# ‘നേഹയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ല’; നിലപാട് വ്യക്തമാക്കി താഷി

- Link: https://ml.b4blaze.com/bigg-boss-malayalam-season-8/i-have-not-approached-anyone-asking-them-to-support-neha-tashi-clarifies-her-stance
- Published: 2026-11-28T11:35:11+05:30
- Author: Sana Fathima

ബിഗ് ബോസ് സഹമത്സരാർഥിയായ നേഹയ്ക്ക് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്ന്
വ്യക്തമാക്കി താഷി. നേഹയ്ക്കുള്ള തന്റെ പിന്തുണ തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും
ഇതുമായി ബന്ധപ്പെട്ട് മറ്റാരുമായും യാതൊരു ബന്ധമോ സഹകരണമോ ഇല്ലെന്നും താഷി ഇൻസ്റ്റഗ്രാമിൽ
പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.“ഒരു കാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
നേഹയ്ക്കുള്ള എന്റെ പിന്തുണ തികച്ചും വ്യക്തിപരമായ തീരുമാനവും സ്വതന്ത്രമായ തിരഞ്ഞെടുപ്പുമാണ്.
നേഹയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ ഇതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ല.
ഇക്കാര്യത്തിൽ എനിക്ക് ആരുമായും യാതൊരു ബന്ധമോ സഹകരണമോ ഇല്ല. എന്നെ ഇതുവരെ പിന്തുണച്ചവരോടും
സുഹൃത്തുക്കളോടും നേഹയെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിക്കുന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ്.
നന്ദി,” താഷി കുറിച്ചു.

അതേസമയം, നേഹയുടെ മാതാപിതാക്കളോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും അവരെ വിഷമിപ്പിച്ചുകൊണ്ട്
ഒന്നും നേടാനാകില്ലെന്നും ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ നൽകിയ
അഭിമുഖങ്ങളിൽ താഷി പറഞ്ഞിരുന്നു.“നേഹയുടെ മാതാപിതാക്കളെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്.
ഒരു രക്ഷിതാവാകുമ്പോൾ പുറത്തുനിന്ന് കേൾക്കുന്ന പല കാര്യങ്ങളും അവരെ വേദനിപ്പിച്ചിട്ടുണ്ടാകാം.
മാതാപിതാക്കളെ വിഷമിപ്പിച്ചിട്ട് നമുക്ക് ഒന്നും നേടാനാകില്ലെന്നും അങ്ങനെ ചെയ്താൽ 
സന്തോഷത്തോടെ ജീവിക്കാനും കഴിയില്ലെന്നും ഞാൻ നേരത്തെ തന്നെ നേഹയോട് പറഞ്ഞിട്ടുണ്ട്.
എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ നമുക്ക് സമയം വേണമെന്നും അവളെ ഓർമിപ്പിച്ചിട്ടുണ്ട്,”
താഷി വ്യക്തമാക്കി.

ഇൻഫ്ലുവൻസർ എന്ന നിലയിലാണ് നേഹ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. എന്നാൽ ഷോയ്ക്ക് മുന്നോടിയായി
കോമണേഴ്സിനായി നടത്തിയ അഗ്നിപരീക്ഷയിലൂടെയാണ് താഷി ഈ സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ലബിഗ് ബോസ് വീട്ടിൽ നേഹയും താഷിയും തമ്മിലുണ്ടായ അടുപ്പം പുറത്തും വലിയ ചർച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് നേഹയുടെ മാതാപിതാക്കൾ ബിഗ് ബോസ് വീട്ടിലെത്തിയത്. താഷിയോടുള്ള നേഹയുടെ
അടുപ്പത്തിൽ തങ്ങൾക്ക് താൽപര്യമില്ലെന്ന സൂചനയായിരുന്നു മാതാപിതാക്കളുടെ പ്രതികരണത്തിലുണ്ടായിരുന്നത്.
അതേസമയം, തനിക്ക് താഷിയെ ഇഷ്ടമാണെന്നും ഈ കാര്യം സ്വന്തം വീട്ടുകാരെ ബോധ്യപ്പെടുത്താനാണ്
ഇനി ശ്രമിക്കുകയെന്നും നേഹ വ്യക്തമാക്കിയിരുന്നു.