കോവിഡിൽ നിന്നും മുക്തി നേടിയവർക്ക് വീണ്ടും കോവിഡ് വരാനുള്ള സാധ്യതകൾ ഏറെ

കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). കോവിഡ് മുക്തി നേടി അഞ്ചുമാസത്തിനുള്ളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ കുറയുകയാണെങ്കില്‍ വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മാസ്‌ക് ധരിക്കുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതും തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സാധാരണഗതിയില്‍ മൂന്ന് മുതല്‍ അഞ്ച് മാസം വരെയാണ് ശരീരത്തില്‍ ആന്റിബോഡികള്‍ നിലനില്‍ക്കുന്നത്. എത്ര ആളുകള്‍ രോഗബാധിതരായി, പിന്നീട് നെഗറ്റീവും വീണ്ടും പോസിറ്റീവും ആയി എന്നത് സംബന്ധിച്ച നിലവിലെ കണക്കുകള്‍ ഞങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. കോവിഡ് മുക്തനായി 90 ദിവസം കഴിഞ്ഞ് വീണ്ടും വൈറസ് ബാധ കണ്ടെത്തിയാല്‍ റീഇന്‍ഫെക്ഷന്‍ ആയാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച്‌ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബലറാം ഭാര്‍ഗവ പറഞ്ഞു.
കോവിഡ് ഭേദമായ ആളുടെ ശരീരത്തില്‍ മൂന്ന് മാസം വരെ ആന്റിബോഡികള്‍ ഉണ്ടാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മറ്റു ചില പഠനങ്ങളില്‍ ഇത് അഞ്ച് മാസം വരെയുണ്ടാകുമെന്നും. കോവിഡ് ഒരു പുതിയ അസുഖമായതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച്‌ പരിമിതമായ അറിവുകള്‍ മാത്രമെ ഇപ്പോഴുള്ളു എന്ന് ഭാര്‍ഗവ പറഞ്ഞു.
രോഗമുക്തി നേടി അഞ്ചുമാസത്തിനുള്ളില്‍ ശരീരത്തില്‍ ആന്റിബോഡികള്‍ കുറഞ്ഞാല്‍ വീണ്ടും രോഗം വരാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടാണ് മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ രോഗമുക്തി നേടിയ ശേഷവും തുടരാന്‍ കര്‍ശനമായി തന്നെ നിര്‍ദേശിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.

Previous articleഅതിൽ എഴുതിപിടിപ്പിച്ച തലക്കെട്ട് വിശ്വസിക്കരുത്, ഞാൻ പറഞ്ഞ കാര്യങ്ങളെ അവർ വളച്ചൊടിക്കുകയാണ് ചെയ്തത്
Next articleബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ അമൃത സുരേഷ്, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി താരത്തിന്റെ ചിത്രങ്ങൾ