ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി കോടതി

റിലീസിനെത്തുന്നതിന് മുമ്പ് തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട സിനിമയാണ് പ്രഭാസ് നായകനായി ഓം റൗത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആദിപുരുഷ്’. സിനിമയുടെ ട്രെയ്ലറിലെ വിഎഫ്എക്സിനെ ട്രോളിക്കൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉണ്ടായത്. ഇപ്പോഴിതാ ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളിയിരിക്കുകയാണ് ഡല്‍ഹി കോടതി. റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ് ഗൗരവ് എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ശനിയാഴ്ചയാണ് അഡീഷണല്‍ സീനിയര്‍ സിവില്‍ ജഡ്ജി അഭിഷേക് കുമാര്‍ ഹര്‍ജി പിന്‍വലിച്ചത്. സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നതായും അറിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ രാജ് ഗൗരവ് ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച കോടതി, അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു. ജൂണ്‍ 16ന് ആദിപുരുഷ് റിലീസിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആദിപുരുഷ് കുട്ടികള്‍ക്കായാണോ ഒരുക്കിയത് എന്നും കൊച്ചു ടിവിയില്‍ റിലീസ് ചെയ്താല്‍ പണമുണ്ടാക്കാമെന്നും മറ്റുമായി കണക്കറ്റ പരിഹാസങ്ങള്‍ നേരിട്ടിരുന്നു. രാമായണ കഥയെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ 2023ലെ വമ്പന്‍ റിലീസുകളില്‍ ഒന്നാണ്. 2023 ജനുവരി 12നാണ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ വിഎഫ്എക്സിനെതിരെയുള്ള നിരന്തര വിമര്‍ശനങ്ങളാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. പ്രേക്ഷകര്‍ക്ക് പൂര്‍ണമായ ഒരു വിഷ്വല്‍ എക്സ്പീരിയന്‍സ് നല്‍കുന്നതിന് ഞങ്ങള്‍ക്ക് കുറച്ച് കൂടി സമയം വേണമെന്നും അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുന്നതായും സംവിധായകന്‍ ഓം റാവത്ത് അറിയിച്ചു.

ഒക്ടോബര്‍ രണ്ടിനാണ് ആദിപുരുഷ് ടീസര്‍ പുറത്തിറങ്ങിയത്. ടീസറിലെ വി.എഫ്.എക്സ് രംഗങ്ങള്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല എന്നാരോപിച്ച് നിരവധി വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്നു വന്നത്. പലരും രാമായണത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും ഈ ടീസറിലൂടെ അപമാനിക്കുകയാണെന്നാണ് ആരോപിച്ചത്. ടീസറിലെ രാവണന്റെയും ഹനുമാന്റെയും വേഷവും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു.

ഇത്രയും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിട്ടും ചിത്രത്തിന്റെ സംവിധായകനായ ഓം റാവത്ത് പറഞ്ഞിരുന്നത് ചിത്രത്തിന്റെ ടീസര്‍ ഫോണില്‍ കണ്ടതുകൊണ്ടാണ് ഇഷ്ടപ്പെടാത്തതെന്നാണ്. ആദിപുരുഷ് ടീസര്‍ ബിഗ് സ്‌ക്രീനില്‍ കാണുന്നവര്‍ക്ക് അത് ഇഷ്ടമാകുമെന്നും ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങള്‍ക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ നിരന്തര വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സംവിധായകന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. പോരായ്മ തുറന്നു സമ്മതിക്കുകയും റിലീസ് മാറ്റിവെക്കുകയുമായിരുന്നു.

കൃതി സനോനാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ രാവണനായയെത്തുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ്. ചിത്രത്തില്‍ നടന്‍ സണ്ണി സിംഗും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം – ഭുവന്‍ ഗൗഡ,സംഗീത സംവിധാനം – രവി ബസ്രുര്‍. എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Previous articleകാവ്യയുടെയും ദിലീപിന്റെയും കാല്‍ വണങ്ങി ഉത്തര!!! വിവാഹ ജീവിതത്തിന് ആശംസകളുമായി താരനിര
Next article‘രണ്ട് ചാറ്റില്‍ തന്നെ അടിവസ്ത്രം അഴിക്കുന്ന രേഖമാരെ വളര്‍ത്തുന്ന മാതാപിതാക്കളെ കുറിച് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്..’