Film News

അന്നാണ് ദിലീപിന് ആ തെറ്റ് മനസ്സിലായത്, ഒരു ദിവസം എന്നെ ഫോൺ വിളിച്ചിട്ട് എന്നോട് പറഞ്ഞു എനിക്ക് തെറ്റ് പറ്റി ക്ഷമിക്കൂ എന്ന്

പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട ഒരു കുടുംബ ചിത്രം ആയിരുന്ന സദാനന്ദന്റെ സമയം, കാവ്യാ ദിലീപ് ജോഡികൾ വളരെ മികച്ച അഭിനയം കാഴ്ചവെച്ച  സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു, ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ദിലീപ് പറഞ്ഞിട്ട് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി അതുകാരണം ആണ് ചിത്രം വിജയിക്കാതെ പോയത് എന്നാണ് കുറിപ്പിൽ പറയുന്നത്.

കുറിപ്പ് ഇങ്ങനെ

നിങ്ങള്‍ക്കു പറ്റിയ ഒരു സബ്ജക്‌ട് എന്റെ കൈയിലുണ്ട്.’ പറയുന്നത് ദിലീപായതിനാല്‍ സത്യമായിരിക്കണം. കാരണം ദിലീപുമായുള്ള സൗഹൃദത്തിന് പഴക്കമേറെയുണ്ട്. കമല്‍ സാറിന്റെ കൂടെ ഞങ്ങളൊരുമിച്ച്‌ നാലുവര്‍ഷം അസിസ്റ്റന്റ് ഡയറക്ടര്‍മാരായി ജോലി ചെയ്തിട്ടുണ്ട്. മാത്രമല്ല, എന്റെയും ജോസിന്റെയും (അക്ബര്‍ ജോസ്) ആദ്യസിനിമയായ ‘മഴത്തുള്ളിക്കിലുക്ക’ത്തിലെ നായകനും ദിലീപാണ്. ദിവസങ്ങള്‍ക്കുശേഷം നേരില്‍ക്കണ്ടപ്പോള്‍ ദിലീപ് ആ കഥ പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചു ജീവിക്കുന്ന ‘കരിംപൂരാട’ക്കാരന്‍ സദാനന്ദന്റെ കഥ. ”ശരത്ചന്ദ്രന്‍ വയനാടാണ് എന്നോടീ കഥ പറഞ്ഞത്. ശരത് തന്നെ തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്. ആരും ഇതുവരെ ചെയ്യാത്ത മനോഹരമായ കഥ.” ഞാന്‍ സമ്മതിച്ചു. അങ്ങിനെയാണ് ഞാനും സുഹൃത്ത് ജോസും ചേര്‍ന്ന് ‘സദാനന്ദന്റെ സമയം’ തുടങ്ങുന്നത്. അന്ധവിശ്വാസം കീഴ്‌പ്പെടുത്തിയ സദാനന്ദന്റെ ജീവിതം മറ്റുള്ളവര്‍ക്ക് സൃഷ്ടിക്കുന്ന കുഴപ്പങ്ങളാണ് സിനിമയുടെ പ്രമേയം.

ദിലീപും കാവ്യയുമായിരുന്നു സദാനന്ദനും സുമംഗലയും. അതിന്റെ ക്‌ളൈമാക്‌സായിരുന്നു ഗംഭീരം. ഒരു തെറ്റിദ്ധാരണ മൂലം സദാനന്ദന്റെ ഭാര്യ സുമംഗല ആത്മഹത്യചെയ്തു. ഭാര്യയുടെ ചിതയ്ക്ക് തീ കൊളുത്താന്‍ വിറകുകൊള്ളിയുമായി സദാനന്ദന്‍ നില്‍ക്കുമ്ബോള്‍ മകള്‍ ചോദിക്കുന്നു. ‘അച്ഛാ രാഹുകാലം കഴിഞ്ഞിട്ടുണ്ടാവുമോ?’ മകളുടെ വാക്കുകള്‍ കേട്ട് അയാളുടെ കൈയില്‍ നിന്ന് തീക്കൊള്ളി വഴുതി വീഴുന്നു. അതു തനിയേ ചിതയിലേക്കു പടര്‍ന്ന് കത്തുന്നു. ഒരു നിമിഷം.

സദാനന്ദന്‍ തന്റെ കൈയിലുള്ള ചരടും മാലയുമെല്ലാം ആ ചിതയിലേക്കു വലിച്ചെറിയുന്നു. സ്‌ക്രീനില്‍ ‘ദൈവവിധിയില്‍ മാത്രം വിശ്വസിച്ച്‌ സദാനന്ദന്‍മാര്‍ ജീവിക്കട്ടെ’ എന്നു തെളിയുന്നതോടെ സിനിമ അവസാനിക്കുന്നു. മനുഷ്യദൈവങ്ങളല്ല, ദൈവങ്ങളാണ് യഥാര്‍ഥ വിധി തീരുമാനിക്കുന്നതെന്ന സന്ദേശം നല്‍കുന്ന സിനിമ കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തുടങ്ങിയതു മുതല്‍ അവസാനം വരെ ഞങ്ങളെല്ലാവരും ത്രില്ലിലായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരായ ഒരു സിനിമയാണല്ലോ ചെയ്യുന്നതെന്ന സന്തോഷമായിരുന്നു മനസില്‍.

ഷൂട്ടിംഗ് പെട്ടെന്നു തന്നെ പൂര്‍ത്തിയായി. എഡിറ്റിംഗ് റൂമില്‍ വച്ച്‌ ദിലീപുമൊത്ത് ഞങ്ങള്‍ സിനിമ കണ്ടു. പുറത്തിറങ്ങിയപ്പോള്‍ ദിലീപിന്റെ മുഖത്ത് ഒരു സന്തോഷവുമില്ല. ”എന്താ സിനിമ നന്നായില്ലേ” ഞാന്‍ ദിലീപിനോടു ചോദിച്ചു. ”സിനിമയൊക്കെ നന്നായി. പക്ഷേ ക്‌ളൈമാക്‌സ്…” എനിക്കും ജോസിനും ആശങ്ക കൂടി. ”ഇതൊരു നെഗറ്റീവ് റോളാണ്. അതുകൊണ്ടുതന്നെ ക്‌ളൈക്‌സ് ഈ രീതിയില്‍ ശരിയാവില്ല” ”നെഗറ്റീവ് എന്നു പറയാന്‍ പറ്റില്ല. ദിലീപ് എന്ന ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഒരു നല്ല കഥാപാത്രമാണ്. മാത്രമല്ല, ദിലീപ് ഇഷ്ടപ്പെട്ടിട്ട് പറഞ്ഞ കഥയാണിത്.”

ഞാന്‍ ന്യായീകരിച്ചു. പക്ഷേ ദിലീപ് അതൊന്നും ചെവിക്കൊണ്ടില്ല. തന്റെ കരിയറിന് ഇതിലെ ക്‌ളൈക്‌സ് ദോഷം ചെയ്യുമെന്ന ഭയമായിരുന്നു ദിലീപിന്. ക്‌ളൈമാക്‌സില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഞങ്ങള്‍ അനുവദിച്ചില്ല. സിനിമ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നു. മാറ്റി ചിത്രീകരിക്കണമെന്നു ദിലീപും. ഈ ‘യുദ്ധം’ ആഴ്ചകളോളം നീണ്ടുപോയി. ഇതിനിടയ്ക്ക് ദിലീപ് നിര്‍മാതാക്കളെക്കൊണ്ട് എന്നെ വിളിപ്പിച്ചു.

മാറ്റി ഷൂട്ട് ചെയ്യാന്‍ ഞാന്‍ മാത്രമാണ് തടസമെന്ന നിലയില്‍ വരെ കാര്യങ്ങളെത്തി. ”എല്ലാവരും സമ്മതിച്ച സ്ഥിതിക്ക് ഞാന്‍ മാത്രം എതിരുനില്‍ക്കുന്നില്ല” ഞാന്‍ നിര്‍മാതാക്കളെ അറിയിച്ചു. എന്റെ കരിയറിലെ രണ്ടാമത്തെ സിനിമയായതിനാല്‍ അധികം ബലം പിടിക്കാനും കഴിഞ്ഞില്ല. ഇക്കാര്യം ശരത്ചന്ദ്രനെയും അറിയിച്ചു. അവനും നിസഹായനായിരുന്നു. ദിലീപ് നിര്‍ദേശിച്ച മാറ്റങ്ങളുമായി പടം വീണ്ടും ഷൂട്ടുചെയ്തു.

അതില്‍ സുമംഗല മരിക്കുന്നില്ല. പകരം സുമയെ ആത്മഹത്യയില്‍ നിന്നു സദാനന്ദന്‍ രക്ഷിക്കുന്നു. ഈ സംഭവം അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. പിന്നീട് സദാനന്ദന്‍ ജോലിക്കു പോകുമ്ബോള്‍ സുമ പിന്നില്‍ നിന്നു വിളിക്കുമ്ബോള്‍ അയാള്‍ സ്‌നേഹത്തോടെ പെരുമാറുന്നു. ഇതോടെയാണ് സിനിമ അവസാനിക്കുന്നത്. ഷൂട്ടിംഗ് തീര്‍ന്ന ദിവസം വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു എനിക്ക്. വിചാരിച്ചതു പോലെ നടക്കാത്തതിലുള്ള സങ്കടം എന്നെ അലട്ടി.

സിനിമാജീവിതത്തില്‍ ഏറ്റവും വേദനിച്ച നിമിഷം. പിന്നീട് എന്റെ നിസ്സഹായതയെ ഓര്‍ത്ത് സമാധാനിച്ചു. സിനിമ പുറത്തിറങ്ങി. അതിലെ ക്‌ളൈമാക്‌സ് ഏറെ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യം ഷൂട്ടുചെയ്ത ക്‌ളൈമാക്‌സ് ആയിരുന്നെങ്കില്‍ സിനിമ വന്‍ ചര്‍ച്ചയാവുമായിരുന്നു. മാത്രമല്ല, ഒരു നല്ല സന്ദേശം ജനങ്ങള്‍ക്കു നല്‍കാനും കഴിയും.

സിനിമ പുറത്തിറങ്ങിയപ്പോഴാണ് ദിലീപിന് തനിക്കു പറ്റിയ തെറ്റു മനസിലായത്. ഒരു ദിവസം ദിലീപ് വിളിച്ചു. ”അക്കു, നീ ക്ഷമിക്കണം. തെറ്റു പറ്റിയത് എനിക്കാണ്. നമ്മള്‍ ആ ക്‌ളൈമാക്‌സ് മാറ്റേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു.” വൈകിയെങ്കിലും പശ്ചാത്തപിച്ചതില്‍ സന്തോഷം തോന്നി. പിന്നീട് പല അവസരങ്ങളിലും ദിലീപ് ഇക്കാര്യം സംസാരിച്ചിരുന്നു. പഴക്കമേറിയ സൗഹൃദത്തിന്റെ ബലത്തിലാണ് ദിലീപ് അങ്ങിനെ സംസാരിച്ചതും ക്ഷമ ചോദിച്ചതും.

Trending

To Top
Don`t copy text!