ഇവനായിരുന്നു എന്റെ ‘ചാർലി’ , “True Story “

ആരോടും ഒരു വാക്കു പോലും പറയാതെ നാട് നീളെ നടന്ന്‌ വഴികൾ വിഴുങ്ങുന്ന ജാലവിദ്യ കണ്ടു പഠിക്കാൻ ശ്രമിച്ചിട്ടുണ്ട് ഞാൻ അവനിൽ നിന്ന്. അവന്റെ കാലുകൾ ഒരിക്കലും തളരില്ലേ എന്ന് ഞാൻ അതിശയിച്ചിരുന്നു. തേജുവിന്റെ…

ആരോടും ഒരു വാക്കു പോലും പറയാതെ നാട് നീളെ നടന്ന്‌ വഴികൾ വിഴുങ്ങുന്ന ജാലവിദ്യ കണ്ടു പഠിക്കാൻ ശ്രമിച്ചിട്ടുണ്ട് ഞാൻ അവനിൽ നിന്ന്. അവന്റെ കാലുകൾ ഒരിക്കലും തളരില്ലേ എന്ന് ഞാൻ അതിശയിച്ചിരുന്നു.

തേജുവിന്റെ യാത്രകൾ എന്നും വിചിത്രമായിരുന്നു. ഓരോ യാത്രകളും അവനിലേക്കുള്ള വഴികൾ അവൻ തന്നെ തിരയുന്നത് പോലെ. അതിൽ ഓരോന്നിന്റെയും ബാക്കി ശേഷിപ്പുകൾ അവന്റെയുള്ളിൽ തന്നെ അവൻ കുഴിച്ചു മൂടിയിരുന്നു.

അത് പോലെ ഇത്തവണയും അവൻ വിളിക്കും എന്ന് ഞാനുരുവിട്ട് കൊണ്ടിരുന്നു. പക്ഷേ തേജൂ…… ഇത്തവണ മാത്രം നീയൽപ്പം കൂടി ക്രൂരനായി… നീ വിളിച്ചില്ല. യാത്രയുടെ വിശേഷങ്ങൾ പറഞ്ഞെന്നെ കൊതിപ്പിക്കാൻ നീ വന്നില്ല.

ഏതോ ഒരു അജ്ഞാതന്റെ വേദനകൾ കേട്ട് രാത്രി തീ കൂട്ടിയിട്ട്‌ നീ അയാൾക്ക്‌ വെളിച്ചമേകി. സഹയാത്രികനുമായി ഒരുമിച്ചൊരു അത്താഴം എന്ന മോഹത്തിൽ അയാളോടൊപ്പം ഒരു പിടിയുണ്ടു. വിശപ്പ്‌ മാറാത്ത ഒരാൾ നിങ്ങളെ ഉറ്റു നോക്കുന്നത് എന്താടാ നീ കാണാഞ്ഞത്? നീ കൂട്ടിയിട്ട അതേ തീയിൽ വീണ് പൊള്ളലേൽക്കുമ്പോൾ തേജൂ നീയുറക്കെ കരഞ്ഞിരുന്നില്ലേ…. ഒരിക്കലും മായാത്ത നിന്റെ ചിരി മാഞ്ഞിരുന്നില്ലേ…. നിന്റെ മജജയും മാംസവും വെന്തുരുകുന്നതും നോക്കി ഒരു മഴ പോലും പെയ്യിക്കാതെ ആ അടിവാരം ഒരു രാത്രി മുഴുവൻ കാവൽ നിന്നില്ലേ….

ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. കുട്ടികളെ പോലെ ചിരിക്കാൻ… നിർത്താതെ കഥകൾ പറയാൻ… നിന്റെ ആത്മാവിന്‌ ഇനിയും കഴിയില്ലേ?? പൊള്ളലേറ്റത്‌ നിന്റെ പുറം തോലിനല്ലേ?? അതോ അവിടെയും നീ ഞങ്ങളെ തോൽപ്പിച്ചോ??

ജവഹർ ലൈബ്രറിക്ക്‌ മുന്നിലെ മരച്ചുവടും കാപ്പാടന്റെ ഓട്ടോയും നീയില്ലാതെ ശൂന്യമാണ് തേജൂ… നിന്റെ പിറന്നാളിന്റെയന്ന് ടൈംലൈനിൽ വേദനയോടെ യാത്രാമൊഴി എഴുതേണ്ടി വന്നവരുടെ കണ്ണീര് കണ്ടു പതിവ് പോലെ നീ വാ പൊത്തി ചിരിച്ചിരിക്കും അല്ലേ??

ഇല്ലെടാ…നീ വരും… മടങ്ങി വരും… ദൂരെ ഏതോ ഒരു മലമുകളിൽ നീയിപ്പോഴുമുണ്ട് അതേ കള്ള ചിരിയുമായി. മുന്നോട്ടുള്ള എന്റെ വഴി മുറിച്ചു കടക്കുന്ന യാത്രികരിലൊക്കെയും ഞാനിനി നിന്നെ തിരയും. ഒരാൾക്കൂട്ടത്തിലെ ഏതെങ്കിലുമൊരു തുരുത്തിൽ വെച്ചു നിന്നെ ഞാൻ കണ്ടെത്തും. പാതിയിൽ നിർത്തിയ കഥകളുടെ കെട്ടഴിക്കാൻ നീ ഒരുങ്ങിക്കോ തേജൂ…..

Leave a Reply