‘കേരളത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍’; ഇതൊരു ചെറിയ വാര്‍ത്തയാണോ? വിമര്‍ശനവുമായി ബിജു മോനോന്‍

കേരളത്തിലെ റോഡുകളില്‍ ദനംപ്രതി നിരവധി ജീവനുകളാണ് പൊലിയുന്നത്. അമിതവേഗതയും അശാസ്ത്രീയമായ ഡ്രൈവിങ്ങുമാണ് പല അപകടങ്ങളുടെയും പിന്നില്‍. ഇപ്പോഴിതാ റോഡപകടങ്ങള്‍ക്കെതിരെ ശ്കതമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. ഒരു വര്‍ഷത്തിനിടെ കേരളത്തിലെ റോഡപകടങ്ങളില്‍ 1000 കാല്‍നട യാത്രക്കാര്‍ മരിച്ചു എന്ന തലക്കെട്ടോടെയുള്ള വാര്‍ത്തയാണ് ബിജു മേനോന്‍ പങ്കുവെച്ചിരിക്കുന്നത്. ഇതൊരു ചെറിയ വാര്‍ത്തയാണോ ? എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ടുള്ള ബിജു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

നിരവധി പേരാണ് ഈ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. റോഡുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും അശ്രദ്ധമായ ഡ്രൈവിംഗുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് കമന്റുകള്‍. അത്യന്തം ഗൗരവകരമായ വിഷയമായിട്ട് പോലും അധികം പ്രാധാന്യം നല്‍കാതെ വളരെ ചെറിയ കോളത്തില്‍ വാര്‍ത്ത നല്‍കിയതാണ് ബിജു മേനോനെ ചൊടിപ്പിച്ചത്. ‘ഈസ് ഇറ്റ് എ സ്‌മോള്‍ ന്യൂസ്’ എന്ന ക്യാപ്ഷനോടെയാണ് ബിജു മേനോന്‍ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധി പേര്‍ അദ്ദേഹത്തെ പിന്തുണച്ച് എത്തിയിട്ടുമുണ്ട്.

2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടത്തില്‍പ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍ 35,476 ആണ്. ഈ അപകടങ്ങളില്‍ 3292 പേര്‍ മരിച്ചപ്പോള്‍ 27745 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നും ചരക്ക് ലോറി കാരണം 2798 അപകടങ്ങളുണ്ടായപ്പോള്‍ 510 പേര്‍ മരിക്കുകയും 2076 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തെന്നും ഈ പത്രറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

 

Aswathy