തിരുപ്പതി റെയില്‍വേ സ്റ്റേഷന്റെ രൂപ രേഖയില്‍ അതൃപ്തി അറിയിച്ച് സംവിധായകന്‍ നാഗ് അശ്വിന്‍

തിരുപ്പതിയില്‍ പുതിയതായി നിര്‍മ്മിക്കുന്ന റെയില്‍വേ സ്റ്റേഷന്റെ രൂപരേഖയില്‍ അതൃപ്തി അറിയിച്ച് മഹാനടി സംവിധായകന്‍ നാഗ് അശ്വിന്‍. റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് നിര്‍മ്മാണം തുടങ്ങുവാനിരക്കുന്ന റെയില്‍വേ സ്റ്റേഷന്റെ രൂപ രേഖ ട്വീറ്ററില്‍ പങ്കു വെച്ചിരുന്നു…

തിരുപ്പതിയില്‍ പുതിയതായി നിര്‍മ്മിക്കുന്ന റെയില്‍വേ സ്റ്റേഷന്റെ രൂപരേഖയില്‍ അതൃപ്തി അറിയിച്ച് മഹാനടി സംവിധായകന്‍ നാഗ് അശ്വിന്‍. റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് നിര്‍മ്മാണം തുടങ്ങുവാനിരക്കുന്ന റെയില്‍വേ സ്റ്റേഷന്റെ രൂപ രേഖ ട്വീറ്ററില്‍ പങ്കു വെച്ചിരുന്നു ഇതിന് മറുപടിയായിട്ടാണ് നാഗ് അശ്വിന്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് റെയില്‍വേ സ്റ്റേഷന്റെ രൂപരേഖ ട്വീറ്റ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് രൂപ രേഖയെ സംബന്ധിച്ച് ഉയര്‍ന്ന് വരുന്നത്. ഇന്ത്യയുടെ സമ്പന്നമായ വാസ്തു വിദ്യാ പൈതൃകത്തെ കുറിച്ച് അറിയുന്ന ഒരു വ്യക്തിയെ ഇതിനായി നിയമിക്കണമെന്ന് നാഗ് അശ്വിന്‍ ആവശ്യപ്പെട്ടു.

താങ്കള്‍ കമന്റുകള്‍ കണ്ടിരിക്കാം ഈ രൂപരേഖ ആരും ഇഷ്ടപ്പെടില്ല. ചില മോശം ഐ ടി പാര്‍ക്ക് പോലെയും പാശ്ചാത്യ കെട്ടിടങ്ങളുടെ പകര്‍പ്പ് പോലെയുമാണ് ഇത് കണ്ടാല്‍ തോന്നുന്നത്. തിരുപ്പതി പവിത്രമായ ഒരിടമാണ്. ഇന്ത്യയുടെ സമ്പന്നമായ വാസ്തു വിദ്യ മനസ്സിലാകുന്നവര്‍ക്ക് ഇതിന്റെ രൂപകല്‍പ്പന ചെയ്യുവാന്‍ സാധിക്കും. ഗ്ലാസിന്റെയും സ്റ്റീലിന്റെയും പകര്‍പ്പുകളല്ല വേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ മന്ത്രിക്ക് നല്‍കിയ മറുപടിയില്‍ കുറിച്ചു.

നാനി വിജയ് ദേവരകൊണ്ട എന്നിവര്‍ അഭിനയിച്ച യെവാഡേ സുബ്രഹ്മണ്യം എന്ന ചിത്രമാണ് നാഗ് അശ്വിന്റെ ആദ്യ ചിത്രം. മഹാനടിയാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതിന് കീര്‍ത്തി സുരേഷിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. പ്രോജക്റ്റ് കെയാണ് അദ്ദേഹത്തിന്റെതായി പുറത്തു വരുവാനുള്ള പുതിയ ചിത്രം ഇതില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.