ഉജ്ജ്വലമായ അണ്ടര്‍വാട്ടര്‍ യുദ്ധ രംഗങ്ങളുമായി അവതാറിന്റെ ട്രെയിലര്‍ എത്തി

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ജെയിംസ് കാമറൂണിന്റെ അവതാര്‍ 2′ (അവതാര്‍: ദ് വേ ഓഫ് വാട്ടര്‍) ന്റെ ട്രെയിലര്‍ എത്തി. നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അദ്ഭുതപ്പെടുത്തിയ…

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ജെയിംസ് കാമറൂണിന്റെ അവതാര്‍ 2′ (അവതാര്‍: ദ് വേ ഓഫ് വാട്ടര്‍) ന്റെ ട്രെയിലര്‍ എത്തി. നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂണ്‍ ഇത്തവണയും പതിവു തെറ്റിക്കുന്നില്ലെന്ന് വ്യക്തം. ചിത്രം ഈ വര്‍ഷം ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുമെന്ന് നൂറ് ശതമാനമുള്ള ഉറപ്പിന് ബലം കൂട്ടുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ട്രെയിലറും.

കാമറൂണും ജോണ്‍ ലാന്‍ഡൗവും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, സിഗോര്‍ണി വീവര്‍, സ്റ്റീഫന്‍ ലാങ്, ക്ലിഫ് കര്‍ട്ടിസ്, ജോയല്‍ ഡേവിഡ് മൂര്‍, CCH പൗണ്ടര്‍, എഡി ഫാല്‍ക്കോ, ജെമൈന്‍ ക്ലെമന്റ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവര്‍ അഭിനയിക്കുന്നു.

2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താന്‍ സാധിച്ചില്ല.

അവതാര്‍ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നു.

അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍ പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. ഉഷ്ണമേഖലാ ബീച്ചുകളും പാന്‍ഡോറ തീരങ്ങളും ഒരു കടല്‍ത്തീര സ്വര്‍ഗമായി ചിത്രത്തില്‍ വിവരിക്കപ്പെടുന്നു.