ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു; ജോലി രാജിവെച്ച് അധ്യാപിക

ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോളജ് അധ്യാപിക ജോലി രാജിവെച്ചു. കര്‍ണാടകയിലാണ് സംഭവം. ഇംഗ്ലീഷ് പ്രൊഫസറായ ചാന്ദ്‌നിയാണ് ജോലി രാജിവെച്ചത്. തുമകുരു ജെയിന്‍ പി.യു കോളജിലെ അധ്യാപികയാണ് ചാന്ദ്‌നി. ‘ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് രാജിവയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടുത്തെ അധ്യാപികയാണ്. ഇതുവരെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇന്നലെയാണ് മതപരമായ വിശ്വാസങ്ങളുള്ള രീതിയില്‍ വരരുതെന്ന് പറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായും ഇല്ലാത്ത കുഴപ്പമെന്താണ് ഇപ്പോള്‍’. ചാന്ദ്‌നി ചോദിക്കുന്നു. എന്നാല്‍ ആരും ഇത്തരമൊരു സംഭവം അധ്യാപികയോടു പറഞ്ഞിട്ടില്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ കെ.ടി മഞ്ചുനാഥിന്റെ പ്രതികരണം.

അതേസമയം ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗിയാണ് കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഇക്കാര്യം അറിയിച്ചത്.

 

Gargi