‘ബ്രഹ്‌മപുരം ഒരു മനുഷ്യ നിര്‍മിത ദുരന്തമാണ്… കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു’ – ഡോ. ബിജു

ബ്രഹ്‌മപുരം തീപിടുത്തത്തെ കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ ഡോ. ബിജു. ബ്രഹ്‌മപുരം ഒരു മനുഷ്യ നിര്‍മിത ദുരന്തം ആണ് . പതിനൊന്നു ദിവസമായിട്ടും തീ അണയ്ക്കാന്‍ സാധിക്കാതെ ഒരു നഗരം മുഴുവന്‍ വിഷപ്പുക ശ്വസിക്കുക എന്നത്…

ബ്രഹ്‌മപുരം തീപിടുത്തത്തെ കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ ഡോ. ബിജു. ബ്രഹ്‌മപുരം ഒരു മനുഷ്യ നിര്‍മിത ദുരന്തം ആണ് . പതിനൊന്നു ദിവസമായിട്ടും തീ അണയ്ക്കാന്‍ സാധിക്കാതെ ഒരു നഗരം മുഴുവന്‍ വിഷപ്പുക ശ്വസിക്കുക എന്നത് വലിയ ദുരന്തമാണ് . ഇതിനു കാരണം എന്ത് തന്നെയായാലും പുറത്തു വരേണ്ടതുണ്ട് . അഴിമതിയും മിസ് മാനേജ്മെന്റും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കൃത്യമായി അന്വേഷണ വിധേയമാകണം , ശിക്ഷ ഉണ്ടാകണം . രാഷ്ട്രീയമായ ഇടപെടലുകളും രക്ഷപ്പെടുത്തലുകളും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല . അങ്ങനെയുണ്ടായാല്‍ അതായിരിക്കും കേരളത്തിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പേരറിയാത്തവര്‍ സിനിമയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് ഷൂട്ട് ചെയ്യുന്നതിനായി ഒട്ടേറെ സ്ഥലങ്ങള്‍ ലൊക്കേഷന്‍ നോക്കിയിരുന്നു . പേരറിയാത്തവരുടെ സ്‌ക്രിപ്റ്റ് എഴുതുന്ന അവസരത്തില്‍ വിളപ്പില്‍ശാലയിലെ ജനകീയ പ്രതിരോധ സമിതിയിലെ ആളുകളുമായി സംസാരിച്ചിരുന്നു . വിളപ്പില്‍ശാല മാലിന്യ പ്ലാന്റിലുണ്ടായ ജനകീയ സമരം ആണ് സിനിമയില്‍ പ്രതിപാദിക്കുന്ന ഒരു വിഷയത്തിന്റെ അടിസ്ഥാനം . സിനിമയുടെ ചിത്രീകരണത്തിനായി ലൊക്കേഷന് വേണ്ടി ആദ്യം സന്ദര്‍ശിച്ചത് ബ്രഹ്‌മപുരം പ്ലാന്റ് ആയിരുന്നു . അതിനകത്തു മുഴുവന്‍ കയറി ഇറങ്ങി കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു . വലിയ വലിയ മാലിന്യ കൂമ്പാരങ്ങള്‍ ഇങ്ങനെ കൂട്ടി കൂട്ടി ഇടുക എന്ന ‘ശാസ്ത്രീയ ‘ രീതി ആണ് അവിടെ കാണാന്‍ സാധിച്ചത് . മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നതിലുമധികം അതിനു യോജിക്കുക മാലിന്യ ശേഖരണ പ്ലാന്റ് എന്നതായിരുന്നു . അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് ശുചീകരണ തൊഴിലാളികള്‍ പണിയെടുത്തിരുന്നത് .
ആ പരിസരത്തുള്ള മിക്ക വീടുകളും ഒഴിഞ്ഞു പോയി നശിച്ചു തുടങ്ങിയ വീടുകളുടെ അവശിഷ്ടങ്ങള്‍ മാത്രം നിറഞ്ഞ ഒരു പ്രേത നഗരം പോലെയാണ് അതിന്റെ പരിസര പ്രദേശങ്ങള്‍ തോന്നിച്ചത് . ഒന്ന് രണ്ടു വീടുകളില്‍ ആള്‍താമസം കണ്ടപ്പോള്‍ അതിശയം തോന്നി . ഈ ദുര്‍ഗന്ധത്തിലും വീട് ഉപേക്ഷിക്കാതെ ആളുകള്‍ താമസിക്കുന്നു എന്നോ . കൂടുതല്‍ ചോദിച്ചപ്പോഴാണ് അറിഞ്ഞത് എറണാകുളത്തെ ചില മലയാളി ചെറുകിട കോണ്‍ട്രാക്ടര്‍മാര്‍ അവരുടെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ കുറഞ്ഞ വാടകയില്‍ പാര്‍പ്പിക്കാന്‍ വീട് കണ്ടെത്തി നല്‍കിയതാണ് . അവിടെയും ലാഭ കച്ചവടം . തൊഴിലാളി വിരുദ്ധവും മനുഷ്യത്വ ഹീനവുമായ പ്രവര്‍ത്തി .
ബ്രഹ്‌മപുരം പ്ലാന്റിലെ അസഹനീയമായ ദുര്‍ഗന്ധം സഹിച്ചു നാല് ദിവസം ഷൂട്ട് ചെയ്യുവാന്‍ യൂണിറ്റിലെ അംഗങ്ങള്‍ക്ക് സാധിക്കില്ല എന്ന് മനസ്സിലായതിനാല്‍ ബ്രഹ്‌മപുരത്തു ഷൂട്ട് ചെയ്യുന്നതിനുള്ള പ്ലാന്‍ ഒഴിവാക്കുക ആയിരുന്നു . തുടര്‍ന്ന് നാഗര്‍കോവിലില്‍ ഉള്ള ഒരു മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ആണ് പേരറിയാത്തവരിലെ മാലിന്യ സംസ്‌കരണ സ്ഥലം ഷൂട്ട് ചെയ്തത് .
കേരളത്തില്‍ ഫലപ്രദമായി മാലിന്യ സംസ്‌കരണം നടത്തുക എന്നതിന് ഒരു സര്‍ക്കാരും അത്ര വലിയ പ്രാധാന്യം കൊടുത്തിട്ടില്ല എന്നതാണ് സത്യം . ഫലപ്രദമായ മാലിന്യ സംസ്‌കരണത്തിന് ലോകത്തെ പല രാജ്യങ്ങളിലും മികച്ച സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ അവയൊന്നും ഫലപ്രദമായി പഠിക്കാനോ നടപ്പില്‍ വരുത്താനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് ദുഖകരം അല്ല മാറി മാറി വരുന്ന എല്ലാ സര്‍ക്കാരുകളുടെയും കടുത്ത അനാസ്ഥ ആണ് . മാലിന്യം ലോറികളില്‍ ശേഖരിച്ചു പൊതു നിരത്തിലൂടെ ദുര്‍ഗന്ധം വമിപ്പിച്ചു കൊണ്ട് സഞ്ചരിച്ചു എവിടെയെങ്കിലും ഒരിടത്തു കൂന കൂട്ടി ഇടുക എന്നതാണ് പ്രാദേശികമായി ചെയ്യുന്ന ‘മാലിന്യ സംസ്‌കരണം ‘ പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഇതിനൊക്കെ എതിരെ ഘോരഘോരം പ്രതികരിക്കുകയും ഭരണ പക്ഷത്താകുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതെ ഉദ്ഘാടന മാമാങ്കങ്ങള്‍ മാത്രം നടത്തുകയും ചെയ്യുന്ന മന്ത്രിമാര്‍ ഈ വിഷയങ്ങള്‍ അത്ര കാര്യമാക്കാറില്ല എന്നത് സ്ഥിരം കാഴ്ചയായി മാറിയിട്ട് എത്രയോ പതിറ്റാണ്ടുകള്‍ ആയി . അടിസ്ഥാനപരമായ പല വിഷയങ്ങളിലും യാതൊരു വിധ വിഷനോട് കൂടിയുമുള്ള ഇടപെടലുകളും ഉണ്ടാവുന്നില്ല എന്നത് കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാത്ത രാഷ്ട്രീയ ദുരന്തമായി നമുക്ക് മുന്നില്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു .
ബ്രഹ്‌മപുരം പ്ലാന്റ് ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട് . മുമ്പുള്ളതും ഇപ്പോഴുള്ളതും ഇനി വരാനും പോകാനുമുള്ളതുമായ എല്ലാ രാഷ്ട്രീയ ഭരണ നേതാക്കളും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ് .
1. മാലിന്യ സംസ്‌കരണത്തിനായുള്ള ശാസ്ത്രീയമായ രീതി ഓരോ നഗരങ്ങളിലും വികേന്ദ്രീകൃതമായോ കേന്ദ്രീകൃതമായോ നടപ്പാക്കാന്‍ നമുക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടാണ് ?
2. പല ലോകരാജ്യങ്ങളും മാലിന്യ സംസ്‌കരണത്തില്‍ മികച്ച മാതൃകകള്‍ ഉണ്ടെന്നിരിക്കെ അത് പഠിച്ചു കേരളത്തിന് അനുയോജ്യമായത് കണ്ടെത്തി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി എന്താണ് ഉണ്ടാകാത്തത് .?
3. മാലിന്യ സംസ്‌കരണം പഠിക്കാന്‍ എന്ന പേരില്‍ മന്ത്രിമാരും പരിവാരങ്ങളും ഉന്നത ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളില്‍ നടത്തുന്ന സുഖവാസ സന്ദര്‍ശന നാടകങ്ങള്‍ നിര്‍ത്തി ഈ മേഖലയുമായി പരിചയമുള്ള ആളുകളെ ഈ വിഷയങ്ങളില്‍ ഇടപെടലുകളും പഠനങ്ങളും നടത്താന്‍ ഇനി എന്നാണു ഉപയോഗപ്പെടുത്തുക ?
4. നിലവില്‍ കേരളത്തിലെ ശുചീകരണ തൊഴിലാളികള്‍ പണിയെടുക്കുന്നത് വളരെ അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ് . ശുചീകരണ തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ പോലും അപര്യാപ്തമാണ് . മാസ്‌കുകള്‍ , ഗ്ലൗസുകള്‍ , ഷൂസ് തുടങ്ങി ബേസിക് ആയ കാര്യങ്ങള്‍ പോലും ആവശ്യത്തിനുള്ളത്ര എണ്ണം തൊഴിലാളികള്‍ക്ക് ലഭിക്കാത്ത അവസ്ഥ പല മുനിസിപ്പാലിറ്റികളിലും നിലവിലുണ്ട് എന്നതാണ് യാഥാര്‍ഥ്യം . ശുചീകരണ തൊഴിലാളികള്‍ക്ക് ആവശ്യമായത്ര അളവില്‍ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാന്‍ എന്താണ് തടസ്സം ?
5. ശുചീകരണ തൊഴിലാളികള്‍ക്ക് വളരെ തുച്ഛമായ പ്രതിഫലം ആണ് ലഭിക്കുന്നത് . സാമൂഹികമായി താഴെ തട്ടിലുള്ള ആളുകള്‍ ആണ് കൂടുതലായും ശുചീകരണ തൊഴിലാളികള്‍ ആയി പ്രവര്‍ത്തിക്കുന്നത് . മാലിന്യ സംസ്‌കരണം എന്ന ഏറ്റവും പ്രധാനപ്പെട്ട ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം നല്‍കുക എന്നത് എന്തുകൊണ്ടാണ് ഇതുവരെയും പരിഗണിക്കാതെ പോകുന്നത് .
6. അടിസ്ഥാനപരമായ എല്ലാ തൊഴിലുകളും ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളോട് പൊതു മലയാളി സമൂഹം പുലര്‍ത്തുന്ന അവഗണനയും സാമൂഹികമായ ഒരു പുച്ഛവും ഉണ്ട് . ഇത് മാറ്റാന്‍ എന്ത് സാമൂഹിക അവബോധമാണ് നടത്താന്‍ സാധിക്കുക ?
7. ബ്രഹ്‌മപുരം പതിനൊന്നു ദിവസമായി കത്തുകയാണ് . ഏതൊക്കെ വിഷ വാതകങ്ങള്‍ ആണ് പ്രദേശ വാസികള്‍ ശ്വസിക്കുന്നത് എന്നത് പോലും ആര്‍ക്കും അറിയില്ല . തീയും പുകയും അണയ്ക്കാന്‍ ഇത്ര നാളായി ഫലപ്രദമായ ഒരു ഇടപെടലും നടന്നിട്ടില്ല . മാസ്‌ക് ധരിക്കൂ , പുറത്തിറങ്ങാതിരിക്കൂ , ജനലും വാതിലും തുറക്കല്ലേ എന്നൊക്കെ പോസ്റ്റര്‍ ഇറക്കല്‍ അല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത് എന്ന് ആര്‍ക്കും ഒരു അടിസ്ഥാന ധാരണ ഇല്ല . ഇത്തരം അടിയന്തിര ദുരന്ത സാഹചര്യങ്ങള്‍ നേരിടാന്‍ കേരളം ഒട്ടും സ്വയം പര്യാപ്തമല്ല എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും മനസ്സിലാക്കി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ കെട്ടുകാഴ്ചകളും അവകാശ വാദങ്ങളും ഉപേക്ഷിച്ചു കൃത്യമായ ഫലപ്രദമായ സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ റിയലിസ്റ്റിക് ആയി ഇനി എന്നാണു നമ്മള്‍ മുന്നിട്ടിറങ്ങുക …
8. ബ്രഹ്‌മപുരത്തെ തീ അണയ്ക്കാനായി നിരവധി ശുചീകരണ തൊഴിലാളികളും , ഫയര്‍ ഫോഴ്സും , മറ്റു നിരവധി വകുപ്പിലെ ആളുകളും രാപകല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട് .വലിയ അനാരോഗ്യകരമായ ചുറ്റുപാടില്‍ ആണ് അവര്‍ പ്രവര്‍ത്തിക്കുന്നത് . ഇവര്‍ക്ക് ആവശ്യമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കണം , ഇല്ലെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യം നമ്മള്‍ ഉറപ്പ് വരുത്തണം . വിഷ പുകയില്‍ നിന്നും ഒരു ജനതയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടത്തില്‍ പെടുത്തി അനേക ദിവസങ്ങളായി പണി എടുക്കുന്ന ഓരോ തൊഴിലാളിയെയും അംഗീകരിക്കപ്പെടണം. അവരുടെ ആരോഗ്യ സുരക്ഷയില്‍ കൃത്യമായ മോണിറ്ററിങ്ങും ആവശ്യമെങ്കില്‍ ഭാവിയില്‍ വേണ്ടി വരുന്ന ചികിത്സകളും സര്‍ക്കാര്‍ ഉറപ്പു വരുത്തണം . വിദഗ്ധ ചികിത്സ മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രം ഉറപ്പ് വരുത്തിയാല്‍ പോരാ . ഇത്തരം ദുരന്ത മുഖത്ത് സ്വന്തം സുരക്ഷ പോലും വക വെയ്ക്കാതെ ജോലിയെടുക്കുന്ന എല്ലാ മനുഷ്യന്മാരുടെയും ആരോഗ്യ പരിരക്ഷയും വിദഗ്ധ ചികിത്സയും സ്റ്റേറ്റിന്റെ ഉത്തരവാദിത്വം ആയിരിക്കണം .
9. ബ്രഹ്‌മപുരം ഒരു മനുഷ്യ നിര്‍മിത ദുരന്തം ആണ് . പതിനൊന്നു ദിവസമായിട്ടും തീ അണയ്ക്കാന്‍ സാധിക്കാതെ ഒരു നഗരം മുഴുവന്‍ വിഷപ്പുക ശ്വസിക്കുക എന്നത് വലിയ ദുരന്തമാണ് . ഇതിനു കാരണം എന്ത് തന്നെയായാലും പുറത്തു വരേണ്ടതുണ്ട് . അഴിമതിയും മിസ് മാനേജ്മെന്റും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കൃത്യമായി അന്വേഷണ വിധേയമാകണം , ശിക്ഷ ഉണ്ടാകണം . രാഷ്ട്രീയമായ ഇടപെടലുകളും രക്ഷപ്പെടുത്തലുകളും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല . അങ്ങനെയുണ്ടായാല്‍ അതായിരിക്കും കേരളത്തിലെ ഏറ്റവും വലിയ ദുരന്തം ..