ഏഷ്യന്‍ അക്കാദമി അവാര്‍ഡുമായി സെറ്റിലേക്ക്!! ബേസിലിനെ കേക്ക് മുറിച്ച് സ്വീകരിച്ച് ‘അജയന്റെ രണ്ടാം മോഷണം’ടീം

ഏഷ്യന്‍ അക്കാദമി അവാര്‍ഡിലെ മികച്ച സംവിധായകനായി ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. ഈ സന്തോഷ നിമിഷം ‘അജയന്റെ രണ്ടാം മോഷണം’ സെറ്റില്‍ ആഘോഷമാക്കിയിരിക്കുകയാണ്. ടൊവിനോ നായകനാവുന്ന പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’.

ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ബേസില്‍ പുരസ്‌കാരം സ്വീകരിക്കാന്‍ സിംഗപ്പൂരിലേക്ക് പോയത്. പതിനാറ് രാജ്യങ്ങളില്‍ നിന്നാണ് ബേസില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. മിന്നല്‍ മുരളി എന്ന സിനിമക്കായിരുന്നു പുരസ്‌കാരം.

പുരസ്‌ക്കാരം സ്വീകരിച്ച് സെറ്റില്‍ തിരിച്ചെത്തിയ ബേസിലിനെ കേക്ക് മുറിച്ചാണ് ടീം സ്വീകരിച്ചത്. ബേസിലിനെ അനുമോദിക്കുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ടൊവിനോയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിത്രത്തില്‍ ബേസില്‍ പ്രധാന കഥാപാത്രമായിട്ടാണ് എത്തുന്നത്.

ആറ് ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് അജയന്റെ രണ്ടാം മോഷണം എത്തുന്നത്. സിനിമയുടെ ചിത്രീകരണം കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഭാഗങ്ങളിലാണ് നടക്കുന്നത്.

ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന സിനിമ കൂടിയാണ് അജയന്റെ രണ്ടാം മോഷണം. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പൂര്‍ണമായും ത്രീഡിയില്‍ ഒരുക്കുന്ന ചിത്രമാണ്. ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകളോടെയാണ് ചിത്രം ഒരുങ്ങുന്നത്.

Anu B