# ‘രാഹുൽ ഈശ്വർ മരവാഴ ,ബിഗ് ബോസ് കപ്പെടുത്താൽ പാതി മീശ വടിക്കും’

- Link: https://ml.b4blaze.com/bigg-boss-news/rahul-easwar-is-a-parasite-if-he-wins-bigg-boss-he-will-shave-off-half-his-mustache
- Published: 2026-11-06T12:30:12+05:30
- Author: Sana Fathima

ബിഗ് ബോസ് മത്സരാർത്ഥി രാഹുൽ ഈശ്വറിനെതിരെ രൂക്ഷ വിമർശനവുമായി ആൾ കേരള മെൻസ് അസോസിയേഷൻ
പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തുവന്നാൽ ഷിജിന്റെ
പിആർ പ്രവർത്തകരെ കണ്ടെത്തുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമുള്ള രാഹുൽ
ഈശ്വറിന്റെ പരാമർശങ്ങളാണ് അജിത് കുമാറിനെ ചൊടിപ്പിച്ചത്. രാഹുൽ ഈശ്വർ ബിഗ് ബോസ് കപ്പ്
സ്വന്തമാക്കിയാൽ തന്റെ പകുതി മീശ വടിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

മെൻസ് കമ്മീഷൻ എന്ന ആശയവുമായി ബിഗ് ബോസിലേക്ക് എത്തിയ രാഹുൽ ഈശ്വർ ഇപ്പോൾ പുരുഷ മത്സരാർത്ഥികൾക്കെതിരെയാണ്
നിലകൊള്ളുന്നതെന്നാണ് അജിത് കുമാറിന്റെ ആരോപണം. ഷിജിന്റെ പിആർ പ്രവർത്തനങ്ങൾക്ക് പിന്നിൽ
താനാണെന്നും തന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെടാനോ തനിക്കെതിരെ നടപടിയെടുക്കാനോ
രാഹുലിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം ബിഗ് ബോസിൽ ഒരൊന്നൊന്നര തള്ള് തള്ളുന്നത് കണ്ടു. ഷിജിന്റെ
പിആർ വാങ്ങി പ്രവർത്തിക്കുന്നവരെ രാഹുൽ പുറത്തിറങ്ങിയാൽ ഒലത്തിക്കളയുമെന്നാണ് പറയുന്നത്.
രാഹുൽ വന്നിറങ്ങിയാൽ ഉടനെ ഭാര്യ ദീപ ഈ വീഡിയോ കാണിച്ചുകൊടുക്കണം. നിനക്കെതിരെ വരുന്ന
ഏറ്റവും വലിയ വെല്ലുവിളി വട്ടിയൂർക്കാവ് അജിത് കുമാറായിരിക്കും. ഷിജിന് പിആർ കൊടുത്തവരുടെ
ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് പരാതി നൽകുമെന്നാണ് രാഹുൽ പറയുന്നത്. ഷിജിന്റെ
പിആർ ഏറ്റെടുത്തിരിക്കുന്നത് ഞാനാണ്. എന്റെ രോമത്തിൽ തൊടാൻ പോലും നിനക്കാവില്ല. രാഹുൽ
എന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചോദിച്ചാൽ ആരാണ് കൊടുക്കാൻ പോകുന്നത്?

മോഹൻലാൽ വരുമ്പോൾ ചോദ്യങ്ങൾ ചോദിക്കുമെന്ന് പറഞ്ഞ് മാറിയിരുന്ന ആളാണ് രാഹുൽ. ലാലേട്ടൻ
ചോദിച്ച ലളിതമായ ചോദ്യങ്ങൾക്ക് പോലും ഉത്തരം പറയാൻ കഴിഞ്ഞില്ല. കുറച്ച് ചാനൽ ചർച്ചകൾ
അറിയാം എന്നല്ലാതെ ലോകവിവരം പോലുമില്ല. പുറത്തുവന്ന ശേഷം ഷിജിന്റെ പിആറിനെതിരെ എന്തെങ്കിലും
നടപടിയെടുക്കാൻ ശ്രമിച്ചാൽ അതിനെ ശക്തമായി നേരിടുന്നത് ഞാനായിരിക്കും. നിനക്കൊന്നും
ചെയ്യാൻ കഴിയില്ല. കപ്പ് നിനക്ക് നൽകണമെന്നായിരിക്കും ഏഷ്യാനെറ്റിന്റെയും ലാലേട്ടന്റെയും
അജണ്ട. നീ കപ്പ് നേടിയാൽ പകുതി മീശ ഞാൻ വടിക്കും. നിനക്ക് ജനപിന്തുണയില്ല. മെൻസ് കമ്മീഷൻ
എന്ന ആശയം പറഞ്ഞ് ബിഗ് ബോസിൽ എത്തിയപ്പോൾ രാഹുലിന് പിന്തുണയുണ്ടായിരുന്നു. അത് എന്റെ
ആശയമായിരുന്നു. എന്നാൽ ഷോയിൽ ഏതെങ്കിലും സ്ത്രീകൾക്കെതിരെ നിലപാടെടുക്കുന്നത് കണ്ടില്ല.
പകരം ഷിജിന്റെയും കൊമ്പന്റെയും നെഞ്ചത്തേക്കാണ് കയറുന്നത്. ആണുങ്ങളുടെ നെഞ്ചത്തേക്കാണ്
കയറുന്നത്.

മെൻസ് കമ്മീഷൻ എന്ന ആശയവുമായി എത്തിയിട്ട് ഇങ്ങനെയായിപ്പോയല്ലോ. രാഹുലിനൊപ്പം നിന്ന
സ്ത്രീകളെല്ലാം ഷോയിൽ നിന്ന് പുറത്തായി. ഇപ്പോൾ വീണ്ടും മെൻസ് കമ്മീഷൻ കൊണ്ടുവരികയാണ്.
ഇയാളുടെ കൂടെ നടന്ന് മരണത്തിന്റെ വക്കിൽ നിന്നാണ് ഞാൻ രക്ഷപ്പെട്ടത്. രാഹുൽ മാൻഡ്രേക്കാണ്.
ഇയാളുടെ കൂടെ ആര് നിന്നാലും കഷ്ടകാലമാണ്.” രാഹുൽ ഈശ്വറിനെതിരെ കടുത്ത ഭാഷയിൽ വിമർശനം
ഉന്നയിച്ച അജിത് കുമാറിന്റെ പ്രതികരണം ഇപ്പോൾ സോഷ്യൽമീഡിയയിലും ചർച്ചയായിരിക്കുകയാണ്.
ബിഗ് ബോസിലെ മത്സരവും പിആർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും ഷോയ്ക്ക് പുറത്തും
വിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്.