‘ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയുടെ ‘തോളോടൊപ്പം’ അഭിനയിക്കാന്‍ സാധിച്ചു’ ദേവ്ദത്ത് ഷാജി

ബിഗ് ബിയ്ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ,…

ബിഗ് ബിയ്ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി.

‘ഭീഷ്മപര്‍വ്വത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ‘തോളോടൊപ്പം’ അഭിനയിക്കാന്‍ സാധിച്ചു’ എന്ന ക്യാപ്ഷ്യനോടെയാണ് അദ്ദേഹം രസകരമായ അനുഭവം പങ്കുവെച്ചത്. സിനിമയില്‍ ശ്രീനാഥ് ഭാസിയുടെ കഥാപത്രത്തിന്റെ മഞ്ചലും ചുമന്ന് മമ്മൂട്ടി പോകുന്ന ഒരു രംഗമുണ്ട്. ആ സമയം മഞ്ചലില്‍ താനായിരുന്നു എന്ന് പറയുകയാണ് ദേവദത്ത് ഷാജി. രംഗത്തിന്റെ ഒരു ചിത്രവും ദേവ്ദത്ത് ഷാജി പങ്കുവെച്ചു.

അതേസമയം സിനിമയിലെ ‘ചാമ്പിക്കോ’ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആണ്. നിരവധി പേരുടെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ‘ചാമ്പിക്കോ’ ആണ് ട്രെന്‍ഡ്. സിനിമാ-രാഷ്ട്രീയ മേഖല തുടങ്ങി നിരവധി പേരാണ് ചാമ്പിക്കോ വീഡിയോയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ചാമ്പിക്കോ ട്രെന്‍ഡ് ഏറ്റെടുത്തിരുന്നു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് ട്രെന്‍ഡ് ഇടം പിടിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നു വരവിലും മുഖ്യമന്ത്രിയുടെ കാറായ ഇന്നോവ ക്രിസ്റ്റയിലും ചാമ്പിക്കോ വീഡിയോ പുറത്തിറങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കളുടെ ഫോട്ടോയും മുഖ്യമന്ത്രിയുടെ കാറും ആണ് ഇതിലൂടെ വൈറല്‍ ആയത്. എന്നാല്‍, പുറത്തിറങ്ങിയ 2 വീഡിയോയില്‍ ഏറ്റവും ജന ശ്രദ്ധ നേടിയത്, മുഖ്യമന്ത്രിയുടെ ഇന്നോവ ക്രിസ്റ്റയുടെയും രണ്ട് അകമ്പടി വാഹനങ്ങളും ആണ്. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ആണ് വൈറല്‍ ആയ ചാമ്പിക്കോ വീഡിയോ ചിത്രീകരിച്ചത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സുരക്ഷ വാഹന വ്യൂഹത്തിലേക്കും എത്തിയ മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ എം.പി.വികളാണ് വൈറല്‍ ആയ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.