ക്യാൻസർ ആണെന്നറിഞ്ഞ നിമിഷം ഞാൻ കരുതി എന്റെ ജീവിതം അവസാനിക്കാൻ പോകുകയാണെന്ന്, എന്നാൽ തോറ്റുകൊടുക്കാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു !!

എല്ലാവരും ഏറെ ഭയക്കുന്ന ഒരു രോഗമാണ് ക്യാൻസർ, ക്യാൻസർ ആണെന്ന റിപ്പോർട്ട് വരുന്ന നിമിഷം നമ്മൾ വിധിയെഴുതുന്നു നമ്മളുടെ ജീവിതം അവസാനിച്ചു എന്ന്, എന്നാൽ ക്യാൻസറിനെ പൊരുതി തോൽപ്പിച്ച ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും,…

എല്ലാവരും ഏറെ ഭയക്കുന്ന ഒരു രോഗമാണ് ക്യാൻസർ, ക്യാൻസർ ആണെന്ന റിപ്പോർട്ട് വരുന്ന നിമിഷം നമ്മൾ വിധിയെഴുതുന്നു നമ്മളുടെ ജീവിതം അവസാനിച്ചു എന്ന്, എന്നാൽ ക്യാൻസറിനെ പൊരുതി തോൽപ്പിച്ച ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും, അതിൽ ചിലരെയൊക്കെ നമുക്കറിയാം, എന്നാൽ നമ്മൾ അറിയാതെ പോകുന്ന പലരും ഉണ്ട്, വിധിയെ മനോധൈര്യം കൊണ്ട് പൊരുതി തോൽപ്പിക്കുന്ന ഈ ക്യാൻസർ രോഗികൾ മറ്റുള്ളവർക്ക് പ്രചോദനമാണ്,
ക്യാൻസറിനെ പൊരുതി തോൽപ്പിച്ച മോട്ടിവേഷൻ സ്പീക്കർ ലക്ഷ്മിയുടെ കുറിപ്പാണു ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ക്യാൻസറാണ് എന്ന് അറിഞ്ഞ നിമിഷം എനിക്കും തോന്നിയിട്ടുണ്ട് ജീവിതം അവസാനിക്കാൻ പോവുകയാണ് എന്ന് എന്റെ മുന്നിൽ ഒരു മാർഗ്ഗവുമില്ല എന്നൊക്കെ ഞാനും ധരിച്ചിട്ടുണ്ട്.അലറി കരഞ്ഞു വിളിച്ചിട്ടുണ്ട്… മാനസികമായി ആകെ തകർന്നു പോയിട്ടുണ്ട്, പക്ഷെ എന്നിട്ടും ഞാൻ ദൈവത്തിനോട് പരിഭവം പറഞ്ഞില്ല, ക്യാൻസറിനെ ഒരു ശത്രുവായി കാണാതെ പകരം മിത്രമായി കണ്ടു, ക്യാൻസറിലൂടെയാണ് ഞാൻ പലതും പഠിച്ചത്, ശെരിക്കും ക്യാൻസർ എന്റെ വഴികാട്ടിയായി മാറി എന്ന് ലക്ഷ്മി പറയുന്നു.
ലക്ഷ്മിയുടെ കുറിപ്പ് വായിക്കാം
ഒക്ടോബർ മാസം Breast Cancer Awareness Month ആണ്. ഞാനും ഒരു cancer patient ആണ്.
ഒരുപാട് അറിവുകൾ ഒന്നും എനിക്കില്ല എങ്കിലും ഞാൻ അനുഭവിച്ച അനുഭവങ്ങളിൽ നിന്നുള്ള കുറച്ചു കാര്യങ്ങൾ കാൻസറിനെ അഭിമുഖീകരിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ഒരു പ്രചോദനം ആവട്ടെ എന്ന് കരുതിയാണ് ഞാൻ ഈ വാക്കുകൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. നമ്മൾ പറയുന്ന വാക്കുകൾ കുറച്ചു പേർക്കെങ്കിലും ഒരു പ്രകാശം അല്ലെങ്കിൽ ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നു എങ്കിൽ അത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. വാക്കുകൾക്ക് അത്രയേറെ ശക്തിയുണ്ട്.
ക്യാൻസർ എന്ന സുഹൃത്ത് എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതിനു മുൻപ് ഞാൻ എന്റെ ജീവിതം ഒരുപാട് ആസ്വദിച്ചിരുന്നു.
എന്റെ ഇഷ്ടങ്ങൾ ആയ പാട്ട്.. ഡാൻസ്.. എഴുത്ത് ഇതൊക്കെ ആയിരുന്നു എന്റെ ലോകം. ‘ശരീരസൗന്ദര്യം’ അതിന് ഒരുപാട് പ്രാധാന്യം നൽകി ഞാൻ കാത്തു സൂക്ഷിച്ചിരുന്നു. ഒരു നർത്തകി ആയതുകൊണ്ടു എന്റെ ശരീരസൗന്ദര്യത്തിൽ ഞാൻ ഒരുപാട് പ്രാധാന്യവും നൽകിയിരുന്നു.
ക്യാൻസർ എന്ന ഫ്രണ്ട് എന്റെ കൂടിയതിനു ശേഷമാണ് ഞാൻ ‘അഹം’ എന്ന ബോധത്തിൽ നിന്ന് ഉണർന്നത്. നശ്വരമായ എന്റെ ‘ശരീരത്തെ’ ഒരുപാട് പ്രാധാന്യം കൽപ്പിച്ചിരുന്ന എനിക്ക് റിയൽ ലൈഫ് എന്തെന്ന് എന്ന് പഠിപ്പിച്ചു തന്നത് ക്യാൻസർ എന്ന സുഹൃത്താണ്. നശ്വരമായ ഈ ശരീരത്തിന് ഞാൻ എത്രമാത്രം പ്രാധാന്യം കൽപ്പിച്ചിരുന്നു എന്ന വിഡ്ഢിത്തരം ആലോചിക്കുമ്പോൾ എനിക്ക് തന്നെ ചിരി വരാറുണ്ട്. കാൻസർ പോലെയുള്ള ഒരു രോഗം നമ്മളെ പിടി പെടുംമ്പോഴാണ് നമ്മൾ ശരിക്കും നമ്മുടെ ജീവിതത്തിനെ കുറിച്ച് ചിന്തിക്കുന്നത്. നാം എന്ന വ്യക്തിയെ കുറിച്ച് ചിന്തിക്കുന്നത്.
ക്യാൻസർ എന്നാൽ ഒരു ഭീകരജീവിയാണ് എന്നൊരു കൺസെപ്റ്റ് നമ്മളുടെ പണ്ടുമുതലേയുള്ള ഒരു ധാരണയാണ്. ക്യാൻസറിനും മാത്രമല്ല എല്ലാ രോഗങ്ങൾക്കും അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ട്. ഒന്നു നോക്കൂ നമുക്കൊരു ചെവി വേദന ഒരു പല്ലുവേദന അല്ലെങ്കിൽ ഒരു തൊണ്ടവേദന വന്നാൽ നമ്മൾ അത് സഹിക്കാൻ പഠിച്ചു. അതിനു നമ്മൾ അത്രയും വലിയ ഇംപോർട്ടൻസ് കൊടുക്കാറില്ല.cancer അത് പോലെ തന്നെ ആണ്. കുറച്ചു കൂടുതൽ വേദന ഉണ്ടാകും എന്ന് മാത്രം. പക്ഷേ നമ്മുടെ മനസ്സിൽ ഒരു ഭയമുള്ള ഭീകരജീവി ആയിട്ടാണ് ക്യാൻസറിനെ നമ്മൾ ഇപ്പോഴും കാണുന്നത്.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ഈ ആനയ്ക്ക് ആനയുടെ ശക്തി അറിയില്ല എന്ന് പറയുന്നത് പോലെ ആണ് കാര്യങ്ങൾ. ശരിക്കും പറഞ്ഞാൽ നോക്കൂ ആനയെ തളച്ചിടുന്ന ചങ്ങല കണ്ടിട്ടില്ലേ??????? ജസ്റ്റ് ഒന്ന് കാലു വലിച്ച് ആനയ്ക്ക് പൊട്ടിക്കാവുന്നതേ ഉള്ളു ആ ചങ്ങല. പക്ഷേ ആനയെ ചെറുപ്പംതൊട്ടേ പഠിപ്പിച്ചിട്ടുള്ള ഒരു ധാരണയുണ്ട്. തന്നെ ബന്ധിച്ചിരിക്കുന്ന ഈ ചങ്ങല പൊട്ടിക്കാൻ പറ്റില്ല എന്ന്. ആനയുടെ ഉപബോധമനസ്സിൽ രൂപംകൊണ്ടത് ആ ചങ്ങല എനിക്ക് ഒരിക്കലും പൊട്ടിക്കാൻ പറ്റില്ല എന്നാണ്.എത്ര വലുതായാലും ആന അതിന് ശ്രമിക്കുകയും ഇല്ല. അതുപോലെതന്നെയാണ് ‘ക്യാൻസറിനെ’ കുറിച്ചുള്ള നമ്മുടെ മിഥ്യ ധാരണയും. ട്രീറ്റ്മെന്റ് എടുത്ത് മാറ്റാവുന്ന രോഗം തന്നെ ആണ് അതും. കുറച്ച് കൂടുതൽ വേദന നമ്മൾ അനുഭവിക്കേണ്ടി വരും എന്ന് മാത്രം.
നോക്കൂ നമുക്ക് എല്ലാ കഴിവുകളും തന്നിട്ടാണ് ദൈവം ഭൂമിയിലേക്ക് സൃഷ്ടിച്ചിട്ടുള്ളത്. കാണാനും കേൾക്കാനും സംസാരിക്കാനും ഉള്ള എല്ലാ കഴിവുകളോടും കൂടി തന്നെ. പക്ഷേ നമ്മൾ എന്നിട്ടും എന്താ ചെയ്യാറ്????? ദൈവത്തിന്റെ മുന്നിൽ രണ്ട് കൈയും നീട്ടി യാചിക്കും “എനിക്ക് അത് കിട്ടിയില്ല.. എനിക്ക് ഇത് കിട്ടിയില്ല “.”ദൈവമേ എന്നെ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നേ??? “.!!!! “എനിക്ക് മാത്രം ഇങ്ങനെ കഷ്ടപ്പാടുകൾ തന്നല്ലോ”!!!!.
സത്യത്തിൽ എന്ത് വിഡ്ഢിത്തരം ആണ് നമ്മൾ ചെയ്യുന്നത്?. ദൈവത്തിനോട് മത്സരിക്കുന്നവരെയാണ് ദൈവത്തിന് ഇഷ്ടം. ജീവിതത്തെ നമുക്ക് ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണാം. ജീവിതത്തിൽ എപ്പോഴും സന്തോഷങ്ങൾ മാത്രം ആയിട്ടുള്ള ഒരു അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?. ജീവിതം വളരെ ബോർ ആയിരിക്കും. നമുക്ക് പെട്ടെന്ന് മടുപ്പ് തോന്നുന്ന ലൈഫ്. ശരിക്കും പറഞ്ഞാൽ ഒരു പ്രോബ്ലം സോൾവ് ചെയ്തു കഴിയുമ്പോൾ അടുത്ത പ്രോബ്ലം വരും. അതിനിടയിൽ വരുന്ന കുറച്ച് കുറച്ച് സന്തോഷത്തിന് ഒരുപാട് വിലയുണ്ട്.
നമുക്ക് പ്രതിസന്ധിഘട്ടങ്ങൾ ദൈവം തരുന്നത് നമ്മളെ നല്ലൊരു മനുഷ്യനായി വാർത്തെടുക്കാൻ വേണ്ടി തന്നെയാണ്.
കാൻസറിനെ ഒരു ഭയത്തോടെ കാണാതെ ഒരു നല്ല സുഹൃത്ത് അല്ലെങ്കിൽ നല്ലൊരു അധ്യാപിക ആയി കാണാം.
നമ്മുടെ മനസ്സിൽ വേരുറച്ചുപോയ കുറച്ചു ചിന്തകളുണ്ട്. ക്യാൻസർ എന്ന ഭീകരജീവി പിടിച്ചു കഴിഞ്ഞാൽ പിന്നെ ജീവിക്കില്ല എന്നൊക്കെയുള്ള മിഥ്യ ധാരണകളാണ് നമുക്ക് ചുറ്റും.
ക്യാൻസറാണ് എന്ന് അറിഞ്ഞ നിമിഷം എനിക്കും തോന്നിയിട്ടുണ്ട് ജീവിതം അവസാനിക്കാൻ പോവുകയാണ് എന്ന് എന്റെ മുന്നിൽ ഒരു മാർഗ്ഗവുമില്ല എന്നൊക്കെ ഞാനും ധരിച്ചിട്ടുണ്ട്.അലറി കരഞ്ഞു വിളിച്ചിട്ടുണ്ട്… മാനസികമായി ആകെ തകർന്നു പോയിട്ടുണ്ട്. ഒരുപാട് കാത്തു സൂക്ഷിച്ചിരുന്നു ഞാൻ എന്റെ ശരീരം. അവിടെയാണ് ഒരു കോമഡി ഫിലിം പോലെ ഒരു വില്ലൻ കടന്ന് വന്നത്.
പക്ഷേ ഞാൻ ദൈവത്തിനോട് ഒരിക്കലും വഴക്കു ഇടാൻ ശ്രമിച്ചിട്ടില്ല പകരം ദൈവത്തിനെ നല്ലൊരു കൂട്ടുകാരൻ ആയി കാണാൻ ശ്രമിക്കുകയായിരുന്നു.
അദ്ദേഹം എന്നെ ജീവിതം പഠിപ്പിച്ചു തരുകയായിരുന്നു. ഞാൻ കാണുന്ന കാഴ്ചകൾ ഒന്നും യഥാർത്ഥമായിരുന്നില്ല എന്ന സത്യം.
പിന്നെ മുടി.. കൺപീലി.. പുരികം ഇതെല്ലാം കുറച്ചു നാളത്തേക്ക് നമ്മിൽ നിന്ന് അന്യം നിൽക്കും. അതിലൊന്നും വിഷമിക്കേണ്ട യാതൊരു കാര്യവുമില്ല. അതെല്ലാം തിരിച്ചുവരാനുള്ളതാണ്‌. അല്ലെങ്കിൽ തന്നെ ഒന്ന് ഉരുണ്ടു വീണാൽ തീരാവുന്ന സൗന്ദര്യം മാത്രമല്ലേ നമുക്ക് എല്ലാവർക്കും ഉള്ളു. അതുകൊണ്ട് അതിൽനിന്നൊക്കെ കരുത്ത് ആർജിക്കണം.
ക്യാൻസറിനെ ഞാനൊരിക്കലും ഒരു ശത്രുവായി കണ്ടിട്ടില്ല പകരം നല്ലൊരു മിത്രം ആയിട്ടാണ് കണ്ടിട്ടുള്ളത്. കാരണം കാൻസർ എന്ന സുഹൃത്ത് എനിക്ക് നല്ലൊരു വഴികാട്ടിയായിരുന്നു.
ക്യാൻസറിലൂടെ ഞാൻ ഒരുപാട് യാഥാർത്ഥ്യങ്ങൾ പഠിച്ചെടുത്തു. അതുകൊണ്ടുതന്നെ എനിക്ക് എന്റെ ചുറ്റുപാടുമുള്ള വരെ കാരുണ്യത്തിന്റെ കണ്ണോടു കൂടി കാണാൻ കഴിയാറുണ്ട്. അവരുടെ ദുഃഖങ്ങൾ കേൾക്കാനുള്ള ക്ഷമ ലഭിച്ചിട്ടുണ്ട്. എന്നെക്കൊണ്ട് പറ്റുന്ന വിധത്തിൽ അവരെ സമാധാനിപ്പിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. എന്നിൽ നന്മയുള്ള ഒരു ഹൃദയം വാർത്തെടുക്കാൻ ഈ കാൻസർ എന്ന സുഹൃത്ത് ഒരുപാട് സഹായിച്ചിട്ടുണ്ട്
ജീവിതം ശരിക്കും ഒരു വയൽ പോലെയാണ്
ദൈവം നമുക്ക് ലൈഫ് എന്ന വയൽ നൽകി അതിലെ കർഷകരാണ് നമ്മൾ ആ വയൽ ഉഴുതുമറിച്ച് നമ്മൾ എന്താണ് അവിടെ കൃഷിയിറക്കുന്നത് എന്ന് നമ്മൾ തീരുമാനിക്കണം എന്തു വിത്താണ് വിതയ്ക്കണ്ടതെന്ന് നിങ്ങൾ തീരുമാനമെടുക്കുക.നമ്മൾ വിതയ്ക്കുന്നതേ നമ്മൾ കൊയ്യു.
കുറച്ചു നല്ല മനുഷ്യരുടെ ദാനം ആണ് എന്റെ ഈ ജീവിതം. ജീവിതപങ്കാളിയുടെയും അച്ഛൻ.. അമ്മ.. മറ്റ് കുടുംബാംഗങ്ങളുടെയും പിന്നെ ഈ സമയത്തു എന്റെ അമ്മയായി മാറിയ എന്റെ കുഞ്ഞു മക്കൾ .. എന്റെ ഡോക്ടർ… കട്ടയ്ക്കു നിൽക്കുന്ന കുറച്ചു ആത്മാർത്ഥ ബന്ധുക്കളും കൂട്ടുകാരും. അവരുടെ സ്നേഹവും സപ്പോർട്ടും ആണ് എനിക്ക് ക്യാൻസർ എന്ന അവസ്ഥയെ അതിജീവിക്കാൻ ഉണ്ടായ പ്രചോദനം.
നമ്മൾ അനുഭവിച്ച അനുഭവങ്ങളിൽ നിന്നും വേദനകളിൽ നിന്നും നമ്മൾ നമ്മളെ ഉൾക്കൊണ്ട് നമുക്ക് സഹജീവികളോട് കാരുണ്യത്തോടെയും സ്നേഹത്തോടെയും പെരുമാറാം.അവരെയും നെഞ്ചോട് ചേർത്ത് നിർത്താം. കരുത്തു പകരാം. ഒരു ക്യാൻസറിനും വിട്ട് കൊടുക്കാതെ നമ്മുടെ പ്രിയപെട്ടവരെ നമ്മുടെ ജീവിതത്തിൽ ചേർത്ത് നിർത്താം