അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവസംവിധായകന് ദാരുണാന്ത്യം

തെലുങ്ക് യുവസംവിധായകന്‍ പൈദി രമേഷിന് ദാരുണാന്ത്യം. 37 വയസായിരുന്നു. അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് പൈദി രമേഷ് മരിച്ചത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ യൂസുഫ്ഗുഡയിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സംഭവം. നാലാം നിലയില്‍ നിന്ന് ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയ രമേഷ് തിരിച്ചെത്തിയെന്നും മഴ തുടങ്ങിയതോടെ വസ്ത്രങ്ങള്‍ എടുക്കാന്‍ ബാല്‍ക്കണിയിലേക്ക് ഓടിക്കയറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ചില വസ്ത്രങ്ങള്‍ വൈദ്യുത കമ്പിയില്‍ വീഴുകയും വടി ഉപയോഗിച്ച് വസ്ത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രമേശിന് വൈദ്യുതാഘാതമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് നാലാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. രമേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പോലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്തു.

2018-ല്‍ സംവിധാനം ചെയ്ത റൂള്‍ എന്ന ചിത്രത്തിലൂടെയാണ് പൈദി രമേശ് ശ്രദ്ധേയനായത്. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, തന്റെ കഴിവ് ഇന്‍ഡസ്ട്രിയില്‍ തെളിയിക്കാന്‍ രമേഷിന് കഴിഞ്ഞു. തന്റെ അടുത്ത പ്രോജക്ട് ഉടന്‍ ആരംഭിക്കാന്‍ രമേഷ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Previous articleഇത് ശ്രീറാമിന് ആദ്യവിവാഹവും രേണുവിന് രണ്ടാമത്തേതും…പ്രണയം അതീവ രഹസ്യമായി
Next articleമീനാക്ഷി അമ്മ മഞ്ജുവിനെ ആകെ വിളിച്ചത് ഒരു തവണ… അതും അച്ഛനു വേണ്ടി