‘നിവിന്റെ ബുദ്ധിമുട്ട് ഞാന്‍ നേരിട്ടു കണ്ടതാണ്, മുടി കാരണം കാരവന്‍ മാറ്റേണ്ട അവസ്ഥ വന്നു’ ആസിഫ് അലി

എബ്രിഡ് ഷൈന്‍ നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മഹാവീര്യറിന്റെ പ്രൗഢഗംഭീരമായ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ഫിക്ഷനും ഫാന്റസിയുമൊക്കെയായി കൗതുകം നിറഞ്ഞ ഒരു സിനിമയാണ് മഹാവീര്യര്‍. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ പറ്റി നിവിനും ആസിഫും ചടങ്ങില്‍ സംസാരിച്ചു.

ചിത്രത്തിന് വേണ്ടി വിഗ് വച്ചുള്ള അഭിനയം ഭയങ്കര പാടായിരുന്നുവെന്ന് നിവിന്‍ പറയുന്നു. നല്ല വെയ്റ്റ് ഉള്ള വിഗ് ആയിരുന്നു. ഏറ്റവും മികച്ച വിഗ് വേണമെന്ന് ഷൈന്‍ ചേട്ടന് ഭയങ്കര നിര്‍ബന്ധമായിരുന്നു. എവിടുന്നോ തപ്പിപ്പിടിച്ച് നല്ല ഭാരമുള്ള വിഗ് കൊണ്ടുവന്നു. കുറെ മാറ്റിയിട്ടാണ് ഇത് ഷൂട്ട് ചെയ്തത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇത് തലയില്‍ വച്ച് ഇരിക്കണം. എപ്പോഴും തലയില്‍ വച്ചോണ്ടിരിക്കാനും പറ്റില്ല. എടുത്താല്‍ തിരിച്ചു വയ്ക്കാന്‍ ഭയങ്കര പാടാണ്. കോസ്റ്റ്യൂംസിനും ഒരുപാട് ലെയറുകളുണ്ട്. ബുദ്ധിമുട്ടായിരുന്നു. പക്ഷേ എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്ത സിനിമയാണെന്നും നിവിന്‍ പറഞ്ഞു.

അതേസമയം വിഗ് വച്ചുള്ള നിവിന്റെ ബുദ്ധിമുട്ട് താന്‍ നേരിട്ടു കണ്ടതാണെന്ന് ആസിഫ് അലി പറഞ്ഞു. ”നിവിന്റെ ബുദ്ധിമുട്ട് ഞാന്‍ നേരിട്ടു കണ്ടതാണ്. മുടി കാരണം കാരവന്‍ മാറ്റേണ്ട അവസ്ഥ വന്നു. ആദ്യത്തെ കാരവന്‍ മാറ്റി, കുറച്ച് കൂടി പൊക്കമുള്ള കാരവന്‍ കൊണ്ടുവന്നുവെന്നും ആസിഫ് പറഞ്ഞു.

കൊച്ചിയില്‍ നടന്ന പരിപാടിയില്‍ നിവിന്‍ പോളി, ആസിഫ് അലി, ഏബ്രിഡ് ഷൈന്‍, ലാലു അലക്‌സ്, ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയ താരങ്ങളുണ്ടായിരുന്നു.

Previous articleനടി അപൂര്‍വ്വ ബോസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വീഡിയോ
Next articleദുര്‍ഗയുടെ ലിപ് ലോക്ക്; നട്ടെല്ലിന്റെ ബലം ചോദിച്ചവരോട് ഭര്‍ത്താവ് അര്‍ജുന് പറയാനുള്ളത്