ദേവാസുരം മമ്മൂട്ടിയെ നായകനാക്കി ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നു: പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തല്‍

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ 50 വര്‍ഷത്തെ സിനിമാ കരിയറിന് ഇടെ നിരവധി സിനിമകള്‍ പലകാരണങ്ങളാല്‍ അദ്ദേഹം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടി ഒഴിവാക്കിയ സിനിമകള്‍ മറ്റു…

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ 50 വര്‍ഷത്തെ സിനിമാ കരിയറിന് ഇടെ നിരവധി സിനിമകള്‍ പലകാരണങ്ങളാല്‍ അദ്ദേഹം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടി ഒഴിവാക്കിയ സിനിമകള്‍ മറ്റു നടന്മാരുടെ കരിയറില്‍ നിര്‍ണായക വഴിത്തിരിവായി മാറുകയും ചെയ്തിട്ടുണ്ട്. സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, യുവതാരം പൃഥ്വിരാജ് തുടങ്ങിയവരെല്ലാം മമ്മൂട്ടി ഒഴിവാക്കിയ സിനിമകള്‍ ഏറ്റെടുത്ത് വമ്പന്‍ സൂപ്പര്‍ഹിറ്റുകള്‍ ആക്കിയിട്ടുമുണ്ട്.

രാജാവിന്റെ മകന്‍, ദേവാസുരം, ദൃശ്യം, അകലവ്യന്‍, മെമ്മറീസ് എന്നിവയെല്ലാം ആ ലിസ്റ്റില്‍ പെട്ട സിനിമകളാണ്. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് താരരാജാവ് മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി പൂണ്ടു വിളയാടിയ ദേവാസുരം എന്ന സിനിമ.

മലയാളത്തിലെ തകര്‍പ്പന്‍ വിജയം നേടിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ ദേവാസുരത്തില്‍ പക്ഷേ മമ്മൂട്ടി ആയിരുന്നു നായകനാകേണ്ടിയിരുന്നത്. രഞ്ജിത്ത് രചന നിര്‍വ്വഹിച്ച ഈ ചിത്രം ഐവി ശശി ആയിരുന്നു സംവിധാനം ചെയ്തത്.

ഇപ്പോഴിതാ ദേവാസുരം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നും മമ്മൂട്ടിയെ കാണാന്‍ രഞ്ജിത്തിനൊപ്പം മദ്രാസില്‍ പോയിരുന്നുവെന്നും പറയുകയാണ് സംവിധായകന്‍ ഹരിദാസ്.

ഹരിദാസിന്റെ വാക്കുകള്‍ ഇങ്ങനെ:

ദേവാസുരം ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നു. മോഹന്‍ലാലല്ല, മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിയോട് കഥ പറയാന്‍ മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് തിരക്കായിരുന്നു. ദേവാസുരം പിന്നീട് മുരളിയെ വെച്ച് ആലോചിച്ചു അതും നടന്നില്ല.

ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ ഞാനായിരുന്നു കണ്ടെത്തിയത്. രഞ്ജിത്ത് കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുടങ്ങിയതെന്നറിയില്ല. പിന്നീടാക്കാം എന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങള്‍ പിന്നീട് ഒന്നിച്ച് സിനിമ ചെയ്‌തെങ്കിലും അത് ഞാന്‍ ചോദിക്കാന്‍ പോയില്ല.പിന്നീട് രഞ്ജിത്ത് വിളിച്ചു മോഹന്‍ലാലിനെ വെച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. ഞാനപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു ദേവാസുരം ഐവി ശശി സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ഷൂട്ടിങ് സെറ്റിലൊക്കെ പോയിരുന്നു. ഞാനാണ് ഈ സിനിമ ചെയ്യേണ്ടിയിരുന്നതെന്ന് പറയാനൊന്നും പോയില്ല.