CBSE, ICSE സ്കൂളുകളിൽ മാത്രം മക്കളെ പഠിപ്പിക്കാൻ വാശിപിടിക്കുന്ന രക്ഷകർത്താക്കൾക്ക് അറിയുമോ ഈ കാര്യങ്ങളൊക്കെ..

എന്താണ് CBSE ? എന്താണ് ICSE ? കുട്ടിയെ എവിടെ ചേർക്കണം ? പൊതുജനം അറിയണം എന്ന ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് തയ്യാറാക്കിയത് . അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കംപായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ…

എന്താണ് CBSE ? എന്താണ് ICSE ? കുട്ടിയെ എവിടെ ചേർക്കണം ? പൊതുജനം അറിയണം എന്ന ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് തയ്യാറാക്കിയത് . അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കംപായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി . കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ . ചെലവ് കൊക്കിലൊതുങ്ങുന്നില്ല . എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം . LKG യിലും UKG യിലും ഒന്നാം ക്ലാസ്സിലുംമൊക്കെ ചേർക്കേണ്ട കുട്ടിക്കും മിനിമം പതിനായിരം രൂപ എങ്കിലും ചെലവു വരുന്നുണ്ടത്രേ ! ക്ലാസ് കയറും തോറും ചെലവ് പതിനായിരങ്ങളിലേയ്ക്കും പിന്നെ ലക്ഷങ്ങളിലേയ്ക്കും കടക്കും . നട്ടെല്ലൊടിഞ്ഞാണ് പലരും ഇത്തരം സ്കൂളുകളിൽ മക്കളെ ചേർക്കാൻ പണം കണ്ടെത്തുന്നത് . അവരോടു CBSE അല്ലെങ്കിൽ ICSE എന്നതിന്റെ ഫുൾഫോം ചോദിച്ചു . അറിയില്ല എന്ന് മറുപടി . CBSE എന്നാൽ Central Board of Secondary Education എന്നും ICSE എന്നാൽ Indian Certificate of Secondary Education എന്നാണെന്നും പറഞ്ഞിട്ടും അവർക്ക് കാര്യം പിടികിട്ടിയില്ല . അവരെന്നല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും അറിയില്ല . അവരുടെ മുമ്പിൽ വെച്ച് തന്നെ വിക്കിപീടിയയിൽ തിരഞ്ഞു നോക്കിയപ്പോൾ കിട്ടിയത് ഇതാണ് . “In India , high school is a grade of education from Standards IX to X . Standards IX and X are also called Secondary School . Usually , students from ages 14 to 17 study in this section. These schools may be affiliated to national boards ( Like CBSE , ISC , and NIOS ) or various state boards . ” സെക്കന്ററി സിലബസിന്റെ മാത്രം ഉത്തരവാദിത്ത്വമാണ് CBSEക്ക് എന്ന് ചുരുക്കം . അപ്പോൾപിന്നെ CBSE എന്ന് ‘അവകാശപ്പെടുന്ന’ സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ കുട്ടികളുടെ സിലബസ് ഏതാണ് ?

അങ്ങനെ ഒരു പ്രിസ്ക്രൈബ്ഡ് സിലബസ് അവർക്കില്ല എന്ന ഉത്തരംകിട്ടും . സംശയം ഉണ്ടെങ്കിൽ CBSE യുടെ വെബ്‌സൈറ്റ് പരിശോധിച്ചുനോക്കൂ . ദോഷം മാത്രം പറയരുതല്ലോ ! ഏതു പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന ഒരു റിപ്പോർട്ട് ആവശ്യപെട്ടാൽ മതിയാവും . അപ്പോൾപിന്നെ ഏതു സിലബസ് അനുസരിച്ചാണ് ചെറിയ ക്ലാസുകളിൽ CBSE എന്ന് ‘അവകാശപ്പെടുന്ന’ സ്കൂളുകൾ പുസ്തകം തെരഞ്ഞെടുക്കുന്നത് ? ഏറ്റവും കൂടുതൽ കമ്മീഷൻ തരുന്നത് ഏതു കമ്പനിയാണോ അവരുടെ എന്നല്ലാതെ മറ്റെന്ത്‌ ഉത്തരം ? യഥാർത്ഥ വിലയുടെ മൂന്നിരട്ടി ആവും MRP ആയി പ്രിന്റ്‌ ചെയ്യുക . ബാക്കി സ്കൂളിന്റെ ലാഭം . എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണം എന്ന് നിർബന്ധിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ . ഇതിനെല്ലാം പുറമേയാണ് നോട്ടു ബുക്കുകൾ , അഡ്മിഷൻ ഫീ , ട്യൂഷൻ ഫീ , ആ ഫീ, ഈ ഫീ എന്നൊക്കെ പറഞ്ഞു വാങ്ങുന്ന ആയിരങ്ങൾ . സ്കൂൾ ടൂറിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള വേറെ . സ്കൂൾ ബസിലെ യാത്രക്ക് മാസം കൊടുക്കണം നൂറിന്റെ നോട്ടുകൾ പലത് . അദ്ധ്യാപകർക്ക് ഇതിനനുസരിച്ചുള്ള മാന്യമായ ശമ്പളം കൊടുക്കുന്നുമില്ല ! കേരള സിലബസിൽ എങ്ങനെയാണ് ? കൗതുകകരമായ വസ്തുത കേരള സർക്കാരിന്റെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്തുവരെ വിദ്യാഭ്യാസം സൗജന്യമായിരിക്കെയാണ് ഈ പരക്കം പാച്ചിൽ എന്നതാണ് . ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ് . നോട്ടുബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാവും . അഡ്മിഷൻഫീസോ , മാസ ഫീസോ , വാർഷികഫീസോ ഇല്ല . യൂണിഫോം ഏതാണ്ട് സൗജന്യം എന്ന് തന്നെ പറയാം . ഞങ്ങളൊരു ഏയ്‌ഡഡ്‌ സ്കൂളിൽ നാല് വർഷത്തെ കണക്കു നോക്കിയിട്ട് ഒരു കുട്ടിക്കു ശരാശരി 450 രൂപയിൽ കൂടുതൽ ആകെ വാർഷിക ചെലവു വന്നതായി കണ്ടിട്ടില്ല . അതായത് ഒരു ചെരുപ്പിന്റെയോ , ബാഗിന്റെയോ , ഷർട്ടിന്റെയോ ചെലവുപോലും ഒരു വർഷത്തേയ്ക്ക് ആകുന്നില്ല എന്ന് ചുരുക്കം . . . ! കേരള സിലബസ് മോശമല്ലേ ? 2015ലെ SSLC റിസൽറ്റിന്റെ സമയത്ത് സോഷ്യൽ മീഡിയ കളിയാക്കലിന്റെ പൊങ്കാല ഇട്ട ഓർമ്മയാവും എല്ലാവർക്കും . പക്ഷേ അത് വെബ്‌സൈറ്റ് സംബന്ധമായ പിഴവായിരുന്നു എന്നത് പിന്നീട് മനസ്സിലായി . എങ്കിലും വെളിവായ സത്യം ആരും ആഘോഷിച്ചില്ല . അല്ലെങ്കിലും അങ്ങനെയാണല്ലോ . . . നെഗറ്റീവ് ആയത് ആഘോഷിക്കുവാനും സത്യം പുറത്തുവന്നാൽ കണ്ടില്ലെന്നു നടിക്കാനും മലയാളിക്കുള്ള കഴിവ് ലോകത്താർക്കും കാണില്ലല്ലോ . . . പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞ് CBSE കുട്ടികൾ ആദ്യ മാസങ്ങളിൽ തിളങ്ങും . ആഷ് പോഷ് ഇംഗ്ലിഷും ജാടകളും ഒക്കെകണ്ട് കേരള സിലബസ് പഠിച്ച കുട്ടികളൊന്നു കിടുങ്ങും.

പക്ഷേ ആദ്യ പരിഭ്രമം ഒന്ന് മാറി ആദ്യ പരീക്ഷ കഴിയുന്നതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിയും . ഒടുക്കം എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടി കേരള സിലബസിൽ നിന്ന് വന്നവർ തിളങ്ങി തുടങ്ങും . ഇത് വായിച്ച പടി വിശ്വസിക്കേണ്ട ! അടുത്തുള്ള പ്രശസ്തമായ പ്ലസ് റ്റു സ്കൂളിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കൂ . . . പ്രശസ്തമായ ഒട്ടു മിക്ക എൻട്രൻസ് പരീക്ഷകളിലെ സ്ഥിതിയും ഇത് തന്നെ . കേരള സിലബസ് ആരാണ് തയ്യാറാക്കുന്നത് ? ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ State Council of Educational Research and Training അഥവാ SCERT . പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകൾക്കുള്ള പുസ്തകങ്ങൾ NCERT അഥവാ National Council of Educational Research and Training ആണ് തയ്യാറാക്കുന്നത് . അടുത്തിടെ നടന്ന പഠനത്തെക്കുറിച്ച് കേൾക്കുവാനിടയായി . വിദേശ ഏജെൻസി നടത്തിയ താരതമ്യത്തിൽ കേരള സിലബസിന്റെ പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ട് എന്നതാണ് അത് ! ഇതും വായിച്ച പടി വിശ്വസിക്കേണ്ട ! പുതിയ പുസ്തകങ്ങൾ ഒന്ന് വായിച്ചു നോക്കൂ . . . വലിയൊരു മാറ്റത്തിന് നമ്മൾ ഒരു നിമിത്തമാകട്ടെ . . . ഇനിയെങ്കിലും പൊതുജനം സത്യം മനസ്സിലാക്കട്ടെ . ആയിരക്കണക്കിന് പൊതു വിദ്യാലയങ്ങൾ നടത്തുന്ന അത്ഭുതങ്ങൾ.