‘ബി വാട്ടര്‍ മൈ ഫ്രണ്ട്’! അന്വര്‍ഥമായി…ബ്രൂസ് ലീയുടെ ജീവനെടുത്തത് വെള്ളം

ലോക സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണൂ. ത്രസിപ്പുന്ന ആക്ഷന്‍ രംഗങ്ങളാല്‍ ലോകത്തുടനീളം ആരാധകരെ സൃഷ്ടിച്ച ചൈനീസ് ആയോധനകലാ വിദഗ്ധന്‍ ബ്രൂസ് ലീ. ലോകമെമ്പാടും ആരാധകരെ…

ലോക സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണൂ. ത്രസിപ്പുന്ന ആക്ഷന്‍ രംഗങ്ങളാല്‍ ലോകത്തുടനീളം ആരാധകരെ സൃഷ്ടിച്ച ചൈനീസ് ആയോധനകലാ വിദഗ്ധന്‍ ബ്രൂസ് ലീ. ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കി സിനിമയില്‍ മിന്നും താരമായി നില്‍ക്കുന്ന സമയത്തായിരുന്നു ബ്രൂസ് ലീയുടെ അപ്രതീക്ഷിത വിയോഗം.

തന്റെ 32ാം വയസിലാണ് താരം ലോകത്തോട് വിട പറഞ്ഞത്. ബ്രൂസ് ലീയുടെ മരണകാരത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ മരണത്തെക്കുറിച്ചുള്ള പുതിയ പഠനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാണെന്നാണ് പഠനം പറയുന്നത്. ഹൈപ്പോ നട്രീമിയയാണ് ബ്രൂസ് ലീയ മരണത്തിലേക്ക് നയിച്ച തലച്ചോറിലെ നീര്‍വീക്കത്തിന് കാരണമായതെന്നാണ് ക്ലിനിക്കല്‍ കിഡ്‌നി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷകരുടെ അഭിപ്രായത്തില്‍, അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്.

ഇത് തലച്ചോറില്‍ നീര്‍വീക്കമുണ്ടാക്കും. ശരീരത്തിലേക്ക് അധികമായി എത്തുന്ന വെള്ളത്തെ നിയന്ത്രിക്കാന്‍ ലീയുടെ വൃക്കകള്‍ക്ക് സാധിച്ചില്ല. കഞ്ചാവ് ഉപയോഗവും ലീയുടെ ദാഹം കൂടാന്‍ കാരണമായെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ഹൈപ്പോനാട്രീമിയ കാരണം ലീയുടെ വൃക്കകള്‍ തകരാറിലായെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് കണ്ടെത്തല്‍.

തലച്ചോറിലുണ്ടായ നീര്‍വീക്കമായ സെറിബ്രല്‍ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന വേദനാസംഹാരികളാവാം ഇതിന് കാരണമെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്.

എന്നാല്‍ അവസാന കാലത്ത് ബ്രൂസ് ലീ അമിതമായി വെള്ളം കുടിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. കൂടുതല്‍ വെള്ളം ശരീരത്തിലേക്ക് ചെല്ലുന്ന രീതിയിലുള്ള ഡയറ്റാണ് ലീ പിന്തുടര്‍ന്നിരുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലിന്‍ഡ ലീ വ്യക്തമാക്കിയിരുന്നു.

താരത്തിന്റെ ജീവചരിത്രമായ ‘ബ്രൂസ് ലീ: എ ലൈഫ്’ എന്ന പുസ്തകത്തിലും ലീ രോഗബാധിതനാകുന്നതിന് മുമ്പ് അമിതമായി വെള്ളം കുടിച്ചിരുന്നതായി എഴുത്തുകാരന്‍ മാത്യു പോളിയും പറയുന്നുണ്ട്. ലീയുടെ പ്രസിദ്ധമായ ഉദ്ധരണിയാണ് ‘ബി വാട്ടര്‍ മൈ ഫ്രണ്ട്’. അവസാനം അതേ വെള്ളം തന്നെ അദ്ദേഹത്തിന്റെ ജീവനുമെടുത്തു.

1973 ജൂലൈയില്‍ 20നാണ് ദുരൂഹമായ സാഹചര്യത്തില്‍ ബ്രൂസ് ലീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് ലീ കഞ്ചാവ് ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് പുതിയ സിനിമയുടെ സെറ്റിലേക്ക് സ്വയം വണ്ടിയോടിച്ച് പോയി. സിനിമയുടെ നിര്‍മാതാവ് റെയ്മണ്ട് ചോവിന്റെ കൂടെയായിരുന്നു യാത്ര. രാത്രി 7.30 ന് തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം കുടിക്കുകയും മരുന്നു കഴിക്കുകയും ചെയ്തശേഷം വിശ്രമിക്കാനായി പോയി. 9.30ന് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല.