പക മൂത്ത സിനിമാ സുഹൃത്തുക്കളെ…, നിങ്ങളോട് സഹതാപം മാത്രം! – വിനയന്‍

സംവിധായകന്‍ വിനയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിനിമാ സഹകരണ പ്രസ്ഥാനമായ മാക്ടോസിന്റെ തിരഞ്ഞെടുപ്പ് വിവരം അറിഞ്ഞതോടെ തൊഴിലാളികള്‍ക്കു വേണ്ടി നില്‍ക്കുകയും ആ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ തെരഞ്ഞെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. വിലക്കിനു ശേഷം മാക്ടയുടെ ചെയര്‍മാനായിരുന്ന എന്റെ പേരു പോലും ബോര്‍ഡില്‍ നിന്നും മായിച്ചു കളഞ്ഞ പക മൂത്ത ആ സിനിമാ സുഹൃത്തുക്കളോട് എനിക്ക് അന്നും ഇന്നും സഹതാപമേയുള്ളു..എന്നും

അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നു. തനിക്ക് എതിരെ നടത്തിയ ആ ഗൂഢാലോചനയെപ്പറ്റി ചില തൊഴിലാളി സുഹൃത്തുക്കള്‍ സൂചിപ്പിച്ചിട്ടും പോലും അത് കാര്യമാക്കിയില്ല എന്നതാണ് പറ്റിയ പരാജയമെന്നും നല്ലതു മാത്രം ചെയ്യുമ്പോള്‍ മറ്റൊന്നിനേയും ഭയക്കേണ്ടതില്ലല്ലോ എന്നാണു താനന്നോര്‍ത്തതെന്നും അദ്ദേഹം പറയുന്നു. പക്ഷേ ഏതായുധത്തേക്കാളും മൂര്‍ച്ചയുള്ളതാണ് അസൂയ എന്നോര്‍ത്തില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു..

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

2007 മേയ് പതിനെട്ടിനായിരുന്നു മലയാള സിനിമാ ടെക്‌നീഷ്യന്‍മാരുടെ കോപ്പറേറ്റീവ് സൊസൈറ്റി നിലവില്‍ വന്നത്.. എറണാകുളം ടൗണ്‍ഹാളില്‍ വച്ച് അന്നത്തെ സഹകരണ വകുപ്പു മന്ത്രി ജി. സുധാകരനാണ് സൊസൈറ്റിയുടെ ഉത്ഘാടനം നിര്‍വഹിച്ചത്. ചലച്ചിത്ര മേഖലയിലെ തൊഴിലാളികള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും ജോലിയുടെ ഈടിന്‍മേല്‍ ഒരു പത്തു രൂപ പോലും ബാങ്കോ മറ്റു സ്ഥാപനങ്ങളോ അന്നും.. ഇന്നും.. കടം തരാത്ത സാഹചര്യത്തില്‍ 50,000 രൂപ വരെ ഏതു തൊഴിലാളിക്കും പരസ്പരമുള്ള വ്യക്തിഗത ഈടിന്‍മേല്‍ ലോണ്‍ ലഭിക്കുന്ന ഒരു സഹകരണ സ്ഥാപനം കേരളത്തിലെ ചലച്ചിത്ര രംഗത്ത് സ്ഥാപിക്കാനായി മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഒരു പ്രധാനപ്പെട്ട കാര്യമായി ഞാന്‍ കാണുന്നു..

അമ്പലപ്പുഴക്കാരന്‍ എന്ന നിലയില്‍ ശ്രീ ജി സുധാകരനുമായുള്ള വ്യക്തിപരമായ അടുപ്പവും. എം എല്‍ എ ആയിരുന്ന ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ എം എം മോനായിയുമായുള്ള സൗഹൃദവുമാണ് അന്ന് ഏറെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും സിനിമാ തൊഴിലാളികള്‍ക്കായി ഒരു സൊസൈറ്റി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്.. എന്റെ ഏറെ സമയവും കൈയ്യിലെ പണവും ഒക്കെ ആ ഒരു സ്ഥാപനം പ്രാവര്‍ത്തികമാക്കാനായി ചെലവഴിച്ചിട്ടുണ്ട് എന്ന കാര്യം എന്റെ കൂടെ അന്നാ ഉദ്യമത്തില്‍ പങ്കു ചേര്‍ന്ന സഹ പ്രവര്‍ത്തകര്‍ക്കറിയാം. അന്നു ഞാന്‍ മാക്ടയുടെ ചെയര്‍മാനും ആയിരുന്നു.. മാക്ട ഏറ്റവും സജീവമായി പ്രവര്‍ത്തിച്ച ഒരു കാലമായിരുന്നു അത്.. അതിനിടയില്‍ ചെറിയ പുതുമുഖ സിനിമകള്‍ നിര്‍മ്മിക്കാനായി തീയറ്റര്‍ ഉടമകളുടെ സഹായത്തോടെ സിനിമാ ഫോറം എന്ന പ്രസ്ഥാനവും നിലവില്‍ വന്നിരുന്നു..അത്തരം ചില സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്തതു കൊണ്ടാകാം വിനയനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല വിലക്കിയേ തീരു എന്ന വാശിയോടെ സിനിമയിലെ ചില പ്രബല ശക്തിള്‍ കരു നീക്കിയത്. മലയാള സിനിമയിലെ ചില നിയന്ത്രിതാക്കള്‍ക്ക് എതിരെയുള്ള എന്റെ നിലപാടുകളും അതിനു കാരണമായിരിക്കാം..മലയാള സിനിമയിലെ ആദ്യ ട്രേഡ് യൂണിയനായ മാക്ട ഫെഡറേഷന്റെ സെക്രട്ടറിയും മാക്ട സാംസ്‌കാരിക സംഘടനയുടെ ചെയര്‍മാനും. മാക്ടോസ് എന്ന സൊസൈറ്റിയുടെ പ്രസിഡന്റുമായി ഒരാള്‍ തന്നെ വരിക എന്നതും
പലര്‍ക്കും അന്ന് സഹിക്കാന്‍ പറ്റാത്തതായിരിക്കാം…. എനിക്കെതിരെ നടത്തിയ ആ ഗൂഢാലോചനയെപ്പറ്റി ചില തൊഴിലാളി സുഹൃത്തുക്കള്‍ സൂചിപ്പിച്ചിട്ടും ഞാനതു കാര്യമാക്കിയില്ല എന്നതാണ് അന്നെനിക്കു പറ്റിയ പരാജയം.. നല്ലതു മാത്രം ചെയ്യുമ്പോള്‍ മറ്റൊന്നിനേം ഭയക്കേണ്ടതില്ലല്ലോ എന്നാണു ഞാനന്നോര്‍ത്തത്.. പക്ഷേ ഏതായുധത്തേക്കാളും മൂര്‍ച്ചയുള്ളതാണ് അസൂയ എന്നോര്‍ത്തില്ല..

വിലക്കെന്ന ആഭിചാര ക്രിയ എനിക്കെതിരെ നടപ്പാക്കിയവര്‍ മാക്ടോസിനു ബദലായി സിനിമയിലെ സമ്പന്നരെ മുഴുവന്‍ ചേര്‍ത്തുകൊണ്ട് മറ്റൊരു സിനിമാ സൊസൈറ്റി ഉണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ അതു നടന്നില്ല,.എല്ലാത്തിനും ഒരു സത്യമുണ്ടല്ലോ,. അതു കൊണ്ടു തന്നെ മാക്ടോസ് ഇപ്പഴും നിലനില്‍ക്കുന്നു. വളരെ നന്നായി പോയിരുന്ന ആ സൊസൈറ്റിയുടെ ഇന്നത്തെ അവസ്ഥ എനിക്കറിയില്ല..പഴയ 24FRAMES മാഗസിന്‍ മറിച്ചു നോക്കിയപ്പോഴാണ് ഇ വിടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടത്.. നാളെ മാക്ടോസിന്റെ തിരഞ്ഞെടുപ്പാണന്നും അറിഞ്ഞു.. തൊഴിലാളികള്‍ക്കു വേണ്ടി നില്‍ക്കുകയും ആ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ തെരഞ്ഞെടുക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന..

വിലക്കിനു ശേഷം മാക്ടയുടെ ചെയര്‍മാനായിരുന്ന എന്റെ പേരു പോലും ബോര്‍ഡില്‍ നിന്നും മായിച്ചു കളഞ്ഞ പക മൂത്ത ആ സിനിമാ സുഹൃത്തുക്കളോട് എനിക്ക് അന്നും ഇന്നും സഹതാപമേയുള്ളു.. കാരണം അല്പ മനസ്സുകള്‍ ഏതു വിഭാഗത്തിലും ഉണ്ടാകാം. നമ്മുടെ മുന്നോട്ടുള്ള യാത്രയില്‍ ആ ക്ഷുദ്ര മനസ്സുകളെ മറക്കുന്നതാണ് നല്ലത്..

Nikhina