സറോഗസി പോലെയുള്ള വിഷയങ്ങൾ സിനിമകളിലൂടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്’ അദൃശ്യം സംവിധായകൻ

നവാഗത സംവിധായകന്‍ സാക് ഹാരിസിന്റേതായി നാളെ തിയറ്ററുകളിലെത്തുന്നത് രണ്ട് സിനിമകളാണ്. സസ്പെന്‍സ് ഡ്രാമ ത്രില്ലറായ അദൃശ്യവും അതിന്റെ തമിഴ് പതിപ്പായ യുകിയും. സംവിധായകന്‍ ഗൗതം മേനോന്‍ പോലുള്ളവര്‍ ചെയ്യുന്നതുപോലെ മലയാളത്തിലും തമിഴിലും അഭിനയിക്കുന്നത് വേറെ…

നവാഗത സംവിധായകന്‍ സാക് ഹാരിസിന്റേതായി നാളെ തിയറ്ററുകളിലെത്തുന്നത് രണ്ട് സിനിമകളാണ്. സസ്പെന്‍സ് ഡ്രാമ ത്രില്ലറായ അദൃശ്യവും അതിന്റെ തമിഴ് പതിപ്പായ യുകിയും. സംവിധായകന്‍ ഗൗതം മേനോന്‍ പോലുള്ളവര്‍ ചെയ്യുന്നതുപോലെ മലയാളത്തിലും തമിഴിലും അഭിനയിക്കുന്നത് വേറെ താരങ്ങളാണ്. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അദ്ദേഹം പ്രമുഖ ഓണ്‍ലൈനുമായി പങ്കുവെക്കുകയുണ്ടായി. ‘ചിത്രത്തിന്റെ തിരക്കഥ എഴുതുന്ന സമയത്ത് രണ്ടു ഭാഷയില്‍ ചെയ്യണമെന്ന പ്ലാനൊന്നും ഉണ്ടായിരുന്നില്ല.

പക്ഷേ ചര്‍ച്ചകളിലൂടെ കഥ ഡെവലപ്പ് ചെയ്തപ്പോള്‍ രണ്ടു ഭാഷയില്‍ ചെയ്യാന്‍ പറ്റും എന്ന് മനസ്സിലാക്കി. ഞാനൊരു മലയാളി ആയതുകൊണ്ട് തന്നെ എന്തായാലും മലയാളത്തിലും കൂടി ചെയ്യണമെന്നുറപ്പിച്ചു. ഒരു നഗരത്തിന്റെ പശ്ചാത്തലമാണ് ഈ കഥയ്ക്കുള്ളത്. അതായത് ഏതൊരു നഗരത്തിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ചില കാര്യങ്ങളെയാണ് ഞങ്ങള്‍ ഈ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. ഈ കാര്യം പ്രൊഡ്യൂസേഴ്‌സിനെ അറിയിച്ചപ്പോള്‍ അവരും അതിന് സമ്മതം മൂളി. പിന്നീട് രണ്ടു ഭാഷകളിലുമായി കഥാപാത്രങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി തിരക്കഥയുമൊരുക്കി. ചിത്രീകരണവും വിചാരിച്ച സമയത്ത് തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഒരേസമയം റിലീസ് എന്ന ആശയം സാധ്യമായത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സിനിമയിലെ ഒരു പ്ലോട്ടാണ് സറോഗസി. അതിനെ കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തുകയുണ്ടായി. ‘സാഹചര്യവശാല്‍ സറഗസിക്ക് വിധേയമാകുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥയാണ് ഈ ചിത്രത്തിലൂടെ ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. സറോഗസി പോലെയുള്ള വിഷയങ്ങള്‍ സിനിമകളിലൂടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതേ പോലെയുള്ള വിഷയങ്ങള്‍ ഇതിനു മുമ്പും പലതവണ നമ്മള്‍ സിനിമകളിലൂടെ കണ്ടിട്ടുമുണ്ട്. ഉദാഹരണത്തിന് ലാലേട്ടന്റെ ദശരഥം പോലെയുള്ള സിനിമകള്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷനെപ്പറ്റി ആ ചിത്രത്തിലൂടെ പ്രേക്ഷകരോട് പറഞ്ഞപ്പോള്‍ അത് കാലിക പ്രസക്തമായ ഒരു വിഷയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ അത് പോലെ ഒരു കഥ ആലോചിച്ചാല്‍ ആ ചിന്ത തന്നെ ചിലപ്പോള്‍ റിലവന്റ് അല്ല എന്ന് തന്നെ പറയേണ്ടതായി വരും. കാരണം ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന് നിയമത്തിന്റെ പിന്‍ബലമുണ്ട്. സത്യത്തില്‍ ഇന്നിപ്പോള്‍ സറഗസി ചര്‍ച്ചയില്‍ വരുമ്പോള്‍ സന്തോഷമുണ്ട്. മൂന്നുവര്‍ഷം മുമ്പ് പ്ലാന്‍ ചെയ്ത ഒരു കഥയില്‍ പറയുന്ന സറഗസി എന്ന ഒരു വിഷയം, ചിത്രം റിലീസിനൊരുങ്ങുന്ന സമയത്ത് വലിയൊരു ചര്‍ച്ചയാവുമെന്ന് സത്യത്തില്‍ കരുതിയിരുന്നില്ല. അത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും സാക് ഹാരിസ് പറയുന്നു.