# ബിഗ് ബോസ് മലയാളം കണ്ട മികച്ച മത്സരാർത്ഥികളിൽ ഒരാൾ’; റിയാസ് സലീമിനെ പ്രശംസിച്ച് റോബിൻ രാധാകൃഷ്ണൻ

- Link: https://ml.b4blaze.com/bigg-boss-news/one-of-the-best-contestants-bigg-boss-malayalam-has-ever-seen-robin-radhakrishnan-praises-riyas-salim
- Published: 2026-11-17T14:40:02+05:30
- Author: Sana Fathima

ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയരായ താരങ്ങളാണ് റോബിൻ രാധാകൃഷ്ണനും റിയാസ് സലീമും.
ഷോയ്ക്കുള്ളിലും പുറത്തും പരസ്പരം എതിർചേരികളിലായിരുന്ന ഇരുവരും തമ്മിൽ നിരവധി തവണ 
വാക്തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ, പഴയ തർക്കങ്ങളെല്ലാം
മറന്ന് റിയാസ് സലീമിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് റോബിൻ. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച
കുറിപ്പിലാണ് റിയാസിനെക്കുറിച്ചുള്ള തന്റെ നല്ല അഭിപ്രായം റോബിൻ തുറന്നുപറഞ്ഞത്.

ബിഗ് ബോസ് മലയാളം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ്
സലീമെന്നാണ് റോബിൻ കുറിച്ചത്. ബിഗ് ബോസ് എന്ന ഷോയുടെ സ്വഭാവവും ഗെയിമിന്റെ രീതികളും
തന്ത്രങ്ങളും അതിന്റെ യഥാർത്ഥ സത്തയും കൃത്യമായി മനസിലാക്കിയ വ്യക്തിയാണ് റിയാസെന്നും
റോബിൻ വിശേഷിപ്പിച്ചു. ഷോയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒരു കംപ്ലീറ്റ്
ബിഗ് ബോസ് മത്സരാർത്ഥിയാണ് റിയാസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീസൺ 4 അവസാനിച്ച് നാല് വർഷങ്ങൾക്കിപ്പുറം വീണ്ടും റിയാസിനെ കാണാൻ അവസരം ലഭിച്ചതിന്റെ
സന്തോഷവും റോബിൻ കുറിപ്പിൽ പങ്കുവെച്ചു. മികച്ചൊരു മത്സരാർത്ഥി എന്നതിലുപരി മനസുകൊണ്ട്
ഏറെ നല്ലൊരു മനുഷ്യൻ കൂടിയാണ് റിയാസ്. തനിക്ക് ബിഗ് ബോസിലൂടെ ലഭിച്ച വലിയ ജനപ്രീതിക്ക്
പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് റിയാസിന്റെ സാന്നിധ്യവും ഗെയിമും ഷോയിലെ സംഭാവനകളുമാണെന്നും
റോബിൻ വ്യക്തമാക്കി.

റിയാസിന് ഇനിയും നിരവധി വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞ, പ്രതീക്ഷിച്ചതിലും മനോഹരമായൊരു
ഭാവി ആശംസിച്ചുകൊണ്ടാണ് റോബിൻ കുറിപ്പ് അവസാനിപ്പിച്ചത്. അതേസമയം, റോബിന്റെ പോസ്റ്റിന്
താഴെ നന്ദി അറിയിച്ച് റിയാസും കമന്റുമായി എത്തി. റോബിൻ പറഞ്ഞ ഓരോ വാക്കും തനിക്ക് ഏറെ
വിലപ്പെട്ടതാണെന്നും അതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നുമായിരുന്നു റിയാസിന്റെ
പ്രതികരണം.ഒരുകാലത്ത് ബിഗ് ബോസ് ഹൗസിൽ പരസ്പരം ശക്തമായി ഏറ്റുമുട്ടിയ താരങ്ങൾക്കിടയിലെ
ഈ സൗഹൃദപരമായ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
