‘ആ ഞെട്ടല്‍ ഒരു ‘ഒന്നൊന്നര ഞെട്ടലായി’ മാറി’ സീതാരാമത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സീതാരാമത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം ബാലചന്ദ്ര മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സീതാരാമം ക്ലൈമാക്‌സ് കണ്ട് ഞെട്ടിയെന്നും ആ…

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സീതാരാമത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം ബാലചന്ദ്ര മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സീതാരാമം ക്ലൈമാക്‌സ് കണ്ട് ഞെട്ടിയെന്നും ആ ഞെട്ടലിന്റെ ഒരു ക്ലൂ തന്റെ പോസ്റ്ററില്‍ ഉണ്ടെന്നും പറഞ്ഞാണ് ബാലചന്ദ്രമേനോന്റെ കുറിപ്പ്.

‘ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ‘സീതാരാമം’ റിലീസ് ആയ ദിവസം തന്നെ ചിത്രം കണ്ടവരുടെ നല്ല ആസ്വാദനം ഞാന്‍ കേട്ടറിഞ്ഞു. സന്തോഷം തോന്നി. പക്ഷേ തിയറ്ററില്‍ ആള്‍ സാന്നിധ്യം പ്രതീക്ഷിച്ചതിലും കുറവാണെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി. എന്നാല്‍ അധികം വൈകാതെ ചിത്രം നല്ലതാണെന്നുള്ള പൊതുജനാഭിപ്രായത്തിനനുസരിച്ചു തിയറ്ററിലും തിരക്ക് കൂടുന്നു എന്ന വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

സിനിമയുടെ തുടക്കത്തില്‍ അല്‍പ്പം അമാന്തം ഉണ്ടായാലും കണ്ടവരുടെ ചുണ്ടില്‍നിന്ന് ചുറ്റുവട്ടത്തിലേക്കു പടരുന്ന പ്രേരണ കൊണ്ട് ചിത്രം ഹിറ്റ് ആയി മാറണം. അതു തന്നെയാണ് ആരോഗ്യകരമായ സിനിമയുടെ വ്യാകരണം. അഭിമാനത്തോടെ പറയട്ടെ, ജൂബിലികള്‍ കൊണ്ടാടിയ എന്റെ ചിത്രങ്ങളുടെ ചരിത്രവും അതു തന്നെയാണ്. സമൂഹ മാധ്യമങ്ങളില്‍ നിറമുള്ള വ്യാജപ്രചാരണങ്ങളിലൂടെയും തിയറ്ററുകളില്‍ വ്യാജ സദസ്സുകളിലൂടെയും (fake audience) സിനിമ ജനപ്രിയമാക്കാന്‍ ശ്രമിക്കുന്നത് ആത്മവഞ്ചനയാണെന്നേ പറയാനാവൂ..

സീതാരാമം ശില്പികള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍… ഇനി കാര്യത്തിലേക്കു വരട്ടെ. സീതാരാമം നന്നായി ഓടുന്നു എന്നു കേട്ടപ്പോള്‍ അതിന്റെ കഥ എന്താവും എന്നൊരു അന്വേഷണം നിങ്ങളെപ്പോലെ എന്റെ മനസ്സിലും ഉണ്ടായി. നേരിട്ടല്ലെങ്കിലും രാമരാജ്യമായതു കൊണ്ടു സീതയെ അവലംബമാക്കിയുള്ള, ഒന്നുകില്‍ ഒരു പ്രണയകഥ അല്ലെങ്കില്‍ കുടുംബകഥ എന്ന് തന്നെയാണ് ഞാനും കരുതിയത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ഒരു പോലെ പ്രദര്‍ശന വിജയം നേടിയ ഈ ചിത്രം പ്രൈം വിഡിയോയില്‍ കഴിഞ്ഞ ദിവസമാണ് കണ്ടത്.

രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാന്‍ ചിത്രത്തിന്റെ തുടക്കത്തില്‍ കണ്ട ഇന്തോ-പാക്കിസ്ഥാന്‍ പട്ടാള അധിനിവേശം കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി എന്ന് പറയാം. എന്നാല്‍ പോകെപ്പോകെ കഥാന്ത്യത്തിലെത്തിയപ്പോള്‍ ആ ഞെട്ടല്‍ ഒരു ‘ഒന്നൊന്നര ഞെട്ടലായി’ മാറി. ആ ഞെട്ടലിന്റെ ഒരു ക്ലൂ ഞാന്‍ കൊടുത്തിരിക്കുന്ന ഈ പോസ്റ്ററില്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും. അങ്ങനെ എന്തെങ്കിലും സൂചന നിങ്ങള്‍ക്ക് കിട്ടുന്നുവെങ്കില്‍ ദയവായി കമന്റായി എഴുതുക. അതിന് ശേഷം ഞാന്‍ തീര്‍ച്ചയായും പ്രതികരിക്കാം… പോരെ ? സീതാ രാമാ എന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. ‘സര്‍ പറഞ്ഞത് ശരിയാണ്. ഈ സിനിമ കണ്ടപ്പോള്‍ എനിക്കും റോമന്‍ ഹോളിഡേ ഓര്‍മ വന്നു. തീര്‍ച്ചയായിട്ടും അത് പ്രചോദനം ആയിട്ടുണ്ടാവും. എങ്കിലും കോപ്പി എന്ന് പറയാന്‍ ആവില്ലല്ലോ. റോമന്‍ ഹോളിഡേ എന്നാണ് ഒരാളുടെ കമന്റ്.