‘സംഗതികള്‍ ഇത്രയും വഷളായ സ്ഥിതിക്ക് ഒരു സെല്‍ഫി എടുക്കാതെ ഒരു പടി മുന്നോട്ടില്ല എന്ന തീരുമാനത്തില്‍ മൂവരും എത്തി’ ബാലചന്ദ്ര മേനോന്‍

ഭാവഗായകന്‍ ജയചന്ദ്രനേയും നടി നവ്യ നായരേയും അപ്രതീക്ഷിതമായി കണ്ടതിനെ കുറിച്ച് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
‘വിഷു ആഘോഷം ചുറ്റും നടക്കുമ്പോഴും ഞാന്‍ പതിവ് പോലെ രാവിലെ പത്തു മണിക്ക് ക്രൗണ്‍ പ്ലാസയില്‍ എത്തുമ്പോള്‍ , അവിടെ കണി കാണുന്നത് മലയാളത്തിന്റെ ഭാവഗായകനായ ജയചന്ദ്രനെ …..പ്രായത്തിന്റെ വിലക്കുകളെയെല്ലാം വെല്ലു വിളിച്ചു കൊണ്ട് ഒരു ന്യൂ ജെന്‍ ഹാവഭാവത്തില്‍ സാക്ഷാല്‍ ജയചന്ദ്രന്‍’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിഷു ആഘോഷം ചുറ്റും നടക്കുമ്പോഴും ഞാൻ പതിവ് പോലെ രാവിലെ പത്തു മണിക്ക് ക്രൗൺ പ്ലാസയിൽ എത്തുമ്പോൾ , അവിടെ കണി കാണുന്നത് മലയാളത്തിന്റെ ഭാവഗായകനായ ജയചന്ദ്രനെ …..പ്രായത്തിന്റെ വിലക്കുകളെയെല്ലാം വെല്ലു വിളിച്ചു കൊണ്ട് ഒരു ന്യൂ ജെൻ ഹാവഭാവത്തിൽ സാക്ഷാൽ ജയചന്ദ്രൻ …
ഞൊടിയിട കൊണ്ട് എത്രയോ സംഗമങ്ങൾ എന്റെ മനോമുകുരത്തിൽ തെളിഞ്ഞു …..
മദിരാശി മഹാലിംഗപുരത്തെ അയ്യപ്പൻ കോവിൽ ചെണ്ടയടിച്ചു തകർക്കുന്ന ജയൻ ….(എന്നേക്കാൾ പത്തു വയസ്സിനു മീതെ പ്രായമുണ്ടെങ്കിലും പാടിക്കേട്ട പാട്ടുകളുടെ ചെറുപ്പം കാരണം ജയചന്ദ്രൻ എനിക്കെന്നും ജയൻ ആയി മാറി .)
കോളേജിൽ പഠിക്കുമ്പോൾ ഗായകൻ ജയചന്ദ്രന്റെ ‘കട്ട ‘ ഫാൻ ആയിരുന്നു ഈയുള്ളവൻ. സംവിധായകനായി മദിരാശി ഹോട്ടൽ പാംഗ്രൊവിൽ താമസിക്കുമ്പോഴും ഞാനുണ്ടന്നറിഞ്ഞാൽ പ്രാതൽ കഴിക്കാനെത്തുന്ന ജയൻ എന്റെ മുറിയിൽ എത്തും ….പിന്നീട് ഒരു ഗാനോത്സവമാണ് ..പാട്ടു ഓരോന്നായി ഞാൻ പറയുകയേ വേണ്ടൂ ..ഗാനധാര ആരംഭിക്കുകയായി ….
ലോകത്താരും ചെയ്യാത്ത കാര്യം ഞാനും ജയനും ഒരുമിച്ചു ചെയ്തു …
ജയൻ തകർത്ത പത്തു പാട്ടുകൾ ഈയുള്ളവൻ പാടി , അതും ജയന്റെ മുന്നിലിരുന്നു പാടി. അത് ക്യാമെറയിൽ പകർത്തി “പാടാനെന്തു സുഖം “എന്നൊരു ആൽബം തയ്യാറാക്കി …പാടാൻ ഞാൻ കാട്ടിയ സാഹസത്തെക്കാൾ എന്റെ ‘വട്ടിനെ ‘ പ്രോത്സാഹിപ്പിച്ച ജയന്റെ വലിയ മനസ്സിനെയാണ് ഞാൻ ബഹുമാനിക്കുന്നത് ….
എന്റെ സംവിധാനത്തിലും , നിർമ്മാണത്തിലും ,സംഗീത സംവിധാനത്തിലും ജയൻ എന്നും ഒരു അവിഭാജ്യ ഘടകമായിരുന്നു …”കാട്ടുകുറിഞ്ഞിപ്പൂവും ചൂടി , പാലാഴിപ്പൂമങ്കേ , ഏദൻ താഴ്വരയിൽ , സമയരഥങ്ങളിൽ , മറന്നോ സ്വരങ്ങൾ , അങ്ങിനെ പോകുന്നു ആ പട്ടിക ….
“നമുക്കൊന്ന് കൂടണം , പഴയതു പോലെ ….പാട്ടുകളൊക്കെ പാടി ….”
അങ്ങിനെ പറഞ്ഞിരിക്കെ അതാ കടന്നു വരുന്നൂ “ഒരുത്തീ ” എന്ന വി.കെ .പ്രകാശ് ചിത്രത്തിലൂടെ വീണ്ടും തന്റെ സാന്നിധ്യമറിയിച്ചിരിക്കുന്ന നവ്യാനായർ ….
“ഇവരെ മേന്നറിയില്ലേ ? ” ജയന്റെ ചോദ്യം …
അതിനുത്തരമായി നവ്യ പൊട്ടിച്ചിരിച്ചു .
അതിനു കാരണമുണ്ട് …
നവ്യയുടെ മലയാളത്തിലെ ആദ്യ ചിത്രം “ഇഷ്ട്ടം ” ആയിരുന്നു . ദിലീപിന്റെ നായികയായി . അതിൽ നവ്യയുടെ പിതാവായി ഒരു ‘ഗസ്റ്റ് ‘ വേഷം അവതരിച്ചത് ഈയുള്ളവൻ ആയിരുന്നു …എന്ന് വെച്ചാൽ നാടൻ ഭാഷയിൽ, എല്ലാർക്കും മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ നവ്യാ നായരുടെ ‘സിനിമയിലെ ആദ്യത്തെ തന്ത !’
സംഗതികൾ ഇത്രയും വഷളായ സ്ഥിതിക്ക് ഒരു സെൽഫി എടുക്കാതെ ഒരു പടി മുന്നോട്ടില്ല എന്ന തീരുമാനത്തിൽ മൂവരും എത്തി …
അങ്ങിനെ ജന്മമെടുത്ത ചിത്രമാണ് നിങ്ങൾ കണ്ടത്‌ …
‘സുപ്രഭാത’ ത്തിൽ ‘ഒരുത്തീ ‘….!
അങ്ങിനെ നിൽകുമ്പോൾ എന്റെ ഫോൺ ശബ്ദിക്കുന്നു .
നോക്കുമ്പോൾ എന്റെ ആദ്യ ചിത്രമായ “ഉത്രാടരാത്രിയുടെ ‘ നിർമാതാവ് രാധാകൃഷ്ണക്കുറുപ്പ് എന്ന കുറുപ്പ് ചേട്ടൻ ! അദ്ദേഹം വിളിച്ചത് എന്റെ ‘filmy FRIDAYS ‘ Season 3 April 18 നു തന്നെ തുടങ്ങുമല്ലോ എന്നു അറിയാനാണ് ..അതുറപ്പ് കൊടുത്തപ്പോൾ അടുത്ത ചോദ്യം ..
“എപ്പോഴാ മേന്നേ ഒന്ന് കാണുന്നത് ? പഴയതു പോലെ ഒന്ന് കൂടുന്നത് ?”
എനിക്ക് അതിരറ്റ സന്തോഷം തോന്നി …ഒരുമിച്ചുകൂടാൻ ആഗ്രഹിക്കുന്ന എനിക്ക് പ്രിയപ്പെട്ട രണ്ടുപേർ …1976 ൽ പരിചയപ്പെട്ട ഒരു നിർമ്മാതാവ് 2022 ലും എന്നെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ , ഈ വിഷു എനിക്ക് നൽകുന്നത് നല്ല സന്ദേശമാണ് ….
ആ സന്ദേശമാണ് ജയചന്ദ്രനും കുറുപ്പ് ചേട്ടനും നൽകുന്നത് …
കാണണം …
പണ്ടത്തെപ്പോലെ കാണണം ….
ഒരുമിച്ചൊന്നു കൂടണം …..
ഈ വിഷു ദിനത്തിൽ നമ്മുടെ വിളവെടുപ്പ് അങ്ങിനെയാവട്ടെ ….
ഒത്തു കൂടേണ്ട ചങ്ങാതിമാരുടെ ഒരു ലിസ്റ്റ് തയാറാക്കിക്കൊള്ളൂ …..
Previous article‘ഐറ്റം ഡാന്‍സ്’ കാണാന്‍ ബ്‌ളാക്കില്‍ ടിക്കറ്റെടുത്ത് തലയില്‍ മുണ്ടിട്ട് പോകുന്നതാണ് ഗയ്സ് സംസ്‌ക്കാരം’
Next article‘അസൂയപെട്ടിട്ട് കാര്യമില്ല കമ്മികളെ…ജീവിതം ആസ്വദിക്കാനുള്ളതാണ്…’ സിന്‍സി അനില്‍