Categories: Current AffairsHealth

ക്യാന്‍സര്‍ ബാധിച്ച് മരിച്ച സുഹൃത്തിന്റെ ആറുകുഞ്ഞുങ്ങളെ ദത്തെടുത്ത് സ്റ്റെഫാനി: വിര്‍ജീനിയയില്‍ നിന്നും ഹൃദയ സ്പര്‍ശിയായ ഒരു സൗഹൃദ കഥ.

റിച്ച്‌മോണ്ട്: അപൂര്‍വ സൗഹൃദങ്ങളുടെ കഥകള്‍ നിരവധി നാം കേട്ടിട്ടുണ്ട്. പരസ്പരം പാരവെപ്പുകള്‍ക്കും വഴക്കുകള്‍ക്കുമപ്പുറം സ്‌നേഹവും ഒത്തൊരുമയുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള എത്രയോ സൗഹൃദങ്ങള്‍ നമുക്ക് മുന്നിലൂടെ മിന്നിമാറിയിട്ടുണ്ട്. അത്തരത്തില്‍ സ്‌നേഹവും സഹകരണവുമായി കഴിഞ്ഞിരുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ പറയാം. വളരെ ഹൃദയ സ്പര്‍ശിയാണ് ഇതെന്ന് സംശയമില്ല.

വിര്‍ജീനിയ സ്വദേശികളായ ബെത്ത് ലൈത്‌കെപും (39) സ്റ്റെഫാനി കെല്ലി(39)യുമാണവര്‍. പഠന കാലം മുതല്‍ ഒരുമിച്ചുണ്ടായിരുന്നവര്‍. വിവാഹ ജീവിതത്തിന് ശേഷവും ഇവരുടെ സൗഹൃദം തുടര്‍ന്നു. എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷം ഇവരുടെ സൗഹൃദങ്ങള്‍ക്കിടയിലേക്ക് വില്ലനായി ഒരു കഥാപാത്രം കടന്നു വന്നു, ‘കാന്‍സര്‍’. ബെത്തിനാണ് കാന്‍സര്‍ രോഗം ബാധിച്ചതെങ്കിലും സ്‌റ്റെഫാനിയേയും അത് തളര്‍ത്തി. എന്നാല്‍ രോഗത്തെ ഒരുമിച്ച് നേരിടാന്‍ ഇരുവരും തീരുമാനിച്ചു.

2014 ലായിരുന്നു ആദ്യമായി ബെത്തിന് സ്തനാര്‍ബുദ്ദം കണ്ടെത്തിയത്. തന്റെ ആറാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോഴായിരുന്നു ഇത്. എന്നാല്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് ജീവന്‍ രക്ഷപ്പെടുത്തി. മാസം തികയുന്നതിന് മുന്‍പായിരുന്നു സിസേറിയന്‍ നടത്തിയത്. ഇതിന് ശേഷം കീമോ തെറാപ്പിയിലൂടെ ബെത്തിന്റെ രോഗം ശമിച്ചു. ബെത്തിന് കാന്‍സറാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. ടെക്‌സാസില്‍ താമസിക്കുന്നതിനിടയിലായിരുന്നു ഈ സംഭവങ്ങള്‍. 2015 ല്‍ വീണ്ടും ബെത്തിനെത്തേടി കാന്‍സറെത്തി.

പറക്കമുറ്റാത്ത കുഞ്ഞും മറ്റ് അഞ്ച് കുട്ടികളുമായി എന്ത് ചെയ്യണമെന്നറിയാതെ ദു:ഖിച്ചിരിക്കുന്ന സമയത്തായിരുന്നു തന്റെ പ്രിയ സുഹൃത്ത് സ്റ്റെഫാനിയുടെ വിളി വന്നത്. കുട്ടികളുമായി ബെത്ത് വിര്‍ജീനിയയിലേക്ക് താമസം മാറ്റി. അവിടെ തന്റെ വീടിന് സമീപം വീടെടുത്ത് നല്‍കിയ ശേഷം വിര്‍ജീനയിലുള്ള ഒരു ഡോക്ടറെ കണ്ട് ബെത്തിന്റെ രോഗ വിവരങ്ങള്‍ സ്‌റ്റെഫാനി ആരാഞ്ഞു. ഏറെ വൈകിയെന്നായിരുന്നു ഡോക്ടറുടെ മറുപടി. മരുന്നുള്‍ക്കും മന്ത്രങ്ങള്‍ക്കുമൊന്നും ബെത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ പതറായെ സ്റ്റെഫാനി ബെത്തിനൊപ്പം തന്നെ നില്‍ക്കുകയായിരുന്നു.

മരണക്കിടയില്‍ നിന്നും ഒന്നു മാത്രമായിരുന്നു ബെത്ത് സ്റ്റെഫാനിയോട് ആവശ്യപ്പെട്ടത്. തന്റെ മക്കള്‍ക്ക് ആരുമില്ലെന്നും അവരെ സംരക്ഷിക്കണമെന്നുമായിരുന്നു അത്. കുട്ടികളെ സംരക്ഷിച്ചുകൊള്ളാമെന്ന് സ്റ്റെഫാനി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ തന്റെ സുഹൃത്ത് തമാശ പറയുന്നതായി മാത്രമാണ് ബെത്ത് അതിനെക്കണ്ടത്. സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷം ബെത്ത് മരിച്ചു.

ഇത് സ്റ്റെഫാനിയെ ഏറെ വേദനിപ്പിച്ചു. ഉള്ളുരുകുന്ന വേദനയില്‍ തന്റെ പ്രിയ സുഹൃത്തിന് അവസാന നിമിഷം നല്‍കിയ വാക്ക് സ്റ്റെഫാനി പാലിക്കുക തന്നെ ചെയ്തു. ബെത്തിന്റെ ആറ് കുട്ടികളെ സ്‌റ്റെഫാനി ഏറ്റെടുത്തു. ഭര്‍ത്താവ് ഡോണിയ്ക്കും കുട്ടികളെ ഏറ്റെടുക്കുന്നതില്‍ പൂര്‍ണ്ണസമ്മതമായിരുന്നു. തങ്ങളുടെ മൂന്നു കുട്ടികള്‍ക്കൊപ്പം ബെത്തിന്റെ മക്കളേയും അവര്‍ സ്വന്തം മക്കളായി കണ്ടു. ബന്ധുക്കളുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് സ്റ്റെഫാനിയും ഭര്‍ത്താവും പറയുന്നു.

ബെത്തിന്റെ ഒരാഗ്രഹം കൂടി സ്റ്റെഫാനിക്ക് സാധിക്കാനുണ്ട്. ഇളയ മകന്‍ ആകിന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുക. ബെത്തിന് ഏറെയിഷ്ടമുള്ള ബലൂണുകള്‍ കൊണ്ട് വീട് അലങ്കരിക്കണം. അവയില്‍ ഒരു ബലൂണ്‍ ബെത്തിന് വേണ്ടി ആകാശത്തേക്ക് ഉയര്‍ത്തണം. അവള്‍ക്ക് ലഭിക്കുമന്ന പ്രതീക്ഷയോടെ.

Devika Rahul