ധര്‍മജനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; വഞ്ചന നടന്നത് ധര്‍മ്മൂസിന്റെ മറവില്‍

മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരേ വഞ്ചനാക്കേസ്. 43 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ധര്‍മജനടക്കം 11 പേര്‍ക്കെതിരെയാണ് എഫ് ഐ ആര്‍…

മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരേ വഞ്ചനാക്കേസ്. 43 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ധര്‍മജനടക്കം 11 പേര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ധര്‍മൂസ് ഫിഷ് ഹബ്ബ്. ധര്‍മൂസ് ഫിഷ് ഹബ്ബ് സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസി കൊടുത്തിരുന്നു. അതില്‍ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാം എന്ന് ധര്‍മജന്‍ ബോള്‍ഗാട്ടിയും പത്ത് പ്രതികളും തന്നോട് പറഞ്ഞിരുന്നു എന്നും ഇത് അനുസരിച്ച് പലപ്പോഴായി തന്നില്‍ നിന്നും 43 ലക്ഷം രൂപ വാങ്ങി എന്നുമാണ് പരാതിയില്‍ പറയുന്നത്. പണം വാങ്ങിയ ശേഷം മീന്‍ തനിക്ക് വില്‍പ്പനയ്ക്കായി എത്തിക്കേണ്ടതായിരുന്നു എന്നും പരാതിക്കാരന്‍ പറയുന്നു.

ചലച്ചിത്ര നടനും നിര്‍മ്മാതാവും ടെലിവിഷന്‍ അവതാരകനും മിമിക്രി താരവുമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു കലാ രംഗത്ത് തുടക്കം. ദേ മാവേലി കൊമ്പത്ത് പോലെയുള്ള കോമഡി സ്‌കിറ്റുകളുടെ രചനയിലും പങ്കെടുത്തു. രമേശ് പിഷാരടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യ പരിപാടിയുടെ അവതാരകനായി മിനി സ്‌ക്രീനില്‍ എത്തിയതോടെയാണ് ധര്‍മ്മജന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വച്ചടി കയറ്റം ആയിരുന്നു. അങ്ങനെയാണ് സിനിമാ രംഗത്ത് എത്തപ്പെട്ടത്.

2010-ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ രംഗ പ്രവേശം ചെയ്തത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ വലിയ ജനപ്രീതി നേടി.

dharmajan2
dharmajan2

2018 ജൂലൈയിലാണ് ധര്‍മജനും പത്ത് സുഹൃത്തുക്കളും ചേര്‍ന്ന് ധര്‍മൂസ് ഫിഷ് ഹബ്ബിന് തുടക്കം കുറിച്ചത്. വിഷമില്ലാത്ത മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഈ സംരംഭം ആരംഭിച്ചതെന്ന് ധര്‍മജന്‍ പറഞ്ഞിരുന്നു. കൊച്ചി അയ്യപ്പന്‍കാവിന് സമീപമാണ് ആദ്യത്തെ ധര്‍മൂസ് ഫിഷ് ഹബ്ബ് തുടങ്ങിയത്. ഇന്ന് കേരളത്തില്‍ പലയിടത്തും ധര്‍മൂസ് ഫിഷ് ഹബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.

ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് ഇവിടെ വില്‍പനയ്ക്കെത്തിച്ചിരുന്നു. ചെറുമീനുകള്‍ വൃത്തിയാക്കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്ലാറ്റുകളിലുമെത്തിച്ചും നല്‍കുന്ന തരത്തിലാണ് സംരംഭം. സിനിമാതാരങ്ങളും ‘ധര്‍മൂസ് ഫിഷ് ഹബിന്റെ’ ഫ്രാഞ്ചൈസി ഏറ്റെടുത്തിരുന്നു.