# ‘നിന്റെ കവിളത്ത് അടി കിട്ടും’; നോബിയെ കളിയാക്കി മോഹൻലാൽ, പൊട്ടിച്ചിരിച്ച് കൊമ്പൻ

- Link: https://ml.b4blaze.com/bigg-boss-news/youll-get-a-slap-on-the-cheek-mohanlal-teases-nobi-leaving-the-komban-in-fits-of-laughter
- Published: 2026-11-08T15:59:39+05:30
- Author: Sana Fathima

ബിഗ് ബോസ് മലയാളം സീസൺ 8 വീക്കെൻഡ് എപ്പിസോഡ് രസകരമായ നിമിഷങ്ങളുമായി മുന്നേറുകയാണ്.
60 ദിവസങ്ങൾ പിന്നിട്ട ഷോയിൽ മത്സരാർത്ഥികളെ നേർക്കുനേർ ചോദ്യം ചെയ്ത് അവതാരകൻ മോഹൻലാൽ
എത്തുമ്പോൾ പുതിയ വിവാദങ്ങളും ചിരി പടർത്തുന്ന മുഹൂർത്തങ്ങളുമാണ് അരങ്ങേറുന്നത്. കഴിഞ്ഞ
ദിവസം ഷിജിന്റെ പ്രകടനത്തെ പ്രശംസിച്ച മോഹൻലാൽ ഇത്തവണ നോബിയുടെ പരാമർശത്തിലാണ് പിടിമുറുക്കിയത്.
ഐശ്വര്യയുടെ അച്ഛനെക്കുറിച്ച് നോബി നടത്തിയ പരാമർശമാണ് മോഹൻലാൽ ചോദ്യം ചെയ്തത്. നോബിയുടെ
പുതിയ തിയറി എന്ന ആമുഖത്തോടെയായിരുന്നു അവതാരകന്റെ തുടക്കം. വീട്ടിലുള്ള ഒരാളുടെ അച്ഛനെക്കുറിച്ച്
സംസാരിക്കുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ അമ്മയെക്കുറിച്ച് പറയരുതെന്നുമാണ് നോബിയുടെ
നിലപാടെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. അച്ഛനും അമ്മയും ഒരുപോലെ കുടുംബത്തിന്റെ ഭാഗമാണെന്നും
അത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ സിനിമയിലെ സംഭാഷണത്തിന്റെ രീതിയിലാണ് താൻ അങ്ങനെ പറഞ്ഞതെന്നായിരുന്നു നോബിയുടെ
വിശദീകരണം. ‘സിനിമയിലാണെങ്കിൽ നിന്റെ തന്തയല്ല എന്റെ തന്ത എന്ന് പറയുന്നതുപോലെ പറഞ്ഞതാണ്’
എന്നായിരുന്നു നോബിയുടെ മറുപടി. ഇതിന് മോഹൻലാൽ നൽകിയ മറുപടിയാണ് വേദിയിൽ ചിരി പടർത്തിയത്.‘
സിനിമയിലെ പോലെ പുറത്ത് പറഞ്ഞാൽ കവിളത്ത് അടി കിട്ടും’ എന്നായിരുന്നു മോഹൻലാലിന്റെ 
പ്രതികരണം. ഇതോടെ വേദിയിലുണ്ടായിരുന്ന മത്സരാർത്ഥികളും പ്രേക്ഷകരും ചിരിയിലായി. ഐശ്വര്യയും
ഷിജിനും ചിരിച്ചപ്പോൾ കടൽ കൊമ്പന്റെ പൊട്ടിച്ചിരിയും പ്രൊമോയിലെ ശ്രദ്ധേയമായ നിമിഷമായി.

അതേസമയം, ഇന്നത്തെ വീക്കെൻഡ് എപ്പിസോഡിൽ ആരൊക്കെയാണ് മോഹൻലാലിന്റെ ചോദ്യങ്ങൾക്ക് മറുപടി
പറയേണ്ടി വരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. എട്ട് മത്സരാർത്ഥികളാണ് ഇത്തവണ നോമിനേഷൻ
പട്ടികയിലുള്ളത്. നൗഫീന, ഐശ്വര്യ, കൊമ്പൻ, മൃദുല, താഷി, വിപിൻ, അഞ്ജലി, നോബി എന്നിവരാണ്
പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇവരിൽ താഷി, വിപിൻ, അഞ്ജലി, കൊമ്പൻ എന്നിവർ കഴിഞ്ഞ
ദിവസം സുരക്ഷിതരായിരുന്നു. ശേഷിക്കുന്ന മത്സരാർത്ഥികളിൽ ആരൊക്കെയാണ് പുറത്താകുന്നതെന്ന്
ഇന്നത്തെ എപ്പിസോഡിലൂടെ അറിയാനാകും. മോഹൻലാലിന്റെ ചോദ്യങ്ങളും എലിമിനേഷൻ പ്രഖ്യാപനവും
കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.