Malayalam Article

പുരുഷന്മാരുടെ വാഷ്റൂമില്‍ ഡയപ്പര്‍ മാറ്റാനുള്ള സൗകര്യം; ബെംഗളൂരു വിമാനത്താവളത്തിന് സോഷ്യല്‍മീഡിയയുടെ പ്രശംസ

പുരുഷന്മാരുടെ ശുചിമുറിയില്‍ ഡയപ്പര്‍ മാറ്റാനുള്ള മുറി സ്ഥാപിക്കാനുള്ള പുരോഗമനപരമായ നീക്കത്തിന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ അഭിനന്ദനിച്ച് സോഷ്യല്‍ മീഡിയ. എയര്‍പോര്‍ട്ടുകളിലെ ഡയപ്പര്‍ മാറ്റുന്ന മുറികളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ശുചിമുറികളോട് ചേര്‍ന്നാണ്, കാരണം സ്ത്രീകളാണ് കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റേണ്ടതെന്ന ചിന്തയില്‍. എന്നാല്‍ നൂതനമായ ഈ സമീപനം തുല്യ സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ കമന്റ്.

സുഖദ എന്ന ഉപയോക്താവാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ആഘോഷിക്കേണ്ടതുണ്ട്. ഡയപ്പര്‍ മാറ്റുന്ന സൗകര്യം ബംഗളൂരു വിമാനത്താവളത്തില്‍ പുരുഷന്മാരുടെ വാഷ്റൂമില്‍ കണ്ടു. ശിശുസംരക്ഷണം ഒരു സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല,’ അടിക്കുറിപ്പില്‍ അവര്‍ പറഞ്ഞു. പുരോഗമനപരമായ നീക്കത്തിന് എയര്‍പോര്‍ട്ട് അധികൃതരെ അഭിനന്ദിച്ച് നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ കമന്റിട്ടു. എന്നാല്‍ മറ്റുള്ളവര്‍ ഇത് ആഘോഷിക്കുന്നതിനുപകരം ‘സാധാരണമാക്കണം’ എന്ന് ചൂണ്ടിക്കാട്ടി.

‘അതെ, ഇത് ഇപ്പോള്‍ വര്‍ഷങ്ങളായി അവിടെയുണ്ട്. അവര്‍ക്ക് വസ്ത്രം മാറാനുള്ള മുറികളും ഉണ്ട്, ആര്‍ക്കും ആക്‌സസ് ചെയ്യാന്‍ കഴിയും,’ ഒരു ഉപയോക്താവ് എഴുതി. മറ്റൊരാള്‍ പറഞ്ഞു, ‘നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തത് അതാണ്! അത്തരം കാര്യങ്ങള്‍ ആഘോഷിക്കരുത്, പകരം അവയെ സാധാരണമാക്കുക.’

Gargi