‘ഈ വാനമ്പാടിയെ പലപ്പോഴും നമസ്‌കരിക്കാന്‍ തോന്നിയിട്ടുണ്ട്’ ചിത്രയെ കുറിച്ച് ഭദ്രന്‍

മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. പുതിയ സാങ്കേതിക…

മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. പുതിയ സാങ്കേതിക മികവില്‍ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രന്‍. ഈ അവസരത്തില്‍ ചിത്രത്തിലെ ഹിറ്റ് ഗാനമായ ഏഴിമലപ്പൂഞ്ചോല വീണ്ടും റെക്കോര്‍ഡ് ചെയ്ത അനുഭവം പങ്കിടുകയാണ് സംവിധായകന്‍ ഭദ്രന്‍. ‘ആദ്യമായി ബാലപാഠം പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിയുടെ ഉത്സാഹത്തോടെ, 27 വര്‍ഷം പഴക്കമുള്ള ഒരു സിനിമയിലെ പാട്ടുകള്‍ പാടാന്‍ 10 ദിവസത്തെ വോയ്‌സ് റെസ്റ്റ് എടുത്തുവന്ന ചിത്രയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഭദ്രന്റെ കുറിപ്പ്

എത്ര ഉയരത്തില്‍ പറന്നാലും, തിരിച്ചു വന്നിരിക്കേണ്ട മരക്കൊമ്പിനെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ള ഈ വാനമ്പാടിയെ പലപ്പോഴും നമസ്‌കരിക്കാന്‍ തോന്നിയിട്ടുണ്ട്.
ആദ്യമായി ബാലപാഠം പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിയുടെ ഉത്സാഹത്തോടെ, 27 വര്‍ഷം പഴക്കമുള്ള ഒരു സിനിമയിലെ പാട്ടുകള്‍ പാടാന്‍ 10 ദിവസത്തെ വോയ്‌സ് റെസ്റ്റ് എടുത്ത് ആ പഴയ ശബ്ദത്തിലെ dynamics ഒന്നും ചോര്‍ന്നു പോവാതെ പാട്ടുകളില്‍ കൊണ്ട് വന്ന സൂക്ഷ്മത, കാര്‍മുകില്‍ വര്‍ണ്ണനെ നെഞ്ചിലും നാവിലും ഇന്നും സൂക്ഷിക്കുന്നതിന്റെ പ്രതിഫലനമായി കരുതണം.
കൂട്ടത്തില്‍ ഒരാളെ കുറിച്ചുകൂടി പറഞ്ഞാലേ പൂര്‍ണമാവൂ….
ഒരിക്കല്‍ സൃഷ്ടിക്കപ്പെട്ട സിനിമയുടെ സംഗീതം, അടച്ചിട്ട മുറിയില്‍ ആഴ്ചകളോളം ഒറ്റയ്ക്കിരുന്ന് നൊട്ടേഷന്‍ എടുത്ത് അത് അതേ പടി തന്നെ ഈ കാലഘട്ടത്തിലേക്ക് recreate ചെയ്ത് തരുവാന്‍ എസ് പി വെങ്കിടേഷ് കാണിച്ച ഉത്സാഹവും ഭക്തിയും വിസ്മരിക്കാനാവില്ല…
സ്‌നേഹത്തോടെ
ഭദ്രന്‍

അതേസമയം പാട്ട് റെക്കോര്‍ഡ് ചെയ്തതിനെ കുറിച്ച് ചിത്രയും പോസ്റ്റിട്ടിരുന്നു. ‘കഴിഞ്ഞ സൺ‌ഡേ (24-4-2022) എന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു. മറ്റൊന്നുമായിരുന്നില്ല, 27 വർഷം മുമ്പ് ഞാൻ പാടിയ ‘സ്‌ഫടികം’ സിനിമയിലെ മൂന്ന് പാട്ടുകൾ അതേ ഭാവത്തിലും രൂപത്തിലും ശബ്‍ദത്തിലും പുനർജ്ജനിപ്പിക്കുക !!   3 വർഷം മുൻപ് ഭദ്രൻ സർ  എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായ ഒരു കണ്ടുമുട്ടലിൽ ഇത് പറഞ്ഞപ്പോൾ ഞാൻ വലിയ ഒരു വിഷമ വൃത്തത്തിൽ ആയി പോയി. അന്നത്തെ ഉർവശിയുടെയും സിൽക്ക് സ്മിതയുടെയും ചെറു പ്രായത്തിൽ സംഭവിച്ച ഒരു സിനിമ, ഇന്ന്   പുതിയ സാങ്കേതിക മികവിൽ തിയേറ്ററുകളിൽ എത്തുമ്പോൾ ആ പാട്ടുകളിലെ ശബ്ദത്തിനും കോട്ടം തട്ടരുതല്ലോ…  പിന്നീട് അദ്ദേഹം തന്ന പ്രോത്സാഹനവും ധൈര്യവും എന്ത് കൊണ്ട് ഒന്ന് ശ്രമിച്ചു കൂടാ എന്ന് എന്നെ ചിന്തിപ്പിച്ചു. അതിന്റെ പുനർസൃഷ്ടിയിൽ അദ്ദേഹത്തിന്റെ  സാന്നിധ്യം കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ഒരു ധൈര്യത്തിൽ എന്റെ ഈശ്വരനെ ധ്യാനിച്ച് അങ്ങ് പാടി !! ആ പാട്ടുകളുടെ രസതന്ത്രം ചോർന്നു പോവാതെ അതിന്റെ പല സ്ഥലങ്ങളിലും നേരത്തെ പാടിയതിലും ‘പൊളിച്ചിരിക്കുന്നു ‘ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.

https://www.youtube.com/watch?v=ZHZ7yj21bSE

മോഹൻലാൽ സാറിന്റെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടെ ഒരിക്കൽക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്. സ്ഫടികത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്കിയിരിക്കുന്നത് മലയാളത്തിലെ ഹിറ്റ്‌ മേക്കർ കൂടിയായ എസ് പി വെങ്കിടേഷ് സാറ് ആണല്ലോ. കുറച്ചു നാളുകൾക്കു ശേഷം എസ് പി വെങ്കടേഷ് സാറിന്റെ കൂടെ ഒരു റെക്കോർഡിങ് സെഷൻ കൂടി. പി ഭാസ്കരൻ മാസ്റ്റർ ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം രചിച്ചിരിക്കുന്നത്. ഇനി കേട്ട് വിലയിരുത്തേണ്ടവർ നിങ്ങളാണ്… എന്നെ സ്നേഹിക്കുന്നവർക്ക് കൂടി വേണ്ടിയുള്ള ഒരു സമർപ്പണമായി ഇത് തീരട്ടെ …’സ്‌ഫടികം റീലോഡ് ‘,  4K  അറ്റ്മോസിൽ പാട്ടുകളും പടവും, മലയാളികൾ എക്കാലവും ഹൃദയത്തിൽ കൊണ്ട് നടന്ന ഈ ചലച്ചിത്രം ഒരു അനുഭവമായി മാറട്ടെ.- ചിത്ര പറയുന്നു.