Malayalam Article

‘അന്ന് ഉറങ്ങിപ്പോയതല്ല’ വിമര്‍ശനങ്ങളോട് പ്രതികരിച്ച് കളക്ടര്‍ രേണു രാജ്

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാവിലെ 8.25ന് കുട്ടികള്‍ സ്‌കൂളുകളിലേക്കു പോയതിനു ശേഷം എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ച സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് കളക്ടര്‍ രംഗത്ത്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുമ്പോള്‍, അന്ന് എന്താണ് സംഭവിച്ചത് എന്ന് ആളുകള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടാകും എന്നു പറഞ്ഞപ്പോഴായിരുന്നു കലക്ടറുടെ വിശദീകരണം. ‘അന്ന് ഉറങ്ങിപ്പോയതല്ല; കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നില്‍ വന്നപ്പോള്‍ സുരക്ഷ തിരഞ്ഞെടുത്തതാണെന്നാണ് മറുപടി.

”വിഷയത്തില്‍ എല്ലാവരും ഓരോ കാരണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇനി എന്റെ ഭാഗം പറയുന്നതില്‍ കാര്യമുണ്ടോ എന്നറിയില്ല” എന്നു പറഞ്ഞു കൊണ്ടായിരുന്നു കാര്യങ്ങള്‍ വിശദീകരിച്ചത്.”അന്നത്തെ ദിവസം റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നിയമപ്രകാരം അവധി കൊടുക്കേണ്ടതില്ലായിരുന്നു. അന്നു പുലര്‍ച്ചെ വന്ന മുന്നറിയിപ്പില്‍ മഴ കൂടുന്നതായി കാണിച്ചു. അതുപോലെ രാവിലെ ശക്തമായ മഴയായിരുന്നു. 7.30നു വന്ന മുന്നറിയിപ്പില്‍ അതിതീവ്ര മഴയും കാറ്റും ഉണ്ടാകും എന്നായിരുന്നു വന്നത്. അതു സംഭവിക്കുകയും ചെയ്തു. ഉച്ചയോടു കൂടി നദികളിലെല്ലാം ജലനിരപ്പ് ഉയരുകയും ചെയ്തു.

അവധി പെട്ടെന്ന് പ്രഖ്യാപിക്കുമ്പോള്‍ അസൗകര്യമുണ്ടാകും, അതു മനസിലാകും. ശരിയുമാണ്. പരാതി പറയുന്നതില്‍ ഒരു വിരോധവുമില്ല, വിഷമവുമില്ല. ഞാനാണ് ആ സ്ഥാനത്തെങ്കില്‍ എനിക്കും അസൗകര്യമുണ്ടാകും. അസൗകര്യത്തിനും സുരക്ഷയ്ക്കും മധ്യേ ഇങ്ങനെ ഒരു തീരുമാനം എടുക്കാതെ നിര്‍വാഹമില്ലായിരുന്നു. മുന്നറിയിപ്പ് എന്നു പറയുന്നത് ഒരു വിവരം മാത്രമാണ്. അതേസമയം യഥാര്‍ഥ വസ്തുത എന്താണ് എന്നു നോക്കി ഒരു തീരുമാനം എടുക്കേണ്ടി വരും. അവധി പ്രഖ്യാപിക്കുന്നില്ല, കുട്ടികള്‍ വൈകുന്നേരം വരെ സ്‌കൂളില്‍ പോകട്ടെ എന്നു തീരുമാനിക്കണം. ഉച്ചകഴിഞ്ഞു കുട്ടികള്‍ പോകട്ടെ എന്നു തീരുമാനിച്ചിരുന്നെങ്കില്‍ ആ സമയം വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും അപകടവും ഉണ്ടായെങ്കില്‍ നിങ്ങള്‍ തിരിച്ചു പറയുമായിരുന്നു. അല്‍പം വൈകിയാണെങ്കിലും അവധി കൊടുക്കേണ്ടതായിരുന്നു എന്നു പറയുമായിരുന്നു. എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടായി, തീര്‍ച്ചയായും അങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Gargi