ഒർജിനലിന് പകരം പ്രശസ്ത നടിമാരുടെ അപരകളെ അവതരിപ്പിച്ച ചില സംഭവങ്ങൾ.

ഐശ്വര്യ റായിയും, കത്രീന കൈഫും സൽമാൻ ഖാനുമായി പിരിഞ്ഞ ശേഷം അവർക്ക് പകരമെന്ന പോലെ, അവരുമായി രൂപ സാദൃശ്യമുള്ള രണ്ട് നടിമാർ സൽമാൻ ചിത്രങ്ങളിൽ നായികമാരായി അവതരിപ്പിക്കപ്പെട്ടു. ലക്കി: നോ ടൈം ഫോർ ലവ്,…

ഐശ്വര്യ റായിയും, കത്രീന കൈഫും സൽമാൻ ഖാനുമായി പിരിഞ്ഞ ശേഷം അവർക്ക് പകരമെന്ന പോലെ, അവരുമായി രൂപ സാദൃശ്യമുള്ള രണ്ട് നടിമാർ സൽമാൻ ചിത്രങ്ങളിൽ നായികമാരായി അവതരിപ്പിക്കപ്പെട്ടു. ലക്കി: നോ ടൈം ഫോർ ലവ്, എന്ന ചിത്രത്തിൽ ഐശ്വര്യാ റായിയൂടെ രൂപ സാദൃശ്യമുള്ള സ്നേഹ ഉല്ലാൽ എന്ന നടിയെ അവതരിപ്പിച്ചു. റഷ്യയിലൊക്കെ വച്ച് ചിത്രീകരിച്ച ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

പിന്നീട് സൽമാൻ ഖാന്റെ സഹോദരൻ സോഹൈൽ ഖാൻ നായകനായി അഭിനയിച്ച ആര്യൻ എന്ന ചിത്രത്തിലും അവർ നായികയായി. അതും വിജയമായില്ല. മറ്റ് ചില ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൊക്കെ അഭിനയിച്ച സ്നേഹ ഉല്ലാൽ ഇപ്പോൾ അധികം ആക്റ്റീവ് അല്ല. വീർ എന്ന ചരിത്ര സിനിമയിലൂടെ അവതരിപ്പിക്കപ്പെട്ട സറീൻ ഖാൻ, സൽമാൻ ഇടക്ക് ഉടക്കിപ്പിരിഞ്ഞ കാമുകി കത്രീന കൈഫിന്റെ മുഖഛായയുള്ള നടിയായിരുന്നു. സൽമാനൊപ്പം റെഡി സിനിമയിലും അവർ നായികയായി. കത്രീനയോളം പ്രശസ്തി നേടയില്ല എങ്കിലും ഇപ്പോഴും സിനിമാ രംഗത്ത് സജീവമായി തുടരുന്നു.

തമിഴ് സിനിമാരംഗത്ത് ഇതുപോലെ അരങ്ങേറിയ ഒരു നടിയായിരുന്നു സിമ്രാന്റെ മുഖഛായയുള്ള മീരാ ചോപ്ര. എസ് ജെ സൂര്യയുടെ അൻപെ ആരുയിരെ എന്ന ചിത്രത്തിൽ നിള എന്ന പേരിലായിരുന്നു അവർ അവതരിപ്പിക്കപ്പെട്ടത്. അക്കാലത്ത് പല മാധ്യമങ്ങളും അവർക്ക് ജൂനിയർ സിമ്രാൻ എന്ന പട്ടം ചാർത്തിക്കൊടുത്തു. ആൻപെ ആറുയിരെ വലിയ വിജയമൊന്നും നേടിയില്ല എങ്കിലും മീരാ ചോപ്രക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചു. ഇപ്പോഴും അവർ സജീവമാണ്. പ്രശസ്ത ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ കസിനാണ് മീര.