ചെളിത്തറയില്‍ അവളൊറ്റയ്ക്ക് പ്രസവിച്ചു, വാക്കത്തി എടുത്തു അവളൊറ്റയ്ക്ക് പൊക്കിള്‍ കൊടി മുറിച്ചു; കഥയല്ല… ഇത് പെണ്‍ അതിജീവനം ; ദീപാ നിഷാന്ത് പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു

ധന്യാ രാമന്റെ പോസ്റ്റ് എന്ന മുഖവുരയോടെ ദീപാ നിഷാന്ത് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പെണ്‍ അതിജീവനങ്ങളുടെ കഥയ്ക്ക് ഏറെ സ്വീകാര്യതയുള്ള ഇക്കാലത്ത് ഒരു പെണ്ണിനെ തളര്‍ത്താന്‍ അവള്‍ക്കു തന്നെയല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് തെളിയിക്കുന്ന കുറിപ്പാണ്…

ധന്യാ രാമന്റെ പോസ്റ്റ് എന്ന മുഖവുരയോടെ ദീപാ നിഷാന്ത് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പെണ്‍ അതിജീവനങ്ങളുടെ കഥയ്ക്ക് ഏറെ സ്വീകാര്യതയുള്ള ഇക്കാലത്ത് ഒരു പെണ്ണിനെ തളര്‍ത്താന്‍ അവള്‍ക്കു തന്നെയല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് തെളിയിക്കുന്ന കുറിപ്പാണ് ദീപാ നിഷാന്ത് പങ്കുവെച്ചിരിക്കുന്നത്.

വായിച്ചു തുടങ്ങുമ്പോള്‍ കഥയെന്ന് തോന്നിപ്പിക്കുമെങ്കിലും തനി പച്ചയായ യാഥാര്‍ത്ഥ്യമാണ് നമുക്കു മുന്നിലേയ്ക്ക് വച്ചിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ:

2014 ലാണ് വിതുര പാലോട് വനാതിര്‍ത്തിയില്‍ ഒരു പെണ്ണ് രണ്ടു കുഞ്ഞുങ്ങളോടൊപ്പം കഴിയവേ തടി വെട്ടാന്‍ വനത്തില്‍ വന്ന മൂന്ന് പേര് അവളെ rape ചെയ്തു പോയത്. അവളുടെ അച്ഛനും അമ്മയും മരിച്ചു പോയി. ആങ്ങള ആത്മഹത്യ ചെയ്തു. ആദ്യത്തെ രണ്ടു കുട്ടികളുടെ അച്ഛനും ഇല്ല.

ഒറ്റപ്പെട്ടുപോയ അവളെ അത്രയ്ക്കും ദുര്‍ബല ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട പോലെ സമൂഹം മാറ്റി നിര്‍ത്തി. നാലു കമ്പു കെട്ടി പുല്ല് വലിച്ചിട്ടു താമസിച്ചു. ചെളിത്തറയില്‍ അവളൊറ്റയ്ക്ക് പ്രസവിച്ചു. വാക്കത്തി എടുത്തു അവളൊറ്റയ്ക്ക് പൊക്കിള്‍ കൊടി മുറിച്ചു താഴെ തോട്ടില്‍ പോയി കത്തിയും കുഞ്ഞിനേയും കഴുകി അവളും വൃത്തിയായി ഭക്ഷണം ഇല്ലാത്ത കൊണ്ട് കുഞ്ഞിനെ തറയില്‍ കിടത്തി വനത്തില്‍ പോയി മുതുവാന്‍ കിഴങ്ങ് വെട്ടി പുഴുങ്ങി കുഞ്ഞുങ്ങള്‍ക്കും കൊടുത്തു അവളും കഴിച്ചു.

അന്നത്തെ വനിതാ സെല്‍ ഡി വൈ എസ് പി ഉഷ മാഡവും സംഘത്തോടും ഒപ്പം അവിടെത്തിയപ്പോള്‍ കണ്ടത് ഹൃദയം മുറിക്കുന്ന കാഴ്ചകള്‍ ആയിരുന്നു. വിളിച്ചപ്പോള്‍ വെളിയില്‍ വരാന്‍ അവള്‍ക്കു മടിയായിരുന്നു. കീറ തുണി ഒരു സേഫ്റ്റി പിന്‍ ഇല്ലാത്ത കൊണ്ട് നൈറ്റി കൂട്ടി കെട്ടി വച്ചിരിക്കുന്നു. തുണിയും പായയും പോയിട്ട് ഭക്ഷണം പോലും കഴിച്ചിട്ട് നാളുകള്‍ ആയിരുന്നു.

തിരുവനന്തപുരം ഡിഎംഒ നേരിട്ടത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക ചികിത്സാ നല്‍കി. വനിതാ സെല്ലിലെ ഡ്രൈവര്‍ അത്യാവശ്യ സാധനം വാങ്ങി വന്നു. അതിലെ പാല്‍കവറുകള്‍ പൊട്ടിച്ചു പോലീസുകാര്‍ തന്നെ മുറ്റത്തെ അടുപ്പില്‍ ചായ ഇടാന്‍ വച്ചു. ആ പാല്‍ തിളയ്ക്കും വരെ രണ്ടു കുഞ്ഞുങ്ങള്‍ അടുപ്പിന് ചുറ്റും ഓടുന്നതിന്റെ ദൃക്സാക്ഷി ഞങളോടൊപ്പം ഉണ്ടായിരുന്നു Geethu Johny . കണ്ടു നിന്നവരെല്ലാം കരഞ്ഞിരുന്നു.

അന്ന് case എടുത്തു. മജിസ്‌ട്രേറ്റ് നു മൊഴിയും കൊടുത്തു അവര്‍ tired ആയി. പിറ്റേന്നാണ് അവരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് വരുന്നത്. അന്ന് പാലോട് സ്റ്റേഷന്‍ ലെ വനിതാ പോലീസ് ഓഫീസര്‍ ഷീബ ഉണ്ടായിരുന്നു പോലീസ് ജീപ്പില്‍. വഴിയില്‍ ആഹാരം കഴിച്ചു ഇളയ മൂന്നു വയസ്സുള്ള മകന്‍ ജീപ്പിനകത്തും അമ്മയുടെയും എന്റെയും ദേഹത്ത് ഛര്‍ദിച്ചു. ഒരു അറപ്പും ഇല്ലാതെ ഷീബ മാഡം വണ്ടി നിര്‍ത്തി ഛര്‍ദിയോടെ കുഞ്ഞിനെ എടുത്തു അവന്റെ ഉടുപ്പ് ഊരിക്കളഞ്ഞു അടുത്ത വീട്ടില്‍ നിന്നു വെള്ളം വാങ്ങി കുളിപ്പിച്ച്. തൊട്ടടുത്ത വീട്ടുകാര്‍ അവനൊരു ഡ്രെസ് കൊടുത്തു. മെഡിക്കല്‍ കോളേജില്‍ പോയി.

പിന്നീട് പൂജപ്പുര മഹിളാ മന്ദിരത്തിലേക്കുo അവിടെ നിന്നു വെഞ്ഞാറമൂട് മഹിളാ സമഖ്യ യുടെ ഷെല്‍ട്ടര്‍ ഹോമിലേക്കും മാറ്റി. അവരവര്‍ക്ക് നല്ല പിന്തുണ നല്‍കി ജീവിതം അടുക്കും ചിട്ടയുമുള്ളതായി. ജീവിക്കണമെന്നും കുഞ്ഞുങ്ങളെ പൊറ്റണമെന്നും തൊഴില്‍ വേണമെന്നും അവള്‍ ആവശ്യപ്പെട്ടു. അവര്‍ ജോലി നല്‍കി.കുഞ്ഞുങ്ങള്‍ മൂന്നും മൂന്നു ഹോസ്റ്റലില്‍ നിന്നു സി ബി എസ് ഇ സ്‌കൂളില്‍ പഠിക്കുന്നു. സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ വീട് നല്‍കി ബാക്കി tribal വകുപ്പ് നല്‍കി. അവര്‍ ഷെല്‍ട്ടര്‍ ഹോമില്‍ ആയതു കൊണ്ട് പഞ്ചായത്ത് മെമ്പര്‍, ആശ വര്‍ക്കര്‍, tribal പ്രൊമോട്ടര്‍, മഹിളാ മന്ദിരം ഇടപെട്ടു വീട് പണി പൂര്‍ത്തിയാക്കി.

കഴിഞ്ഞ ദിവസം മഹിളാ സമഖ്യയുടെ state ഓഫീസില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ആവശ്യത്തിന് പോയപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടര്‍ രമചേച്ചി അമ്മയെയും കുഞ്ഞുങ്ങളെയും കുറിച്ച് വീണ്ടും പറഞ്ഞത്. അഞ്ചു വര്‍ഷത്തെ ജോലി ചെയ്ത രൂപ അവള്‍ സ്വരുകൂട്ടി കാതില്‍ സ്വര്‍ണക്കമ്മലും കഴുത്തില്‍ കട്ടിയുള്ള മാലയും. വളകളും ??. കുറച്ചു സമ്പാദ്യവും.

അന്നവളെ കണ്ടപ്പോള്‍ ഭീതി തോന്നിയിരുന്നു അത്ര നിസ്സംഗത. നീണ്ട മുടി ജട പിടിച്ചു ജീവിക്കണം എന്ന് ആഗ്രഹം ഇല്ലാത്ത ഒരുവള്‍. പേരെഴുതി ഒപ്പിടാന്‍ കൈവിറച്ചു ഉടലു വിറച്ചു വീണവള്‍.ഇന്നു സ്‌നേഹത്തിന്റെ അഴകും ആരോഗ്യവുമുള്ള സ്വന്തം കാലില്‍ നില്‍ക്കുന്ന വരുമാനമുള്ള പെണ്ണായി.

ഏതവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വരാന്‍ പറ്റുമെന്നുള്ള ഒരു പാഠം അവളിലൂടെ മനസിലാക്കാം.

ഈ യാത്രയും പെണ്ണ് ജീവിതം തിരികെ പിടിച്ചതിനെയും ഇടയ്ക്കിടെ വിതുര സ്റ്റേഷനില്‍ ജി ഡി ആയ ഷീബ മാഡത്തെ കാണുമ്പോള്‍ പറയാറുണ്ട്.