ദേവരാജൻ മാസ്റ്റർ എന്ന സംഗീതസംവിധായകൻ തന്റെ സമകാലീനരായ മറ്റു സംഗീതസംവിധായകരിൽ നിന്നും വ്യത്യസ്തനാകുന്നത് എങ്ങനെ !!

ദേവരാജൻ മാസ്റ്റർ എന്ന സംഗീതസംവിധായകൻ തന്റെ സമകാലീനരായ മറ്റു സംഗീതസംവിധായകരിൽ നിന്നും വ്യത്യസ്തനാകുന്നത് പല കാരണങ്ങലാളാണ്. അതിൽ പരമ പ്രധാനം അദ്ദേഹം കമ്പോസിംഗ് ചെയ്തിരുന്നത് തനിയെ തന്റെ കമ്പോസിംഗ് മുറിയിൽ ഇരുന്നു മാത്രം. ന്യൂ…

ദേവരാജൻ മാസ്റ്റർ എന്ന സംഗീതസംവിധായകൻ തന്റെ സമകാലീനരായ മറ്റു സംഗീതസംവിധായകരിൽ നിന്നും വ്യത്യസ്തനാകുന്നത് പല കാരണങ്ങലാളാണ്. അതിൽ പരമ പ്രധാനം അദ്ദേഹം കമ്പോസിംഗ് ചെയ്തിരുന്നത് തനിയെ തന്റെ കമ്പോസിംഗ് മുറിയിൽ ഇരുന്നു മാത്രം. ന്യൂ വുഡ്ലാന്ഡ്സ് ഹോട്ടലിൽ താമസിച്ചിരുന്നപ്പോൾ തന്റെ ഹോട്ടൽ റൂമിലും, പിന്നെ സ്വന്തം വീട് വച്ച് അങ്ങോട്ട്‌ കുടുംബത്തോടെ താമസിക്കാൻ തുടങ്ങിയപ്പോൾ മുകളിലത്തെ നിലയിൽ ഒരു കമ്പോസിംഗ് മുറി പ്രത്യേകം സജ്ജീകരിച്ചു. കമ്പോസിംഗ് നടക്കുന്ന സമയത്തു വീട്ടുകാർക്ക് പോലും അവിടെ പ്രവേശനം ഇല്ല. ഒരു തപസ്വിയെപ്പോലെ ഏകാഗ്രനായി ആ പരിക്രിയയിൽ അദ്ദേഹം മുഴുകി.മിക്കവാറും രാത്രി സമയം ആയിരുന്നു അദ്ദേഹം കമ്പോസിംഗിന് തെരഞ്ഞെടുത്തിരുന്നത്. ഒരു സിനിമയുടെ കഥയും തിരക്കഥയും കേട്ടു കഴിഞ്ഞാൽ ഏത് സന്ദർഭത്തിൽ പാട്ട് വേണം, ആര് പാട്ട് എഴുതണം, ആര് പാടണം ഏത് ട്യൂൺ വേണം എന്നൊക്കെ മാസ്റ്റർ സ്വയം നിച്ഛയിക്കും. തന്റെ നിബന്ധനകൾക്കു വഴുങ്ങുന്ന സംവിധായാകരുടെ സിനിമകൾ മാത്രമേ അദ്ദേഹം സ്വീകരിച്ചിരുന്നുള്ളു. കമ്പോസ് ചെയ്ത ട്യൂണുകൾ ആരെയും കേൾപ്പിക്കാറില്ല. നിർമ്മാതാവും സംവിധായകനും പാട്ട് കേൾക്കുന്നത് തന്നെ റെക്കോർഡിങ് സമയത്താണ്. BA ഡിഗ്രി കാരനായ മാസ്റ്റർ ധാരാളം വായിച്ചിട്ടുള്ള ഒരു സംഗീതജ്ഞൻ ആയിരുന്നു. മലയാളം, ഇംഗ്ലീഷ് സാഹിത്യകൃതികളുടെ വലിയ ഒരു ശേഖരം അദ്ദേഹം സൂക്ഷിച്ചിരുന്നു ലോക സംഗീതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും പുത്തൻ സംഗീതോപകരണങ്ങളും അദ്ദേഹത്തിന്റെ ഓർമ്മയിൽ ഇടം നേടി.

വായനശീലം പോലെ തന്നെ മറ്റുള്ളവരുടെ പാട്ട് കേൾക്കാനും അദ്ദേഹം സമയം കണ്ടെത്തി വയലാറും ഭാസ്കരൻമാഷും, ഒ എൻ വി യും, വേണ്ടി വന്നാൽ ഗാനത്തിൽ തിരുത്തലുകൾ വരുത്താനുള്ള അനുവാദം മാസ്റ്റർക്ക് നൽകിയിരുന്നു തൻറെ സമകാലീനരായ മറ്റു സംഗീതസംവിധായാകരുടെ പാട്ടുകൾ കേട്ട് ഇഷ്ടപ്പെട്ടാൽ അവരെ അകമഴിഞ്ഞു അനുമോദിക്കാൻ മാസ്റ്റർ ഒരിക്കലും മടി കാട്ടിയില്ല. അദ്ദേഹത്തിന്റെ പാട്ടുകളിൽ, റിറെക്കോർഡിങ്ൽ വരുന്ന ഓരോ സ്വരവും, നിശബ്ദതയും സംഗീതോപകരണവും അദ്ദേഹം സ്വയം തീരുമാനിച്ചു. ഗായകരെ മാസ്റ്റർ പാട്ട് പഠിപ്പിക്കും, അദ്ദേഹം പാട്ടുന്നത് പോലെ കേട്ട് പാടണം സാക്ഷാൽ യേശുദാസ് ആയാലും ശരി സ്വന്തമായ നീട്ടലും സംഗതിയും ഒന്നും അനുവദനീയമല്ല. അദ്ദേഹത്തിന്റെ പാട്ടുകളുടെ, റിറെക്കോർഡിങ്ന്റെ (ബി ജി എം ) അറേഞ്ചർ അദ്ദേഹം തന്നെയായിരുന്നു. R K ശേഖർ, ജോൺസൺ, ഔസേപച്ചൻ ഒക്കെ കാലാകാലങ്ങളിൽ അദ്ദേഹത്തിന്റെ സഹായിക്കൾ മാത്രമായിരുന്നു. നിർദ്ദേശം അനുസരിച്ചു പ്രവർത്തിക്കുക അത്രമാത്രം. ഓർക്കെസ്ട്ര കണ്ടക്റ്റ് ചെയ്യുന്ന ജോലി സഹായിയുടേത് ആയിരുന്നു. താൻ എഴുതി കൊണ്ടു വന്ന നോട്ടേഷൻസ് ശേഖറിനെ എൽപ്പിച്ചു കഴിഞ്ഞാൽ ശേഖർ റിഹേഴ്സൽ ചെയ്‌യുന്നത് ഹാളിൽ പിൻ ഭാഗത്തു നിലത്തു കണ്ണ് മൂടി കിടക്കുന്ന മാസ്റ്റർ ശ്രദ്ധിക്കുന്നുണ്ടാവും. ആരെങ്കിലും തെറ്റായി വായിച്ചാൽ ഉടൻ അദ്ദേഹം അത് കണ്ടു പിടിക്കും “യാരത് ലെഫ്റ്റ്ലെ മൂന്റാവത് വയലിൻ തപ്പാക വാശിക്കിറത്” അത്കൊണ്ട് മ്യുസിഷ്യൻസ്ന് ഒക്കെ പേടിയാണ് മാസ്റ്ററുടെ കർക്കശ നടപടികളെ.

ശേഖർ ഞങ്ങൾ മ്യൂസിഷ്യൻസിനെ റിഹേഴ്സൽ ചെയ്യുമ്പോൾ ദേവരാജൻ മാസ്റ്റർ അത് മോണിറ്റർ ചെയ്യാറുണ്ട് ഉള്ളിൽ തോന്നുന്നത് മുഖത്ത് നോക്കി പറയും എങ്കിലും മനസ്സ് നിറയെ സ്നേഹവും ദയയും ആരെയും സഹായിക്കാനുള്ള നല്ല മനസ്സും അതായിരുന്നു ദേവരാജൻ മാസ്റ്റർ. ജീവിതത്തിലെ ലാളിത്യം അദ്ദേഹത്തിന്റെ സംഗീതത്തിലും ഉണ്ടായിരുന്നു. വളരെ കുറച്ചു സംഗീതോപകരണങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ പാട്ടുകളിൽ ഉപയോഗിച്ചിരുന്നുള്ളു. കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾക്കു പകരം പാട്ടിനെ താലോലിക്കുന്ന കുളിര്കാറ്റ് പോലെ മധുരമായ അറേഞ്ച്മെന്റസ്. അതായിരുന്നു ദേവരാജ സംഗീതത്തിന്റെ മുഖമുദ്ര സംഗീതസംവിധായകരായ ബി എ ചിദംബരനാദ്, ശ്യാം, വിദ്യാസാഗർ, ഇളയരാജ, എം ജയചന്ദ്രൻ ഇവരൊക്കെ മാസ്റ്ററുടെ പാട്ടുകൾക്ക് സംഗീതോപകരണങ്ങൾ വായിച്ചിട്ടുണ്ട്. ദക്ഷിനേന്ത്യായിലെ ചലച്ചിത്രസംഗീതലോകം മാത്രമല്ല കർണ്ണാടക സംഗീത വിദ്വാൻമാരും അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു. 1980 വരെ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് സിനിമകൾ മുഴുവനായും മദിരാശിയിലാണ് നിർമ്മിച്ചിരുന്നത്. പിന്നെ മദിരാശിയിൽ നിർമ്മക്കുന്ന ഹിന്ദി സിനിമകളും അവയുടെ റെക്കോർഡിങ്, റിറെക്കോർഡിങ് ഒക്കെ മദിരാശിയിൽ ആയിരുന്നു. ആയിരത്തിലേറെ മ്യുസിഷ്യൻസ്, മുന്നൂറോളം സംഗീതസംവിധായകർ, അഞ്ഞൂറോളം പിന്നണിഗായകർ നൂറിലേറെ സംഗീതസഹായികൾ, അറേഞ്ചേഴ്സ്, എന്നും ഒരു ഉത്സവ പ്രതീതിയായിരുന്നു കോടമ്പക്കത് 60-70 കാലഘട്ടത്തിൽ.

ഭാഷാ ഭേദമന്യേ അവർ പ്രവർത്തിച്ചു മലയാളികളായ പി ലീല തെലുങ്കിലും, എം എസ് വിശ്വനാഥൻ തമിഴ്ലും, ആന്ധ്രാക്കാരരായ എസ് ജാനകി, പി സുശീല മലയാളത്തിലും തമിഴ് നാട്ടുകാരായ എം ബി ശ്രീനിവാസൻ മലയാളത്തിലും ചേക്കേറി വിജയം നേടിയത് സംഗീതം ഭാഷകൾക്ക്‌ അതീതമാണെന്നതിനാലാണ്. പാശ്ചാത്യ സംഗീതത്തിൽ church വഴി പരിശീലനം നേടിയ ആംഗ്ലോഇന്ത്യൻ മ്യുസിഷിയൻസ് വയലിൻ, പീയാനോ, ഗിറ്റാർ, സാക്സ്, ട്രൂമ്പറ്റ് വായിക്കുവാൻ തയ്യാറായി വന്നു. റെയിൽവേ ഉദ്യോഗസ്ഥരായിരുന്നു അവരിൽ പലരും അത് കൊണ്ട് ജോലി സമയം കഴിഞ്ഞു വൈകുന്നേരം അഞ്ച്മണിക്കൂ ശേഷം അവർ റെക്കോർഡിങ്ൽ പങ്കെടുത്തു. എം എസ് വിശ്വനാഥൻ തന്റെ റെക്കോർഡിങ് അവർക്കു വേണ്ടി വൈകിയാണ് നടത്തിയിരുന്നത്. Abu Gabriel, അദ്ദേഹത്തിന്റെ അച്ഛൻ പ്രൊഫസർ Gabriel 23 മ്യൂസിക് ഇൻസ്‌ട്രുമെൻറ്സ് വായിക്കുമായിരുന്നു. അരെഞ്ചർ Henry Daniel,തുടങ്ങി അമ്പതിലേറെ ആംഗ്ലോ ഇന്ത്യൻ മ്യുസിഷ്യൻസ് ആ കാലയളവിൽ മദിരാശി ചലച്ചിത്രസംഗീത രംഗത്ത് പ്രവർത്തിച്ചിരുന്നു പലരും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലൈവ് പ്രോഗ്രാം നടത്തുന്നവരും കൂടിയായിരുന്നു. ഹിന്ദി സിനിമകളുടെ റിറെക്കോർഡിങ്ന് ബോംബെയിൽ നിന്നും, ശങ്കർ ജയ്കിഷൻ, സി. രാംചന്ദ്ര എന്നിവരോടൊപ്പം നൂറിലേറെ മ്യുസിഷിയൻസ് മദിരാശിയിൽ എത്തിയപ്പോൾ ഇലക്ട്രോണിക് സിന്താസൈസർ, വൈബ്രോഫോൺ തുടങ്ങിയ സംഗീതോപകരണങ്ങൾ മദിരാശിയിലെ ചലച്ചിത്രസംഗീത ലോകത്ത് അവരിലൂടെ ചലനം സൃഷ്ടിച്ചു ആദ്യ കാലത്തു മ്യുസിഷ്യൻസിനു റെക്കോട്ഡിങ് കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞാണ് പ്രതിഫലം ലഭിച്ചിരുന്നത്. നിർമ്മാതാവിന്റെ ഓഫീസിൽ പലവട്ടം ചെന്നാൽ മാത്രമേ കാശ് കിട്ടുമായിരുന്നുള്ളു അതിനൊരു മാറ്റം കൊണ്ടുവന്നത് എം ബി ശ്രീനിവാസൻ ആയിരുന്നു.

സിനി മ്യുസിഷ്യൻസ് അസോസിയേഷൻ, സിനി മ്യൂസിക് ഡയറക്ടർസ് അസോസിയേഷൻ ഇന്ത്യൻ ഫോണൊഗ്രഫിക് റൈറ്സ് അസോസിയേഷൻ ഒക്കെ തുടങ്ങി വച്ചത് അദ്ദേഹമാണ്. റെക്കോർഡിങ് കഴിഞ്ഞാൽ ഉടൻ മ്യൂസിഷ്യൻസ്ന് കാശ് നൽകണം. സീനിയറുടെ, പുതിയവരുടെയൊക്കെ പ്രതിഫലം നിശ്ചയപ്പെടുത്തി. ആ വഴിതിരിവ് ചലച്ചിത്രസംഗീതരംഗത്തു പുത്തൻ ഉണർവ്വ് കൊണ്ടു വന്നു.അരെഞ്ചേർസ്, സഹായി എന്നിവർക്ക് ഉചിതമായ ക്രെഡിറ്റ്‌ ടൈറ്റിൽ നൽകണം എന്ന തീരുമാനം അസോസിയേഷൻ കൈകൊണ്ടത്തിന് ശേഷം മാത്രമാണ് സംഗീതസംവിധയാകനോടൊപ്പം സഹായിയുടെ പേരും ടൈറ്റിലിൽ ഇടം നേടിയത്. പുറത്ത് ജനങ്ങൾ അറിഞ്ഞിരുന്നില്ലെങ്കലും ചലച്ചിത്ര സംഗീതരംഗത്ത് സഹായികൾക്ക് അരെഞ്ചേർസ്ന് അർഹമായ സ്ഥാനവും പ്രതിഫലവും ലഭിച്ചിരുന്നു പ്രസിദ്ധ പിയാണിസ്റ്,മലയാള ചലച്ചിത്ര സംഗീതസംവിധായകൻ അറെഞ്ചർ പി എസ് ദിവാകർ ബാബുരാജിന്റെ സഹായിയായി ചില ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. എം എസ് വിശ്വനാഥൻ പാശ്ചാത്യസംഗീതവും പീയാണോയും അഭ്യസിച്ചത് ഇദ്ദേഹത്തിൽ നിന്നുമാണ്. എം എസ് വിശ്വനാഥന് നാല് സഹായികളാണ് ഉണ്ടായിരുന്നത്. വയലിനിസ്റ്റ് മുത്തു ബാബുരാജിന്റെ സഹായിയായും അദ്ദേഹത്തിന്റെ മകൻ സിതാർ ശങ്കർ ശേഖറിന്റെ മരണശേഷം അർജുനൻ മാസ്റ്ററുടെ സഹായിയായും പ്രവർത്തിച്ചു. ശങ്കർ ഇപ്പോൾ ഇളയരാജയോടൊപ്പം. ജി കെ വെങ്കടെഷ് എം എസ് വിയുടെ സഹായിയായിരുന്നു, ഇളയരാജ ജി കെ വെങ്കടേഷ്ന്റെ അറേഞ്ചർ ആയിരുന്നു. മ്യുസിഷിയൻ അനുഭവം ഏറുമ്പോൾ സഹായിയായും പിന്നീട് അറെഞ്ചർ ആയും ഭാഗ്യം തുണച്ചാൽ സംഗീതസംവിധായകനായും മാറും ആർ. കെ ശേഖർ പ്രസിദ്ധ തമിഴ് നാടക, സിനിമ നടൻ മനോഹറിന്റെ നാടക ട്രൗപ്ൽ ഹാർമോണിസ്റ് ആയി തുടങ്ങി സഹായിയായി, അരെഞ്ചർ പിന്നെ സംഗീതസംവിധായകൻ ആയി വളർന്നു.

എന്തുകൊണ്ടോ സഹായിയായും അരെഞ്ചർ ആയും തുടരുന്നതാണ് ശേഖർ അഭികാമ്യം എന്ന് കരുതി ദേവരാജൻ മാസ്റ്ററോടൊപ്പം സഹായിയായി മാത്രം ജോലി ചെയ്ത ശേഖർ ദക്ഷിണാമൂർത്തി, അർജുനൻ മാസ്റ്റർ, എ ടി ഉമ്മർ എന്നിവർക്ക് അരെഞ്ചർ ആയും സഹകരിച്ചു. അവർ ശേഖറിന് ക്രിയാത്മകമായ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നുവെങ്കിലും അന്തിമ തീരുമാനം ഈ സംഗീതസംവിധായകരുടേതായിരുന്നു ശേഖറിന്റെ സംഭാവനകൾ ഒരു മുതൽകൂട്ട് തന്നെയായിരുന്നു. ഒരു വൈബ്രോഫോൺ അല്ലെങ്കിൽ സിന്തസൈസർ ഉപയോഗിച്ചു എന്നത് കൊണ്ട് മാത്രം ഒരു പാട്ട് നന്നാകണമെന്നില്ല. എല്ലാത്തിനും ചില പരിമിതികൾ ഉണ്ട്. നല്ല കമ്പൊസിഷൻ, ട്യൂൺ ആണെങ്കിൽ മാത്രമേ അരെഞ്ച്മെൻറ്സ് ഗുണം ചെയ്യൂ. ശേഖർ വൈബ്രോയും കീ ബോർഡും ഉപയോഗിച്ചതുകൊണ്ടാണ് ദേവരാജൻ, ദക്ഷിണാമൂർത്തി, അർജുനൻ, എ ടി ഉമ്മർ എന്നിവരുടെ പാട്ടുകൾ ഹിറ്റ് ആയത് എന്ന് ആരെങ്കിലും പറഞ്ഞാൽ ശേഖറിന്റെ ആത്മാവ് പോലും ആ പറഞ്ഞ ആളോട് പൊറുക്കുകില്ല. ആരോഗ്യകരമായ മത്സരം സംഗീതസംവിധായകർ തമ്മിൽ ഉണ്ടായിരുന്നു പക്ഷെ അതിനുമപ്പുറം നല്ല സുഹൃത്ത്ബന്ധം അവർ കാത്തു സൂക്ഷിച്ചിരുന്നു. ഒരു കൂട്ടായ പ്രയത്നത്തിന്റെ പരിണിതഫലമാണ് അവർ നമുക്ക് വേണ്ടി നൽകി പോയ ആ മധുര ഗാനങ്ങൾ. ദേവരാജൻ മാസ്റ്റർ 1977 ൽ ഗുരുവായൂർ കേശവൻ എന്ന സിനിമയ്ക്ക് പാട്ടുകൾ ഭരണി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുമ്പോൾ സഹായി ശേഖർ അല്ല ജോൺസൺ ആയിരുന്നു.രചന വയലാർ അല്ല ഭാസ്കരൻ മാഷ് സുന്ദര സ്വപ്നമേ..

എന്ന രാഗമാലിക അതിമനോഹരമായ ഗാനമായിരുന്നു മിയാ കി മൽഹാർ എന്ന ഹിന്ദുസ്ഥാനി രാഗം രണ്ടു മാസം കൊണ്ട് പഠിച്ചു മനസ്സിലാക്കി കമ്പോസ് ചെയ്ത പാട്ടാണ് ഇന്നെനിക്കു പൊട്ടു കുത്താൻ.40 വർഷങ്ങൾക്ക് ശേഷവും മികച്ച മലയാള ചലച്ചിത്രഗാനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിയാൽ ഈ പാട്ട് ഉണ്ടാകും സിനിമയിൽ നിന്നും വിട്ടു മാറി choir മ്യൂസിക്മായി തിരുവനന്തപുരത്തു താമസിക്കുമ്പോൾ നടനും സംവിധായാകനുമായ ജേസിയുടെ നിർബന്ധതിന്നു വഴങ്ങി ദേവരാജൻ മാസ്റ്റർ നീ എത്ര ധന്യ എന്ന സിനിമയ്ക്ക് സംഗീതം പകർന്നു. പതിമൂന്ന് വർഷത്തെ പിണക്കം മറന്ന് ഒ എൻ വി യുമായി വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒത്തു ചേർന്നു. തിരുവനന്തപുരത്ത തരംഗിണി റെക്കോർഡിംഗ് സ്റ്റുഡിയോയിലാണ് പാട്ടുകൾ റെക്കോർഡ് ചെയ്തത്. ഞാൻ ആ റെക്കോർഡിംഗ്ൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തു ലഭ്യമായിരുന്നു സംഗീതോപകരണങ്ങളും കലാകാരന്മാരുമാണ് സഹകരിച്ചത്.പ്രഗത്ഭരായ ഒരു സഹായിയും ഇല്ലായിരുന്നു. പക്ഷെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന ഗാനം മലയാളികൾ ഏറ്റു വാങ്ങി. പത്തു മികച്ച റൊമാന്റിക് മലയാളചലച്ചിത്ര ഗാനങ്ങളുടെ തലപ്പത്തു ഈ പാട്ട് ഇന്നും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു അരികിൽ എന്ന വാക്ക് എങ്ങനെ തുടങ്ങണമെന്ന് തീരുമാനിക്കുവാൻ അദ്ദേഹം ഒരാഴ്ച സമയം എടുത്തു. ചരണത്തിൽ രാത്രി മഴ പെയ്തു എന്നതിന് ശേഷം ചെറിയ ഗ്യാപ് നൽകി പിന്നീട് തോർന്ന നേരം എന്ന് പാടുമ്പോൾ മഴ പെയ്തു തോർന്ന പ്രതീതി ലഭ്യമാകുന്നു ഗസൽ സ്റ്റൈലിൽ കമ്പോസ് ചെയ്യപ്പെട്ട ഈ ഗാനം എക്കാലത്തെയും മികച്ച മലയാള ചലച്ചിത്രഗാനങ്ങളിൽ ഒന്നാണ് ഹരികാമ്പോജി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ മെലോഡി അതിനു മുൻപ് 1982 ൽ ദേവരാജൻ മാസ്റ്റർ പോത്തൻകോട് ശാന്തിഗിരിയിൽ ചികിത്സയിലായിരുന്നപ്പോൾ മാസ്റ്ററെ കാണാൻ ചെന്ന ഒ എൻ വി ആകാശവാണിക്കു വേണ്ടി ഒരു ലളിതഗാനം കമ്പോസ് ചെയ്യുന്നതിനെ ക്കുറിച്ച് മാസ്റ്റരോട് സംസാരിച്ചു.

ഗവണ്മെന്റിന്റെ തുച്ഛമായ പ്രതിഫലം എന്നിട്ടും അദ്ദേഹം ശ്രുതി മധുരമായ ഒരു ഗാനം തിരുവനന്തപുരത്തെ ആകാശവാണിയുടെ റെക്കോർഡിങ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു ജയചന്ദ്രന്റെ ശബ്ദത്തിൽ.. ഒന്നിനി ശ്രുതി താഴ്ത്തി പാടുക..ശേഖറില്ല ഇളക്ടരോണിക് ഇൻസ്‌ട്രുമെൻറ്സ് ഇല്ല.വളരെ കുറച്ചു വാദ്യോപകരണങ്ങൾ കൊണ്ട് മരണമിലാത്ത ഒരു ഗാനം തീർത്തു. കേരളത്തിലെ ഓരോ ഗായകനും പാടാൻ കൊതിച്ച പാട്ട്. ദേവരാജൻ മാസ്റ്റർ മാത്രമല്ല, ദക്ഷിണാമൂർത്തി കമ്പോസ് ചെയ്ത “വാതിൽ പഴതൂടിലെൻ.”(ഇടനാഴിയിൽ ഒരു കാലൊച്ച 1987) അർജുനമാസ്റ്ററുടെ “ചമ്പക തൈകൾ പൂത്ത “(കാത്തിരുന്ന നിമിഷം 1978) ശേഖർ ഇല്ലാതെ അവർ ഒരുക്കി സംഗീതാസ്വാധകർ കൈനീട്ടി സ്വീകരിച്ച മേലോടികളാണ് ഇനിയും ഉണ്ട് ധാരാളം പാട്ടുകൾ മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് ശേഖറിനെപ്പോലെയുള്ള അരെഞ്ചർ, സഹായികളുടെ സംഭാവനകൾ വളരെ വലുതാണ് എന്നാൽ അത്കൊണ്ട് മാത്രം ആണ് ആ പാട്ടുകൾ നന്നായത് എന്നു പറഞ്ഞാൽ അത് സത്യവിരുദ്ധമാണ്. Boost കുടിച്ചത് കൊണ്ടാണ് സച്ചിൻ ടെൻദുൽകർ സെഞ്ച്വറി എടുക്കുന്നത് അല്ലെങ്കിൽ ഡാബർ ച്യവനാ പ്രാശ്യം കഴിച്ചത് കൊണ്ടാണ് അമിതാബ് ബച്ചൻ നല്ല അഭിനയം കാഴ്ച വയ്ക്കുന്നത് എന്നൊക്ക പറയുന്നത് പോലെ