‘ഓര്‍ക്കാനും എനിക്ക് നന്ദി പറയാനുമുള്ളത് സച്ചിയോടു മാത്രമാണ്’ വാക്കുകളിടറി ബിജു മേനോന്‍

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സഹ നടനായി തിരഞ്ഞെടുക്കപ്പെട്ടത് ബിജു മേനോനെയാണ്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്. ഈ സന്തോഷം കാണാന്‍…

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സഹ നടനായി തിരഞ്ഞെടുക്കപ്പെട്ടത് ബിജു മേനോനെയാണ്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്. ഈ സന്തോഷം കാണാന്‍ സച്ചി ഇല്ലാതെപോയതില്‍ വേദനയുണ്ടെന്നും ഈ അവാര്‍ഡ് സച്ചിക്ക് സമര്‍പ്പിക്കുന്നുവെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

”ഈ അവാര്‍ഡ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. രണ്ടു വര്‍ഷം മുന്‍പ് കഴിഞ്ഞ ഒരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണിത്. ഈ അവസരത്തില്‍ ഓര്‍ക്കാനും എനിക്ക് നന്ദി പറയാനുമുള്ളത് സച്ചിയോടു മാത്രമാണ്. സച്ചി നമ്മളോടൊപ്പമില്ല. ഇത്രയും നല്ലൊരു കഥാപാത്രം എനിക്ക് തന്നതിന്, പ്രേക്ഷകര്‍ സ്വീകരിച്ച ഇത്രയും നല്ല സിനിമ തന്നതിന് സച്ചിയോട് നന്ദി പറയുന്നു, ദൈവത്തോട് നന്ദി പറയുന്നു. എന്റെയൊപ്പം ജോലി ചെയ്ത സഹപ്രവര്‍ത്തകരോടും എന്റെ നന്ദിയും സ്നേഹവും അറിയിക്കുകയാണ്.

ചിത്രത്തിന്റെ ആലോചനയുടെ തുടക്കം മുതല്‍ ഞാന്‍ സച്ചിക്കൊപ്പം ഉണ്ടായിരുന്നു. ചെറിയ കാന്‍വാസില്‍ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു. പിന്നീട് വലിയ സിനിമയായി മാറി. മികച്ച നായികയും മലയാളത്തില്‍ നിന്ന് ആണെന്നുള്ളതിലും വളരെ സന്തോഷമുണ്ട്. കൊറോണ സമയമായതിനാല്‍ ഒരുപാട് സിനിമകള്‍ മല്‍സരത്തിന് ഉണ്ടായിരുന്നു എന്നാണ് പറഞ്ഞു കേട്ടത്.

അതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷം. അവാര്‍ഡിന് വേണ്ടിയല്ല നല്ല സിനിമയുടെ ഭാഗമാകുന്നത്, പക്ഷേ പുരസ്‌കാരം ലഭിക്കുന്നത് ഒരു പ്രചോദനമാണ്. മലയാള സിനിമകളുടെ നിലവാരം ഒരുപാട് കൂടിയിട്ടുണ്ട്. അന്യഭാഷയിലുള്ള ചലച്ചിത്രകാരന്മാര്‍ നമ്മുടെ സിനിമകള്‍ ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ ഈ അവാര്‍ഡ് സച്ചിക്ക് സമര്‍പ്പിക്കുകയാണ്. അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരമാണിതെന്നും നടന്‍ പ്രതികരിച്ചു.