സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി കോടതി

സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയര്‍ സേന നല്‍കിയ ഹര്‍ജിയിന്മേലാണ്…

സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയര്‍ സേന നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി നടപടി. നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായാണ് പൊലീസിന് നല്‍കിയ നിര്‍ദ്ദേശം.

സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയര്‍ സേന നേരത്തെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെന്നൈ ഹൈക്കോടതിയുടെ നടപടി. 2021 നവംബറിലാണ് വണ്ണിയാര്‍ സമുദായം പരാതി നല്‍കിയത്. ജയ് ഭീമിന്റെ റിലീസ് സമയത്ത് ചിത്രം നിരോധിക്കണമെന്നും വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ആക്ഷേപകരമായ രംഗങ്ങള്‍ നീക്കണം, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണം, ജയ് ഭീം ടീം മാപ്പ് പറയണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വണ്ണിയാര്‍ സംഘം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

അതേസമയം സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ പ്രതികരിച്ചിരുന്നു. ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കില്‍ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് ‘ജയ് ഭീം’.