# ‘പിആർ ആരോപണം തെളിയിച്ചാൽ മകനെ ബിഗ് ബോസിൽ നിന്ന് തിരിച്ചുകൊണ്ടുവരും’; വികാരാധീനനായി കടൽകൊമ്പന്റെ അച്ഛൻ

- Link: https://ml.b4blaze.com/bigg-boss-news/if-the-pr-allegation-is-proven-i-will-bring-my-son-back-from-bigg-boss-kadal-kombans-father-says-overcome-with-emotion
- Published: 2026-11-18T12:35:47+05:30
- Author: Sana Fathima

ബിഗ് ബോസ് മത്സരാർത്ഥി കടൽകൊമ്പൻ എന്ന ശ്രീരാജിനെതിരെയുള്ള പിആർ ആരോപണങ്ങളിൽ പ്രതികരണവുമായി
പിതാവ് രംഗത്ത്. മകന് വേണ്ടി പണം നൽകി വോട്ട് നേടുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും
താനോ മകനോ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിആർ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആദ്യം വ്യക്തമായി അറിയില്ലായിരുന്നുവെന്നും
മറ്റുള്ളവരോട് ചോദിച്ചപ്പോഴാണ് പണം നൽകി വോട്ട് നേടുന്ന രീതിയെക്കുറിച്ച് മനസിലാക്കിയതെന്നും
അദ്ദേഹം പറഞ്ഞു. എന്നാൽ, താനും മകനും ഒരിക്കലും ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും
ഭാവിയിലും ചെയ്യില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.

കടലിന്റെ മക്കളായ തങ്ങൾക്ക് നേരും നെറിവുമുണ്ടെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും
അദ്ദേഹം വികാരാധീനനായി പറഞ്ഞു. മകനെ ഇന്നത്തെ നിലയിലെത്തിച്ചത് ജനങ്ങളുടെയും സുഹൃത്തുക്കളുടെയും
ഫോളോവേഴ്സിന്റെയും പിന്തുണയാണെന്നും വളഞ്ഞ വഴികളിലൂടെ മുന്നേറേണ്ട ആവശ്യം ശ്രീരാജിനില്ലെന്നും
അദ്ദേഹം വ്യക്തമാക്കി.

വിരലിലെണ്ണാവുന്ന ചിലർ മാത്രമാണ് ശ്രീരാജ് പിആർ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിക്കുന്നതെന്നും
അത്തരമൊരു ആരോപണത്തിൽ യാതൊരു വസ്തുതയുമില്ലെന്നും പിതാവ് പറഞ്ഞു. തന്റെ മകൻ എന്തെങ്കിലും
തെറ്റായ മാർഗം സ്വീകരിച്ചിരുന്നെങ്കിൽ ഈ നിലയിലേക്ക് എത്തുമായിരുന്നില്ലെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.

അതേസമയം, താനോ മകനോ പണം നൽകി വോട്ട് നേടുന്നുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാൽ മകനെ 
ബിഗ് ബോസിൽ നിന്ന് തിരികെ കൊണ്ടുവരുമെന്ന ഉറച്ച നിലപാടും അദ്ദേഹം പങ്കുവച്ചു. ഏറെ സങ്കടത്തോടെയാണ്
ഇക്കാര്യം പറയുന്നതെന്നും തനിക്കും മകനും കള്ളത്തരത്തിന്റെ വഴി അറിയില്ലെന്നും പറഞ്ഞാണ്
അദ്ദേഹം വീഡിയോ അവസാനിപ്പിച്ചത്.