ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ചിത്രം ചെല്ലോ ഷോയിലെ ബാലതാരം അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകം

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായ ചെല്ലോ ഷോയില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുല്‍ കോലി അന്തരിച്ചു. 15 കാരനായ രാഹുല്‍ കോലി കുറച്ചു നാളായി ക്യാന്‍സര്‍ ബാധിതനാണ്. രാഹുലിന്റെ ആരോഗ്യനില വഷളായെന്നും…

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായ ചെല്ലോ ഷോയില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുല്‍ കോലി അന്തരിച്ചു. 15 കാരനായ രാഹുല്‍ കോലി കുറച്ചു നാളായി ക്യാന്‍സര്‍ ബാധിതനാണ്. രാഹുലിന്റെ ആരോഗ്യനില വഷളായെന്നും ഒക്ടോബര്‍ രണ്ടിന് രാഹുല്‍ മരിച്ചെന്നും പിതാവ് പറഞ്ഞു.

ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളില്‍ ഒരാളാണ് രാഹുല്‍. സംവിധായകന്‍ പാന്‍ നളിന്റെ കുട്ടിക്കാലത്തെ ഓര്‍മകളെ അടിസ്ഥാനമാക്കിയാണ് ഈ ഗുജറാത്തി ചിത്രം ഒരുക്കിയിരിക്കുന്നത്. അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അര്‍ഥം. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. ഈ മാസം പതിനാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

രാഹുലിന്റെ മരണം സിനിമാ വ്യവസായ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ മരണത്തില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. രാഹുലിന് കടുത്ത പനിയും മരണത്തിന് മുമ്പ് രക്തം ഛര്‍ദ്ദിച്ചതായും പിതാവ് പറഞ്ഞു. മകന്റെ ചെലോ ഷോ എന്ന സിനിമ കുടുംബത്തോടൊപ്പം കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ചിത്രം ഒക്ടോബര്‍ 14ന് റിലീസ് ചെയ്യും. ഇന്ത്യയിലെ സിനിമാശാലകള്‍ സെല്ലുലോയ്ഡില്‍ നിന്ന് ഡിജിറ്റലിലേയ്ക്കുള്ള മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന കഥയാണ് പാന്‍ നളിന്‍ സംവിധാനം ചെയ്ത ചിത്രം പറയുന്നത്. ഭവിന്‍ റബാരി, വികാസ് ബട്ട, റിച്ച മീന, ഭാവേഷ് ശ്രീമാലി, ദിപേന്‍ റാവല്‍, രാഹുല്‍ കോലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.