ജീവിതത്തിലെ പുതിയ പ്രകാശം! കുഞ്ഞ് ഉടന്‍ എത്തുമെന്ന് ബിപാഷയും കരണും

സോനം കപൂറിനും ആലിയ ഭട്ടിനും പിന്നാലെ കണ്‍മണിയെ കാത്തിരിക്കുകയാണ്
ബോളിവുഡ് താരം ബിപാഷ ബസുവും. ഇനി അധികം വൈകാതെ കുഞ്ഞ് സെലിബ്രിറ്റി എത്തുമെന്നാണ് ഫോട്ടോകള്‍ പങ്കുവച്ച് താരങ്ങള്‍ പറയുന്നത്. ‘ബേബി ബംപ്’ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ബിപാഷയേയും കുഞ്ഞുവയറിനേയും ഭര്‍ത്താവ് കരണ്‍ സിങ്ങ് ചേര്‍ത്തുപിടിക്കുന്നതും വയറില്‍ ചുംബിക്കുകയും ചെയ്യുന്ന ഹൃദ്യമായ നിമിഷങ്ങളാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു നീണ്ട കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. സ്നേഹത്തിന്റെ പ്രതീകമായ കുഞ്ഞ് ഉടന്‍ തങ്ങളുടെ കൂടെച്ചേരുമെന്നും കുറിപ്പില്‍ പറയുന്നു.

‘ഞങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ ഘട്ടം തുടങ്ങുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രകാശം. ഇതു ഞങ്ങളെ പഴയതിലും കൂടുതല്‍ പൂര്‍ണമാക്കുന്നു. ഓരോരുത്തരുമായിരുന്ന ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും ഒരേ മനസുള്ള രണ്ടു പേരായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി കടന്നുവരികയാണ്.

ഞങ്ങളുടെ സ്നേഹത്തില്‍ നിന്ന് പിറവിയെടുക്കുന്ന ഒരു സൃഷ്ടി. കുഞ്ഞ് ഉടന്‍ ഞങ്ങളോടൊപ്പം ചേരും. അതു ഞങ്ങളുടെ സന്തോഷം കൂട്ടും. നിങ്ങളുടെ പ്രാര്‍ഥനയ്ക്കും ആശംസകള്‍ക്കും സ്നേഹത്തിനും നന്ദി. എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുക. ഞങ്ങളുടെ ഒരു ഭാഗമാകുക.’ ബിപാഷ കുറിച്ചു.

2015ല്‍ ‘എലോണ്‍’ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ബിപാഷയും കരണും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി അധികം വൈകാതെ തന്നെ 2016 ല്‍ ഇരുവരും വിവാഹിതരായി. മൂന്നാം വിവാഹം ആയതിനാല്‍ കരണിനെ അംഗീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടായിരുന്നെന്ന് താരം മുന്‍പ് പറഞ്ഞിരുന്നു.

അടുത്തിടെ കരണും ബിപാഷയും ഡിന്നര്‍ കഴിക്കാന്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിപാഷ വളരെ ലൂസായ വസ്ത്രം ധരിച്ചതാണ് പാപ്പരാസികള്‍ ശ്രദ്ധിച്ചത്. താരം തന്റെ വയര്‍ മറച്ചു പിടിക്കാന്‍ വേണ്ടിയായിരുന്നു ആ വസ്ത്രം തിരഞ്ഞെടുത്തത് എന്നായിരുന്നു നെറ്റിസണ്‍സിന്റെ കണ്ടെത്തല്‍.

Anu B