ബിച്ചു തിരുമലയുടെ ജീവിത വഴികൾ !!

നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ‘ശക്തി’ എന്ന സിനിമയ്ക്കു തിരക്കഥയും എഴുതിയിട്ടുണ്ട് . ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന…

നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ‘ശക്തി’ എന്ന സിനിമയ്ക്കു തിരക്കഥയും എഴുതിയിട്ടുണ്ട് . ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ലും (തൃഷ്ണ,’ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’). സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി. 1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ‘ശബരിമല ശ്രീധർമശാസ്താവ്’ എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം…’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. നടൻ മധു സംവിധാനം ചെയ്ത ‘അക്കൽദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. ‘പടകാളി ചണ്ഡി ചങ്കരി പോർക്കലി…’, ‘കുനുകുനെ ചെറു കുറുനിരകൾ…’, ‘മാമ്പൂവേ മഞ്ഞുതിരുന്നോ…’ എന്നിങ്ങനെ ‘യോദ്ധ’യിലെ മൂന്നു പാട്ടുകളും സൂപ്പർഹിറ്റായി. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’

ബിച്ചുവിന്റെ എക്കാലത്തും സൂപ്പർഹിറ്റായ ഗാനങ്ങളിലൊന്നാണിത്. ‘ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ…’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ….’, ‘രാവു പാതി പോയ് മകനേ ഉറങ്ങു നീ…’, ‘കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ…’, ‘കണ്ണോടു കണ്ണോരം നീ കണിമലരല്ലേ…’, ‘എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ…’ ഇത്തരത്തിൽ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ ‘ജംഗിൾബുക്കി’ൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ…’ എന്ന അവതരണ ഗാനം മോഹൻ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്. ‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’ എന്ന കുസൃതി ഒളിപ്പിച്ച വരികളും മറ്റാരുടേതുമല്ല. ‘ആളൊരുങ്ങി അരങ്ങൊരുങ്ങീ….’, ‘ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ….’, ‘തത്തപ്പെണ്ണേ തഞ്ചത്തിൽ വാ….’, ‘കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ….’, ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം….’, ‘ചെപ്പടിക്കാരനല്ലാ അല്ലല്ലാ….’, ‘കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ….’ ബിച്ചുവിന്റെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകളിൽ ചിലതാണിവ. മലയാള സിനിമയിൽ മോഹൻലാലിന്റെ സ്ഥാനം ഉറപ്പിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിന്റെ വരികളിൽ നിന്നാണ്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിനായി ബിച്ചു എഴുതിയ ‘മഞ്ചാടിക്കുന്നിൽ…’, ‘മഞ്ഞണി കൊമ്പിൽ…’, ‘മിഴിയോരം നനഞ്ഞൊഴുകും…’ എന്നീ മൂന്നു ഗാനങ്ങളും ഏറെ ശ്രദ്ധേയമായി. ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ധിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഗാനങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിന്റെ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡിലെ ‘സുമതി’ എന്ന വീട്ടിലുണ്ട്. ചൈനീസ് ഗാനങ്ങളും ബിച്ചുവിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു. ടീം m3db യുടെ ആദരാജ്ഞലികൾ. ബിച്ചു തിരുമലയുടെ പ്രശസ്തമായ ചില ഗാനങ്ങൾ ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ… നക്ഷത്രദീപങ്ങൾ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി … ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ … തേനും വയമ്പും … വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ … ആയിരം കണ്ണുമായ് … പൂങ്കാറ്റിനോടും കിളികളോടും … ആലാപനം തേടും തായ്മനം … ആളൊരുങ്ങി അരങ്ങൊരുങ്ങി … ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം … നക്ഷത്രദീപങ്ങൾ തിളങ്ങി … ഒരു മധുരക്കിനാവിൻ ലഹരിയിലേതോ … ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ … ഓർമയിലൊരു ശിശിരം … കണ്ണാംതുമ്പീ പോരാമോ … കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി … കണ്ണും കണ്ണും കഥകൾ കൈമാറും … കിലുകിൽ പമ്പരം … കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ … നീർപളുങ്കുകൾ ചിതറി വീഴുമീ …

ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തീ … പാതിരാവായി നേരം … പാവാട വേണം മേലാട വേണം … ഒരു മയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ … വെള്ളിച്ചില്ലും വിതറി … പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി … പ്രായം നമ്മിൽ മോഹം നൽകി … നീയും നിന്റെ കിളിക്കൊഞ്ചലും … മകളേ പാതി മലരേ … മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി … മഞ്ഞിൻ ചിറകുള്ള വെളളരി പ്രാവേ … മിഴിയോരം നനഞ്ഞൊഴുകും … മൈനാകം കടലിൽ നിന്നുയരുന്നുവോ … രാകേന്ദു കിരണങ്ങൾ … വൈക്കം കായലിൽ ഓളം തല്ലുമ്പോൾ … ശാരോനിൽ വിരിയും ശോശന്നപ്പൂവേ … സമയരഥങ്ങളിൽ ഞങ്ങൾ … സുരഭീയാമങ്ങളേ … പാൽനിലാവിനും ഒരു നൊമ്പരം … സ്വർണ മീനിന്റെ ചേലൊത്ത … പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ …