നമ്മൾ പെണ്ണായതു കൊണ്ടാണല്ലോ അവർ പെണ്ണല്ലാതാകുന്നത് എന്നോർക്കുമ്പോൾ! - മലയാളം ന്യൂസ് പോർട്ടൽ
News

നമ്മൾ പെണ്ണായതു കൊണ്ടാണല്ലോ അവർ പെണ്ണല്ലാതാകുന്നത് എന്നോർക്കുമ്പോൾ!

ആണും പെണ്ണും മാത്രമേ ഭൂലോകത്തുള്ളു എന്ന് വിശ്വസിക്കുന്ന ആനയെ തൊട്ടറിഞ്ഞ കാഴ്ച ഇല്ലാത്തവരുടെ മാനസിക വ്യവസ്ഥയുള്ള വിഡ്ഢികളുടെ ഒരു നാട്ടിൽ ജനിച്ച് വളർന്ന , സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ നാൾ മുതൽ നശിച്ച ഈ സമൂഹത്തോടും ഇവിടത്തെ നെറികെട്ട മനുഷ്യരോടും പൊരുതി പണിയെടുത്ത് പഠിച്ച് 28 വയസ്സു വരെ ജീവിച്ച കലാകാരിയായ , മിടുക്കിയായ ട്രാൻസ് പെൺകുട്ടി. തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ കൈപിഴവു കാരണം എഴുന്നേറ്റു നടക്കാനോ ജോലി ചെയ്യാനോ ചിരിക്കാനോ മര്യാദക്ക് കിടന്നുറങ്ങാനോ പോലും സാധിക്കാതെ വേദന തിന്ന് മടുത്ത് സ്വയം ജീവിതം അവസാനിപ്പിച്ച പെൺകുട്ടി . മെയിൽ ഷോവനിസവും അധികാര – ആണത്ത രാഷ്ട്രീയവും അടക്കിവാഴുന്ന ഒരു സമൂഹത്തിൽ സ്ത്രീ എന്ന പൊതു സ്വീകാര്യതയുള്ള ജെണ്ടർ ഐഡന്റിറ്റി നടത്തിയ നമ്മെ പോലുള്ളവർക്കു പോലും പൊരുതി നേടാനാവാത്ത എത്രയധികം മേഖലകളിൽ കഴിവു തെളിയിച്ച ഒരാൾ . പാവം ! അവളുടെ ജീവിതം എന്തു വലിയ സമരം ആയിരുന്നിരിക്കണം. ഇതിനോടകം മരണതുല്യമായ എത്ര ദുരനുഭവങ്ങളെയും അപമാനങ്ങളെയും അതിജീവിച്ചിട്ടുണ്ടാകണം അവൾ… എന്നിട്ടും ഒരിക്കൽ പോലും ആ പെൺകുട്ടി ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല എങ്കിൽ ഈ മരണം അവൾ എത്ര നിസ്സഹായതയോടെ , എത്ര മാനസികാഘാതത്തോടെ തിരിഞ്ഞെടുത്തതാകും…

ഇത് റിനെയ് മെഡിസിറ്റിയിലും ഡോക്ടർ അർജുനിലും മാത്രം ഒതുങ്ങേണ്ട കുറ്റവാളിത്വം അല്ല. LGBTQ കമ്യൂണിറ്റിയോട് കോട്ടിട്ടവരിൽ തുടങ്ങി കാക്കിയിട്ടവർക്ക് വരെ ഉള്ള negligence / അസഹിഷ്ണുത / ചൂഷണമനോഭാവം / അഹന്തയൊക്കെയാണിത്. പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. മനുഷ്യ വൈവിധ്യങ്ങളെ, തീർത്തും വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളെ വൈകല്യങ്ങളായും മാനസിക രോഗമായും കോമാളിത്തരങ്ങളും കുറ്റകൃത്യവുമായി വരെ പരിഗണിക്കുന്ന അപഹസിക്കുന്ന ഒറ്റപ്പെടുത്തുന്ന തക്കം കിട്ടുമ്പോഴെല്ലാം അവരെ കുത്തിനോവിക്കുന്ന / കള്ളക്കേസുകളിൽ കുടുക്കുന്ന / ക്രിമിനൽവൽക്കരിക്കുന്ന ഒരു സിസ്റ്റത്തിന്റെ ഭാഗമാണ് നമ്മൾ ഓരോരുത്തരും. കുറ്റബോധം കൊണ്ട് തല താഴ്ന്ന് പോകുന്നു. നമ്മൾ പെണ്ണായതു കൊണ്ടാണല്ലോ അവർ പെണ്ണല്ലാതാകുന്നത് എന്നോർക്കുമ്പോൾ. ട്രാൻസ് ജെണ്ടേഴ്സിന്റെ ലിംഗമാറ്റ ശാസ്ത്രക്രിയക്കെതിരെ ഇന്നലെ മുതൽ കേൾക്കുന്ന ചില പട്ടികുരകളുണ്ട്. “ദൈവം തന്ന ലിംഗം മുറിച്ചതിന്റെ ശിഷ്യയാണത്രേ…” ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശവും ആഗ്രഹവും കൂടിയാണ് അയാളായിരിക്കുന്ന അവസ്ഥയിൽ മാനസികവും ശാരീരികവുമായി ജീവിക്കുക എന്നത്… സ്വത്വം എന്നത് എന്തൊരു വലിയ സ്വപ്നമായിരിക്കും അവർക്ക്. പരിഹസിച്ച എത്ര പേരോടുള്ള വാശിയും വിജയവുമായിരിക്കും അത്. അതിനു വേണ്ടിയുള്ള ഓരോ ട്രാൻസ് ജണ്ടറിന്റേയും അധ്വാനം എത്ര കാലത്തെ പ്രയത്‌നമായിരിക്കും. അതൊന്നും ചിന്തിക്കാൻ പോലും നിങ്ങൾക്കാവാത്തത് നിങ്ങളുടെ ദൈവം വലിയൊരു നുണയായതു കൊണ്ടാണ്. കാലിനിടയിലെ ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്ന , ലിംഗത്തിന്റെ പെവർ ഗ്ലോറിഫൈ ചെയ്യുന്ന റേപ്പ് ജോക്ക് മുതൽ ദിവസത്തിൽ നാല് നേരം ആണത്ത പ്രസംഗം നടത്തുന്ന , പൗരുഷത്തിന്റെ തിരിച്ചറിയൽ രേഖ കുറച്ചധികം മാംസമാണെന്ന് കരുതുന്ന നിങ്ങൾക്കിടയിൽ അതങ്ങ് മുറിച്ചു മാറ്റി താൻ പെണ്ണാണെന്ന് പ്രഖ്യാപിക്കുന്നതും ഒരു രാഷ്ട്രീയമാണ്.

മാറേണ്ടത് മലയാളികളുടെ മനസ്സാണ്. ജണ്ടർ നിർമ്മിതിയെ കുറിച്ച് അബദ്ധധാരണകൾ പ്രൊപ്പഗേറ്റ് ചെയ്യുന്ന നമ്മുടെ വിദ്യാഭ്യാസ രീതിയും ഇവിടത്തെ സാമൂഹിക വ്യവസ്ഥിതികളുമാണ്. ട്രാൻസ് കമ്മ്യൂണിറ്റിക്ക് നിയമപരമായ സപ്പോർട്ട് നൽകുക മാത്രമല്ല സ്റ്റേറ്റിന്റെ ഉത്തരവാദിത്വം. അവരുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് സേഫായി / സൗജന്യമായി സജ്ജീകരണം ചെയ്യാനാകുന്ന സാങ്കേതിക മികവുള്ള സർക്കാർ ആശുപത്രികൾ നമ്മുടെ നാടിന് ആവശ്യമാണ്. അല്ലാത്തിടത്തോളം കാലം കുത്തക – സ്വകാര്യ സ്ഥാപനങ്ങളുടെ കൊള്ളയടിയിലും പരീക്ഷണങ്ങളിലും കൊലപാതകങ്ങളിലും തീർത്തും പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹം കൂടി ഇനിയും ഇരകളായിക്കൊണ്ടിരിക്കും. ക്രൂരതയാണത്. – ദേവിക

Trending

To Top