‘മോഹന്‍ലാലിന്റെ ആരാധകര്‍ ഇന്നും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു ചിത്രം കൂടിയാണിത്’ വൈറലായി ഒരു കുറിപ്പ്

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമാണ് ഭീഷ്മ പര്‍വം. അതുപോലെ മധുവും മോഹന്‍ലാലും മുഖ്യ വേഷങ്ങളില്‍ എത്തിയ നാടുവാഴികള്‍ സൂപ്പര്‍ ഹിറ്റ് വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നുവെന്ന് ബിനീഷ് കെ…

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമാണ് ഭീഷ്മ പര്‍വം. അതുപോലെ മധുവും മോഹന്‍ലാലും മുഖ്യ വേഷങ്ങളില്‍ എത്തിയ നാടുവാഴികള്‍ സൂപ്പര്‍ ഹിറ്റ് വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നുവെന്ന് ബിനീഷ് കെ അച്യുതന്‍ കുറിക്കുന്നു. മോഹന്‍ലാലിന്റെ ആരാധകര്‍ ഇന്നും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു ചിത്രം കൂടിയാണ് നാടുവാഴികളെന്നും കുറിപ്പില്‍ പറയുന്നു.

അര നൂറ്റാണ്ട് പിന്നിട്ട വിശ്വവിഖ്യാത ചലച്ചിത്രം ഗോഡ്ഫാദർ ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഒന്നാണ് . മരിയോ പുസോയുടെ രചനയിൽ ഫ്രാൻസിസ് ഫോർഡ് കപ്പേള സംവിധാനം നിർവ്വഹിച്ച് , മർലൻ ബ്രാന്റോയും അൽ പാചിനോയും മുഖ്യ വേഷമിട്ട ഗോഡ് ഫാദർ കൾട്ട് ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു . ഒട്ടു മിക്ക ഭാഷകളിലും ഗോഡ്ഫാദറിൽ നിന്നും സ്വാധീനമുൾക്കൊണ്ട് ധാരാളം ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട് . മലയാള സിനിമയിൽ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായ ഭീഷ്മ പർവ്വവും അത്തരത്തിൽ പ്രചോദനം നേടിയ ചിത്രമാണ് . മാസ്റ്റർ ക്രാഫ്റ്റ്സ് മാൻ ജോഷി ; ഗോഡ്ഫാദറിന്റെ ശൈലിയിൽ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1989 – ൽ എസ് എൻ സ്വാമിയുടെ രചനയിൽ മോഹൻലാൽ നായകനായ നാടുവാഴികളും 1997 – ൽ രഞ്ജി പണിക്കരുടെ രചനയിൽ സുരേഷ് ഗോപി നായകനായ ലേലവും .
ചക്കരയുമ്മ , ഒരു നോക്ക് കാണാൻ , കൂടും തേടി തുടങ്ങിയ പൈങ്കിളി ചിത്രങ്ങൾക്ക് രചന നിർവഹിച്ച എസ്.എൻ.സ്വാമി ; 1987 – ൽ റിലീസ് ചെയ്ത ഇരുപതാം നൂറ്റാണ്ട് മുതലാണ് ട്രാക്ക് മാറുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ വൻ വിജയത്തെ തുടർന്ന് വന്ന ഒരു CBI ഡയറിക്കുറിപ്പ് കൂടി ബ്ലോക്ക് ബസ്റ്റർ ആയതോടെ പിന്നെ സ്വാമിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കെ.മധുവുമായി മികച്ച കൂട്ടുകെട്ടിൽ തുടരുമ്പോൾ തന്നെയാണ് നാടുവാഴികൾക്ക് വേണ്ടി സ്വാമി ജോഷിയുമായി ആദ്യമായി ഒരുമിക്കുന്നത് .
1978 – ൽ ടൈഗർ സലിം – ലൂടെ രംഗപ്രവേശം ചെയ്യുമ്പോൾ അക്കാലത്തെ മുൻ നിര തിരക്കഥാകൃത്തുക്കളിൽ ഒരാളായ എസ്.എൽ.പുരം സദാനന്ദനെയാണ് ജോഷി ആശ്രയിച്ചത് . തുടർന്ന് 1980 – ൽ മൂർഖൻ – നേടിയ വൻ വിജയത്തോടെ ശ്രദ്ധേയനായ ജോഷി തുടർ വർഷങ്ങളിൽ പാപ്പനംകോട് ലക്ഷ്മണന്റെ തിരക്കഥയിലാണ് കൂടുതലും ചിത്രങ്ങളൊരുക്കിയത് . തുടർന്ന് കലൂർ ഡെന്നീസുമായി ചേർന്ന് ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ച ജോഷി , നിറക്കൂട്ടിന് ശേഷം ഡെന്നീസ് ജോസഫുമായി ചേർന്ന് ധാരാളം സൂപ്പർ ഹിറ്റുകളും ഫ്ലോപ്പുകളും ഒരുക്കി .തുടർന്നാണ് സ്വാമിയുടെ രചനകളിൽ ജോഷി ചിത്രങ്ങളെടുക്കാൻ തുടങ്ങിയത് .
മധുവും മോഹൻലാലും മുഖ്യ വേഷങ്ങളിൽ എത്തിയ നാടുവാഴികൾ സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു . തമിഴ് സിനിമയിൽ തിളങ്ങി നിന്ന രൂപിണിയാണ് നായികാ വേഷത്തിൽ. താര സമ്പന്നമായ നാടുവാഴികളിൽ തിലകന്റെ വേഷം വ്യത്യസ്തമായിരുന്നു. സീരിയസ് റോളുകൾ ചെയ്തു കൊണ്ടിരുന്ന തിലകൻ അൽപ്പം നർമ്മ പ്രാധാന്യമുളള വിടുവാനായ ഒരാളായാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ദേവനും മുരളിയുമായിരുന്നു ചേക്കുടി ബ്രദേഴ്സ് എന്ന വില്ലൻമാരെ അവതരിപ്പിച്ചത്. നാടുവാഴികളിലെ ദേവന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണ തന്റെ പുതിയ ചിത്രമായ ധർമ്മ ക്ഷേത്രത്തിലെ പ്രധാന വില്ലൻമാരിൽ ഒരാളാകാൻ ദേവനെ ക്ഷണിച്ചത് . സൂപ്പർ ഹിറ്റ് ഡയറക്ടറായ കോദണ്ഡ റാമി റെഡ്ഡിയുടെ ചിത്രത്തിലൂടെ ദേവൻ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി .തുടർ വർഷങ്ങളിൽ ഒട്ടേറെ തെലുങ്ക് ചിത്രങ്ങളിൽ ദേവൻ വേഷമിട്ടു .
1988 അവസാനം റിലീസ് ചെയ്ത ചിത്രത്തിന്റെ ഐതിഹാസിക വിജയത്തിന് ശേഷം 1989 തുടക്കത്തിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങൾക്ക് കാര്യമായ പ്രദർശന വിജയം കൈവരിക്കാനായില്ല . ലാൽ അമേരിക്കയിൽ , ദൗത്യം , വരവേൽപ്പ് , സീസൺ എന്നിവയാണാ ചിത്രങ്ങൾ . പക്ഷേ പിൽക്കാലത്ത് ലാൽ അമേരിക്കയിൽ ഒഴിച്ച് മറ്റു മൂന്ന് ചിത്രങ്ങളും വ്യത്യസ്ത കാരണങ്ങളാൽ കൾട്ട് സ്റ്റാറ്റസ് പദവി നേടി . തുടർച്ചയായി നാല് ചിത്രങ്ങളുടെ ക്ഷീണം തീർക്കുന്ന പ്രകടനമായിരുന്നു നാടുവാഴികളുടേത് . ആദ്യ പകുതിയിലെ അടിച്ചു പൊളിച്ചു ജീവിക്കുന്ന ചെറുപ്പകാരനിൽ നിന്നും രണ്ടാം പകുതിയിലെ ചുമതലാബോധമുള്ള മകനിലേക്കുള്ള വളർച്ച മോഹൻലാൽ ഗംഭീരമാക്കി . മധുവിന്റെ അനന്തൻ നിറഞ്ഞ് നിൽക്കുന്ന ആദ്യ പകുതിയിൽ നിന്നും മോഹൻലാലിന്റെ അർജുനനിലേക്ക് കഥ വളരുന്ന രണ്ടാം ഘട്ടമൊക്കെ രസകരമായിരുന്നു . ക്ലൈമാക്സ് രംഗങ്ങൾ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ വരവേറ്റത് . ഇന്നും റിപ്പീറ്റഡ് ഓഡിയൻസുള്ള ഒരു സീനാണത് . റിലീസ് ചെയ്ത് 33 വർഷം പിന്നിടുന്ന ഇന്ന് (മെയ് 5) തിരിഞ്ഞ് നോക്കുമ്പോൾ ഈ ചിത്രത്തിൽ ഒരുമിച്ച കൂട്ട്കെട്ട് വർഷങ്ങൾക്കിപ്പുറം 2013 – ൽ ലോക്പാലിലൂടെ ഒരുമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. മോഹൻലാലിന്റെ ആരാധകർ ഇന്നും കാണാൻ ഇഷ്ടപ്പെടുന്ന ഒരു ചിത്രം കൂടിയാണ് നാടുവാഴികൾ .