസ്റ്റ് വാറന്റ് യു.എ.ഇ പോലീസിന് കൈമാറി ഇന്റര്‍പോള്‍: അറസ്റ്റ് ഉടനെ ഉണ്ടായേക്കും

യുവ നടിയുടെ പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കേരള പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം യു. എ. ഇലേയ്ക്ക് കടന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള രേഖകള്‍ ഇന്റര്‍പോള്‍ യു.…

യുവ നടിയുടെ പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കേരള പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം യു. എ. ഇലേയ്ക്ക് കടന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള രേഖകള്‍ ഇന്റര്‍പോള്‍ യു. എ. ഇ പോലീസിന് കൈമാറി. പ്രതിക്ക് എതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ മുന്നോടി ആയാണ് ഈ നടപടി.

അറസ്റ്റ് ഭയന്ന് വിജയ് ബാബു ദുബായിലേയ്ക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. താരത്തെ അസ്റ്റ് ചെയ്യുന്നതിനുള്ള വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് കൊച്ചി സിറ്റി പോലീസ് വഴി ഇന്റര്‍പോള്‍ യു. എ. ഇ പോലീസിന് കൈമാറുക ആയിരുന്നു.

അതേ സമയം, താന്‍ ബിസിനസ് ട്രിപ്പില്‍ ആണെന്നും ഈ മാസം 19 ന് ശേഷമേ തനിക്ക് ഹാജരാകാന്‍ സാധിക്കൂ എന്നും വിജയ് ബാബു നേരത്തെ അന്വേഷണ സംഘത്തോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പോലീസ് തയ്യാറായില്ല.

നടിയെ ആക്രമിച്ച കേസില്‍ താര സംഘടനയായ അമ്മയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. അമ്മയില്‍ പുരുഷ ആധിപത്യമാണെന്ന പരോഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നടിയുടെ പരാതിയില്‍ വിജയ് ബാബുവിന് എതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നടി മാല പാര്‍വ്വതി രാജി വച്ചിരുന്നു. ഇതിന് പിന്നാലെ നടി ശ്വേത മേനോനും കുക്കു പരമേശ്വരനും സെല്ലില്‍ നിന്നും രാജി സമര്‍പ്പിച്ചിരുന്നു.

അതേ സമയം, സിനിമാ മേഖലയിലെ വനിതാ താരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള വാക്ക് പോര് തുടരുകയാണ്. റിപ്പോര്‍ട്ട് പുറത്തു വിടില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന ആവശ്യവുമായി ഡബ്ല്യു സി സി രംഗത്തെത്തി. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഹേമ കമ്മിറ്റി നിര്‍ദ്ദേശം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഡബ്ല്യു സി സി വ്യക്തമാക്കി.